ബഹറൈനില് നിന്നും ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ നിലച്ചു
text_fieldsമനാമ: കോവിഡ് -19 രോഗബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾ പൂർണമായി നിലച്ചു. കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ യാത്രവിലക്ക് ഞായറാഴ്ച പുലർച്ച മുതലാണ് നിലവിൽവന്നത്. 29ന് പുലർച്ചവരെ യാത്ര വിലക്ക് നിലവിലുണ്ടാകും. നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത നിരവധി പ്രവാസികൾക്ക് ഇതുമൂലം യാത്ര മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ട അവസ്ഥയിലായി. കഴിഞ്ഞ ദിവസം ബഹ്റൈനിൽ മരിച്ച വിദ്യാർഥിനിയുടെ മൃതദേഹവും ഇതുമൂലം നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ല.
എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് ഒന്നുമുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റുകൾ 2021 മാർച്ചു വരെ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ഒരുതവണ അവസരം നൽകിയിട്ടുണ്ട്. ഇതിന് പെനാൽറ്റി ഇൗടാക്കില്ല. നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് നൽകണം. എയർ ഇന്ത്യയിൽ മേയ് 31 വരെയുള്ള യാത്രകൾക്ക് എത്ര തവണ വേണമെങ്കിലും സൗജന്യമായി ദിവസം മാറ്റാം. ജൂൺ ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള യാത്രകൾക്ക് ഒരു തവണ സൗജന്യമായി ദിവസം മാറ്റാം. മേയ് 31 വരെ എടുക്കുന്ന ടിക്കറ്റുകൾക്കാണ് ഇത് ബാധകം. നിരക്കിൽ വ്യത്യാസമുണ്ടെങ്കിൽ അത് നൽകണം. ഏതു ദിവസത്തേക്കാണോ മാറ്റുന്നത് ആ ദിവസത്തെ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് ടിക്കറ്റ് മാറ്റിയെടുത്താലാണ് സൗജന്യ നിരക്കിൽ ലഭിക്കുക. 48 മണിക്കൂറിനുള്ളിലാണ് ടിക്കറ്റ് മാറ്റിയെടുക്കുന്നതെങ്കിൽ പെനാൽറ്റി ഇൗടാക്കും.
മാർച്ച് 12ന് ശേഷമുള്ള ബുക്കിങ്ങുകൾ ഏജൻറുമാർ മുഖേന മാറ്റിയെടുക്കാം. മറ്റു ബുക്കിങ്ങുകൾ സിറ്റി ഒാഫിസിൽനിന്ന് മാറ്റിയെടുക്കണം. അതേസമയം, ടിക്കറ്റുകൾ റദ്ദാക്കിയാൽ കാൻസലേഷൻ ചാർജ് ഇൗടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഏഴു ദിവസം മുമ്പാണ് റദ്ദാക്കുന്നതെങ്കിൽ 16 ദിനാറും ഏഴു ദിവസം മുതൽ 72 മണിക്കൂറിനകമാണ് റദ്ദാക്കുന്നതെങ്കിൽ 20 ദിനാറുമാണ് നൽകേണ്ടത്.
കാൻസലേഷൻ ചാർജ് ഒഴിവാക്കാത്ത നടപടിക്കെതിരെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുടുംബമായി ബുക്ക് ചെയ്തവർ ടിക്കറ്റ് റദ്ദാക്കാൻ വൻ തുകയാണ് നൽകേണ്ടി വരുന്നത്. 22ന് കോഴിക്കോട് നിന്ന് ബഹ്റൈനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത കുടുംബം യാത്രാ വിലക്ക് പ്രഖ്യാപനം വന്നപ്പോൾ വേറൊരു ദിവസത്തേക്ക് ടിക്കറ്റ് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ടിക്കറ്റ് റദ്ദാക്കി മറ്റൊരു ദിവസത്തെ ടിക്കറ്റ് എടുക്കുകയായിരുന്നു. ഇതിന് 59 ദിനാറാണ് അധികമായി ചെലവഴിക്കേണ്ടി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
