ഫ്ലെക്സിബിൾ വർക് പെർമിറ്റ് ഉടൻ
text_fieldsമനാമ: ലേബർ മാർക്കറ്റ് റെഗുലേറ്റി അതോറിറ്റി (എൽ.എം.ആർ.എ) പ്രവാസി തൊഴിലാളികൾക്കായി രണ്ടുതരം ഫ്ലെക്സിബിൾ വർക് പെർമിറ്റ് അനുവദിച്ചുതുടങ്ങുമെന്ന് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഉസാമ ബിൻ അബ്ദുല്ല അൽ അബ്സി വ്യക്തമാക്കി.ഇന്ത്യൻ അംബാസഡർ അലോക് കുമാർ സിൻഹയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിമാസം 2000 ഫ്ലക്സി വർക് പെർമിറ്റുകളും ഹോസ്പിറ്റാലിറ്റി വർക് പെർമിറ്റുകളുമാണ് അനുവദിക്കുകയെന്ന് ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി അധ്യക്ഷൻ കൂടിയായ അൽ അബ്സി വ്യക്തമാക്കി. രണ്ടുവർഷത്തേക്കാണ് ഇത് അനുവദിക്കുക.റെസ്റ്റോറൻറുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന പ്രത്യേക മെഡിക്കൽ ടെസ്റ്റിന് വിധേയരാകേണ്ടവർക്കാണ് ഹോസ്പിറ്റാലിറ്റി ഫ്ലെക്സി വർക് പെർമിറ്റ് അനുവദിക്കുക. ഫ്ലെക്സി പദ്ധതിക്കുള്ളിൽ വരുന്നവർക്ക് പ്രത്യേക കാർഡ് അനുവദിക്കും. ഇതിൽ തൊഴിലാളിയുടെ ഫോേട്ടാ,ഏത് തരം പെർമിറ്റ്, അതിെൻറ കാലാവധി തുടങ്ങിയ കാര്യങ്ങളുണ്ടാകും.
പ്രവാസി തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ആവുന്നതെല്ലാം ചെയ്യുമെന്ന് അൽ അബ്സി വ്യക്തമാക്കി.തൊഴിലന്തരീക്ഷം മെച്ചപ്പെടുത്താനായി നിരവധി നടപടികൾ പോയ കാലങ്ങളിൽ സ്വീകരിച്ചിട്ടുണ്ട്. പ്രവാസികളെ ചൂഷണത്തിൽ നിന്നും മനുഷ്യക്കടത്തിൽ നിന്നും സംരക്ഷിക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യൻ എംബസിയുടെ സഹകരണം ഉസാമ അഭ്യർഥിച്ചു. പ്രവാസി ക്ഷേമത്തിനായി ബഹ്റൈൻ സ്വീകരിച്ചുവരുന്ന നടപടികൾ ആശാവഹമാണെന്ന് അംബാസഡർ പറഞ്ഞു. ബഹ്റൈനിൽ ഇന്ത്യൻ പ്രവാസികൾ എല്ലാ അവകാശങ്ങളും അനുഭവിക്കുന്നവരാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എൽ.എം.ആർ.എയും ഇതര സർക്കാർ സംവിധാനങ്ങളുമായി എംബസി പൂർണമായി സഹകരിക്കും. ഫ്ലെക്സി വർക് പെർമിറ്റ് വരുന്ന സാഹചര്യത്തിൽ എല്ലാ അനധികൃത ഇന്ത്യൻ തൊഴിലാളികളും ഇതിെൻറ ആനുകൂല്യം ഉപയോഗപ്പെടുത്തി നിയമപരമായി ബഹ്റൈനിൽ തങ്ങാൻ തയാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും പുതിയ കണക്കനുസരിച്ച്, ബഹ്റൈനിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. 313,000 ഇന്ത്യക്കാരാണ് ഇവിടെയുള്ളത്. ഇതിൽ 219,000 പേർ തൊഴിലാളികളാണ്. 66,000 പേർ വീട്ടുജോലിക്കാരും 2500പേർ നിക്ഷേപകരും 63,000 പേർ ആശ്രിത വിസയിലുള്ളവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
