വിമാന സർവീസുകൾ മുടങ്ങിത്തന്നെ; യാത്രാദുരിതം അഞ്ചാം ദിവസത്തിലേക്ക്
text_fieldsവിമാനത്താവളം
മനാമ: മേഖലയിലെ അസ്ഥിരമായ സാഹചര്യത്തെത്തുടർന്ന് ബഹ്‌റൈനിൽ നിന്നുള്ള വിമാന സർവീസുകൾ തുടർച്ചയായ അഞ്ചാം ദിവസവും തടസ്സപ്പെട്ട നിലയിൽ തുടരുന്നു. ഫെബ്രുവരി 28ന് യു.എസ് നേവിയുടെ അഞ്ചാം പടക്കപ്പലിന് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ അടച്ച ബഹ്‌റൈൻ വ്യോമപാത ഇതുവരെ തുറന്നിട്ടില്ല.
സുരക്ഷ അനുമതി ലഭിക്കുന്നത് വരെ സർവീസുകൾ നിർത്തിവെച്ചതായി ബഹ്‌റൈന്‍റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും അറിയിച്ചിരുന്നു. യാത്രക്കാർ ലേറ്റസ്റ്റ് അപ്‌ഡേറ്റുകൾക്കായി വെബ്‌സൈറ്റോ മൊബൈൽ ആപ്പോ പരിശോധിക്കണം.
എയർപോർട്ടിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ ഉടൻ സർവീസുകൾ പുനരാരംഭിക്കുമെന്നും അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിന്‍റെ പ്രവർത്തനം എത്രയും വേഗം പുനരാരംഭിക്കാനുള്ള സമഗ്രമായ പദ്ധതി വേണമെന്ന് മുഹറഖ് മുൻസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ ആവശ്യപ്പെട്ടിരുന്നു.
നാവിഗേഷൻ സിസ്റ്റങ്ങളും റൺവേകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ എമർജൻസി ടീമുകളും ബഹ്‌റൈൻ എയർപോർട്ട് കമ്പനിയും പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനുമായി ചേർന്ന് ബദൽ വിമാന റൂട്ടുകളെക്കുറിച്ചും ചർച്ചകൾ നടക്കുന്നുണ്ട്.
വിമാന സർവീസുകൾ തടസ്സപ്പെട്ടെങ്കിലും സൗദി അറേബ്യയെ ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ്‌വേ വഴിയുള്ള യാത്രകൾ തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുന്നുണ്ട്. വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയ ശേഷം ഉടൻ തന്നെ വിമാനങ്ങൾ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് വിവിധ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ബഹ്‌റൈനിലേക്ക് യാത്ര ചെയ്യരുതെന്ന് ബ്രിട്ടനും അടിയന്തര വിഭാഗത്തിലില്ലാത്ത സർക്കാർ ജീവനക്കാരോടും അവരുടെ കുടുംബത്തോടും രാജ്യം വിടാൻ യു.എസും നിർദേശിച്ചിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഫിലിപ്പീൻസിലെയും തായ്‌ലൻഡിലെയും പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളും അതത് രാജ്യങ്ങൾ ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

