ഭക്ഷണ പരിശോധന: മൂന്നുവർഷത്തിൽ ഭക്ഷ്യ ലംഘനത്തിൽ അഞ്ചിരട്ടി വർധന
text_fieldsആരോഗ്യ മന്ത്രി ഫയീഖ അൽ സലേഹ്
മനാമ: ഭക്ഷണ, റസ്റ്റാറന്റ് ആരോഗ്യ ലംഘനങ്ങൾ കഴിഞ്ഞ മൂന്നു വർഷത്തിനിടെ അഞ്ചിരട്ടിയായി ഉയർന്നതായി ആരോഗ്യ മന്ത്രി ഫയീഖ അൽ സലേഹ് പറഞ്ഞു. 2019ൽ 37ഉം 2020ൽ 62ഉം കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ വർഷം ആകെ 184 കേസുകളാണ് രജിസ്റ്റർ ചെയ്തത്. പാർലമെന്റ് സ്പീക്കർ ഫൗസിയ സൈനലിന്റെ ഭക്ഷണ പരിശോധനയെക്കുറിച്ചുള്ള ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയത്. "കഴിഞ്ഞ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ മൊത്തം 18,300 പരിശോധനകൾ നടത്തുകയും 184 നിയമലംഘനം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്താതായും മന്ത്രി പറഞ്ഞു. 2020ൽ 17,273 പരിശോധനകളിൽ 62 നിയമലംഘനം കണ്ടെത്തി. 2020ന്റെ തുടക്കത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതൽ, ഗുരുതര ലംഘനങ്ങളിൽ ഭൂരിഭാഗവും കോവിഡ് -19 നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനങ്ങളായിരുന്നു. ശുചിത്വ മാർഗനിർദേശങ്ങൾ അവഗണിക്കുക, ലൈസൻസില്ലാതെ പ്രവർത്തിക്കുക, പരിസരത്ത് പ്രാണികൾ, എലികൾ എന്നിവയുടെ സാന്നിധ്യം എന്നിവയെല്ലാമാണ് പരിശോധനയിൽ കണ്ടെത്തിയത്. 2020ൽ, സ്വദേശി-വിദേശികളിൽനിന്നായി 1,373 പരാതികൾ ലഭിച്ചതായും മന്ത്രി പറഞ്ഞു.
അതേസമയം, മന്ത്രാലയത്തിനു കീഴിലെ ജീവനക്കാരുടെ എണ്ണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, 6,119 പേർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും ആരോഗ്യ കേന്ദ്രങ്ങളിലെയും ജീവനക്കാർ, ദന്തഡോക്ടർമാർ, നഴ്സുമാർ, സേവന ഉദ്യോഗസ്ഥർ എന്നിവരും ഉൾപ്പെടുന്നു. ഇവരിൽ 1,504 പേർ പ്രവാസികളും ബാക്കിയുള്ളവർ സ്വദേശികളുമാണ്. നഴ്സിങ് വിഭാഗങ്ങളിൽ 1,138 ജീവനക്കാർ പ്രവാസികളും 1,807 സ്വദേശികളുമാണ്. സീനിയർ, ജൂനിയർ റസിഡന്റ് ഡോക്ടർമാർ, സീനിയർ, ജൂനിയർ ദന്തഡോക്ടർമാർ, സൈക്യാട്രിസ്റ്റുകൾ, പോഷകാഹാര, അണുബാധ വിദഗ്ധർ എന്നിവരുൾപ്പെടെ 11 വിഭാഗങ്ങളിലായി 100 ശതമാനം സ്വകാര്യവത്കരിച്ചിട്ടുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

