പൂവുകളെ സ്നേഹിച്ച പൂക്കളങ്ങളേ...
text_fieldsകാറ്റ് എത്തുന്നത് എവിടെനിന്നാണ്, അറിയാമോ? ഓർമകൾ മനസ്സിലേക്ക് എത്തുന്നത് എപ്പോഴാണ്? ഇതിനുള്ള ഉത്തരമാണ് നമ്മുടെ ജീവിതത്തിൽ മാറ്റം സംഭവിക്കുമ്പോൾ അല്ലെങ്കിൽ പലതും നമ്മളെവിട്ട് അകലുമ്പോൾ, തനിച്ചാകുമ്പോൾ. തിരികെ മടങ്ങുന്ന മനസ്സിന്റെ ചിന്തകളായ ഓർമകൾ. ആ ഓർമകളിലേക്ക് ഒരു കുഞ്ഞുകാറ്റിന്റെ കുളിരുമായി എത്തുന്നവരാണ് മറവി എടുക്കാത്തവർ. അവർക്ക് ചിലപ്പോൾ ഒപ്പമുള്ളവരെന്നോ, കൂടെ നടന്നവരെന്നോ എന്നൊക്കെ വിളിക്കാം. പേരിലല്ല അറിഞ്ഞ സ്നേഹബന്ധത്തിന് മുറിച്ചുമാറ്റാൻ കഴിയാത്ത അത്ര ശക്തിയുണ്ട്. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ അങ്ങനെ കാലം കഥപറഞ്ഞുപോകുന്ന മനുഷ്യജന്മമാണ് നമ്മൾ.
വീണ്ടും പൂക്കാലമെത്തി, ഒരിക്കൽക്കൂടെ ഒരു വലിയ ഉത്സവത്തിന് തുടക്കം കുറിക്കുകയാണ് പൊന്നിൻ ചിങ്ങമാസത്തിന്റെ പൂത്തുമ്പികൾ പാട്ടുപാടി എത്തുന്ന ഓണക്കാലം. ഓർമകളുടെ പൂക്കാലം. മഴ പെയ്യുന്ന മനസ്സിൽ ആടി ഉലയുന്നു പറയുവാൻ ഏറെ വെമ്പുന്ന ഓണക്കാലം. അടുത്തുള്ള പൂക്കൾ മാത്രമല്ല കണ്ണിന് എത്ര ദൂരം വരെ സഞ്ചരിക്കാമോ അത്രയും ദൂരം വരെ പോയി കൊണ്ടുവരുന്ന പൂക്കൾ ഏറെ ശ്രദ്ധയോടെ ഒരുക്കിവെച്ചിട്ട് അവസാനം മാറിനിന്ന് കാണുമ്പോൾ അവിടെ കിട്ടുന്ന സന്തോഷവും മറ്റുള്ളവർ തരുന്ന സ്നേഹവാക്കുകളുമാണ് അത്തപ്പൂക്കളത്തിന്റെ വിജയം. എത്ര വീടുകൾ കയറി, റോഡിന്റെ കോണിൽക്കൂടെ ഏറെ ദൂരം സഞ്ചരിക്കുക എന്ന് പറയുമ്പോൾ കൂട്ടുകാർക്കൊപ്പം പൂവിനുവേണ്ടി ഓടുകയാണ്. ഈ ഓണം സങ്കടത്തിന്റെ ഓണമാണ്. ഒരുപാട് വിഭവങ്ങൾ ഇല്ലെങ്കിലും ഉള്ളതിനെ ഇലയിൽ തന്നെ വിളമ്പിത്തരുന്ന അമ്മയുടെ ഓർമകളാണ് മനസ്സ് മുഴുവൻ. വേഷങ്ങൾ മാറുന്നതുപോലെ കാലമങ്ങുപോയി. ഇനിയുള്ളത് വിരലിലെണ്ണി പറയുവാൻ മാത്രം ബാക്കിയുള്ളത്. പത്ത് ദിവസത്തെ അവധി എത്തുന്നു എന്ന് പറയുന്നതിനു മുമ്പേ കടക്കാർ കൊതിപ്പിക്കാൻ കുറേ പ്ലാസ്റ്റിക് പന്തുകൾ കടക്ക് മുന്നിൽ കെട്ടിത്തൂക്കും. സ്കൂളിലേക്ക് പോകുന്ന വഴിയാണ് ഈ കാഴ്ച. പോകുമ്പോഴും വരുമ്പോഴും ഏറെ നേരം നോക്കിനിൽക്കും.
നിറങ്ങൾ, അതിലെ വരകൾ പിന്നെ ഒന്ന് തൊട്ടുനോക്കിയാലോ എന്നുള്ള ചിന്ത പതുക്കെ കടയുടെ അടുക്കലേക്ക് എത്തിക്കുമ്പോൾ കടക്കാരൻ ഓടിക്കുന്ന ചിത്രം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. വീട്ടിൽ എത്തിക്കഴിഞ്ഞാലോ അവിടെ പലതും പറയാൻ ഭയമാണ്. എങ്കിലും അവധി എത്തിയാൽ രണ്ടുപേർക്കുംകൂടെ ഒരു പന്ത് എത്തും. പിന്നെ അന്ന് കണ്ടതായ പന്തോന്നും അല്ലെങ്കിലും കിട്ടിയതുമായി ഞങ്ങൾ കൂട്ടുകാർക്കൊപ്പം ഇറങ്ങുന്ന ഓണക്കാലം.
ഇടക്കിടെ എത്തുന്ന മഴ, ആ മഴയെ മുറിച്ചെത്തുന്ന സൂര്യകിരണങ്ങൾ വീണ്ടും ഓടാൻ കാത്തുനിൽക്കുന്ന ബാല്യകാലത്ത് മുറ്റത്തെ ചെടിയിൽനിന്നും മണ്ണിലേക്ക് പതിക്കാൻ വെമ്പുന്ന മഴത്തുള്ളിക്ക് പ്രത്യേക സൗന്ദര്യമായിരുന്നു. കൂടെ നിൽക്കുന്നവനെ വിളിച്ചുകൊണ്ടുവന്ന് മുറ്റത്തുനിൽക്കുന്ന പേര പിടിച്ച് കുലുക്കിയിട്ട് കൂടെ നിൽക്കുന്നവന്റെ ദേഹത്തേക്ക് വെള്ളം വീഴുമ്പോൾ ഓടി മാറിനിന്ന് ചിരിക്കുന്ന ബാല്യകാലം. മുറ്റത്തെ കളിയും ചിരിയും കഴിഞ്ഞ് റോഡിലേക്ക്, പിന്നെ അവിടെനിന്ന് ഒഴുകിവരുന്ന കൊച്ചു പുഴയിലേക്കുള്ള ചാട്ടത്തിന് അധികനേരം ഒന്നും എടുക്കത്തില്ല. പാറയിൽ തട്ടി, ഇലകളിൽ മുട്ടി, മുങ്ങാംകുഴിയിട്ട് എത്തുന്ന പുഴ, കൂട്ടുകാർ ചേർന്ന് ചിറകെട്ടി വെള്ളത്തിന്റെ ഒഴുക്ക് കുറച്ച് അതിൽ ചാടിമറിഞ്ഞ് ആഘോഷിക്കുന്ന ഓണക്കാലം അതിമനോഹരമാണ്.
കുട്ടിക്കാലത്ത് അച്ഛനോടൊപ്പം തിരക്കുള്ള പണികഴിഞ്ഞ് ഓണത്തിന്റെ അവധി സമയം ഒപ്പമുള്ള കൂട്ടുകാരുടെ സംഘത്തിലേക്ക് എത്താൻ വേഗം വീട്ടിലെത്താനുള്ള തിരക്കിൽ ഞങ്ങൾ നടന്നുവരുമ്പോൾ വഴിയിൽ ഒരു വലിയ ഓണക്കാഴ്ച, അത് മറ്റൊന്നുമല്ല അതിഗംഭീരമായ പുലിക്കളി നടക്കുന്നു. ആ നാട് മുഴുവൻ അവിടെയുണ്ട്. ആർപ്പു വിളികളും കൈകൊട്ടിയുള്ള ബഹളവും. ഇടക്കിടെ പൊട്ടുന്ന വെടിക്കെട്ടും, ചെണ്ടയുടെ ശബ്ദത്തിനൊപ്പം നടക്കുന്ന പുലികളും, പുലിയെ പിടിക്കാൻ പിന്നാലെ എത്തുന്ന മനുഷ്യനും അവരുടെ വേഷവും പുലിക്ക് പിന്നാലെ കൂടുന്ന കൊച്ചുകുട്ടികളെ പേടിപ്പിക്കുന്ന മുഖഭാവങ്ങളും കാണാൻ നല്ല ചന്തമായിരുന്നു. താളമേളത്തിനൊപ്പം തകർത്ത് അഭിനയിക്കുന്ന കലാകാരന്മാർ. അന്നത്തെ ദിവസം അവിടെ പോയെങ്കിലും കണ്ടതിനെക്കാൾ മനോഹരമായി അത് കൂട്ടുകാരോട് വിവരിച്ച് പറയാൻ കഴിഞ്ഞു.
ഏറക്കുറെ ഓർമകൾ അക്ഷരങ്ങളായി, നാടും നാട്ടുകാരും പല കഥയിലും കഥാപാത്രങ്ങളായി മാറി. ഇന്ന് സ്നേഹത്തിന്റെ ചിറകുകൾ കടലാസായി പിറന്ന് ചിങ്ങത്തോണിയിലേറി. രുചിയും മണവുമുള്ള പഴയകാലം മനസ്സിൽ വലിയൊരു ഊഞ്ഞാലു കെട്ടി. അത് പലവർണപ്പൂക്കൾ പൂത്തുനിൽക്കുന്ന പൂത്തുമ്പിയെ സ്വീകരിക്കാൻ. ഓലക്കുട ചൂടിയെത്തും ഓണത്തപ്പനെ വരവേൽക്കാൻ എല്ലാവരും ഒരുങ്ങി. വെള്ളം നിറഞ്ഞ പുഴകൾ വഞ്ചിപ്പാട്ടുമായി കാത്തുനിൽക്കുന്നു വള്ളംകളി നടക്കാൻ. പരിപ്പും പപ്പടവും പച്ചടിയും അവിയലും കാളനും തോരനും ഉപ്പേരിയും അച്ചാറും പിന്നെ നെല്ലരി ചോറും പായസവും എല്ലാം ചേർന്നപ്പോൾ ഒരു വലിയ വാഴയിലയിൽ ഓണസദ്യ എന്ന നാമം സ്വീകരിച്ച് മുന്നിലേക്ക്. തിരുവോണദിവസം വീട്ടിലെ ഓണസദ്യയും കഴിച്ച് ഏമ്പക്കവും വിട്ട് വീടിന് വെളിയിൽ ഇരിക്കുമ്പോൾ തൊട്ടടുത്ത വീട്ടിൽ ഓണസദ്യ കഴിക്കാൻ വിളിക്കും, അവിടെയും പോയി കഴിക്കും, പിന്നെ കുറെ കഥപറഞ്ഞിരിക്കും. ഇനി പോകാൻ സ്ഥലമില്ല എന്ന് പറഞ്ഞ് പായസം മാത്രം കഴിച്ച് മറ്റു വീട്ടിൽനിന്ന് ഉണ്ണിക്കുടവയറുമായി സ്വന്തം വീട്ടിലേക്ക് ചെല്ലുന്ന നമ്മളെ അന്ന് പിന്നിൽനിന്ന് തള്ളിക്കയറ്റിയത് മാവേലിയായിരുന്നോ എന്ന് ഇന്ന് വെറുതെ ഓർത്തുപോയി. പൂവുകളെ, നിങ്ങൾ സമ്മാനിച്ച ബാല്യകാലത്തിന്റെ എഴുതിയാൽ തീരാത്ത ഓർമകൾ ഇനിയും മനസ്സിൽ ബാക്കിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

