ആഘോഷങ്ങൾക്ക് ഇന്ന് കൊടിയേറ്റം
text_fieldsആസാദി കാ അമൃത് മഹോത്സവ് ഐ.സി.സി മെഗാ കാർണിവൽ പരിപാടി പ്രസിഡന്റ് പി.എൻ. ബാബുരാജൻ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദോഹ: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റർ സംഘടിപ്പിക്കുന്ന മെഗാ കള്‍ചറല്‍ കാര്‍ണിവലിന് തിങ്കളാഴ്ച തുടക്കമാകും. ആഗസ്റ്റ് ഒന്നു മുതൽ 19വരെ നടക്കുന്ന മെഗാ കാർണിവലിൽ ഖത്തറിലെ വിവിധ ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളും കൂട്ടായ്മകളും സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുമെന്ന് ഐ.സി.സി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ട് ഏഴരക്ക് ഐ.സി.സി അശോകാ ഹാളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളുടെ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും. ആഘോഷങ്ങളുടെ സമാപന ദിവസമായ അഗസ്റ്റ് 19വരെയുള്ള ദിവസങ്ങളില്‍ ഖത്തറിലെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്ത സാംസ്കാരിക പരിപാടികളാണ് ഇന്ത്യൻ സമൂഹത്തിനായി ഒരുക്കിയിട്ടുള്ളത്.
ഐ.സി.സിക്കു കീഴിലുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിവിധ സംഘടനകളും സാമൂഹിക- സാംസ്കാരിക വിഭാഗങ്ങളും ഇന്ത്യന്‍ സ്കൂൾ വിദ്യാർഥികളും അവിദഗ്ധ തൊഴിലാളികളും ഇന്ത്യൻ പാരമ്പര്യത്തിന്റെ കലാവിരുന്നിന്റെ ഭാഗമാകും. ആഗസ്റ്റ് അഞ്ചിന് പോസ്റ്റർ മേക്കിങ്, ഉപന്യാസ മത്സരം, കവിതാ രചന, പോസ്റ്റ് കാർഡ് നിർമാണം, രംഗോലി എന്നീ ഇനങ്ങളിൽ മത്സരവും സംഘടിപ്പിക്കും. ആഗസ്ത് 19ന് ഇന്ത്യയില്‍നിന്നുള്ള പ്രശസ്ത ഖവാലി ഗായകന് ഡാനിഷ് ഹുസൈന് ബദയുനിയുടെ ഖവാലി ആഘോഷപരിപാടിയുടെ സമാപനത്തെ സംഗീതസാന്ദ്രമാക്കും.
ഓരോ ദിവസത്തേയും ആഘോഷ പരിപാടികള്‍ ഡിജിറ്റല്‍ മീഡിയ, പത്രമാധ്യമങ്ങള്‍, റേഡിയോ, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെ ജനങ്ങളിലേക്കെത്തിക്കും. ഐ.സി.സി അശോക ഹാളിൽ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ഐ.സി.സി പ്രസിഡന്റ് പി.എന്‍. ബാബുരാജന്, സംഘാടക സമിതി ചെയര്മാന് എ.പി. മണികണ്ഠന്, കോഓഡിനേറ്റർ സുമ മഹേഷ് എന്നിവര്‍ പങ്കെടുത്തു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
പരിപാടിയുടെ വിശദാംശങ്ങൾ
ആഗസ്റ്റ് ഒന്ന് (ഐ.സി.സി സെലക്ട് ഗ്രൂപ്)
രണ്ട് (ഐ.സി.സി യൂത്ത് വിങ് ഇവന്റ്)
മൂന്ന് (ലൈവ് ഓർകസ്ട്ര)
നാല് (കർണാടക സംഘ ഖത്തർ മ്യൂസിക്കൽ നൈറ്റ്)
അഞ്ച് (ആർട്ട്, പോസ്റ്റർ മേക്കിങ് ഉൾപ്പെടെ മത്സരങ്ങൾ,
ഇൻകാസ് കൾച്ചറൽ ഷോ)
ആറ് (ക്യൂ.ടി.എ. കൾച്ചറൽ ഷോ)
ഏഴ് (വിദ്യ കൾച്ചറൽ ഷോ)
എട്ട് (ബി.പി.ക്യു കൾചറൽ ഷോ)
ഒമ്പത് (സമന്വയ കൾചറൽ ഷോ)
10 (തെലുങ്ക് ടീം കൾചറൽ ഷോ)
11 (ഗുജറാത്ത് സമാജ് കൾചറൽ ഷോ)
12 (തൊഴിലാളികളുടെ കരോക്കെ ഗാനമേളയും
സാംസ്കാരിക നൃത്തങ്ങളും- ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം)
13 (കെ.എം.സി.സി കൾചറൽ ഷോ)
14 (ഐ.സി.സി ക്വിസ് പ്രോഗ്രാം)
15 (ദേശീയ പതാക ഉയർത്തൽ, സാംസ്കാരിക പരിപാടികൾ)
17 (അൽ ഖോർ അൽ വഹ ക്ലബ് കൾചറൽ പ്രോഗ്രാം-
അൽ ഖോർ കമ്യൂണിറ്റി അൽ വഹ ബാൾറൂം)
18 (ഓപൺ സ്ലോട്ട് -ഐഡിയൽ ഇന്ത്യൻ സ്കൂൾ)
19 (ഗ്രാൻഡ് ഫിനാലെ, മാജിക് ഷോ, കാർണിവൽ, ലൈവ്
മ്യൂസിക്, ഫേസ് പെയിന്റിങ്, ഫ്രീഡംഫൈറ്റേഴ്സ് ഷോകേസിങ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

