ഫിറ്റ്നസ് സെന്റർ ശമ്പള കുടിശ്ശിക നൽകിയില്ല; ട്രെയ്നർക്ക് 2,000 ദിനാറും പലിശയും നൽകാൻ കോടതി ഉത്തരവ്
text_fieldsമനാമ: ബഹ്റൈനി ഫിറ്റ്നസ് ട്രെയ്നർക്ക് നൽകാനുള്ള ശമ്പള കുടിശ്ശികയായ 2,000 ബഹ്റൈൻ ദിനാറും വൈകിയതിനുള്ള പലിശയും നൽകാൻ സെക്കൻഡ് ഹൈ ലേബർ കോടതി ഉത്തരവിട്ടു. കുടിശ്ശിക പൂർണമായും തീർക്കുന്നതുവരെ പലിശ നൽകണമെന്നാണ് കോടതി വിധി. ആറ് മാസമോ അതിൽ കുറവോ കാലയളവിലെ ശമ്പള കുടിശ്ശികക്ക് പ്രതിവർഷം 6 ശതമാനം എന്ന നിരക്കിൽ പലിശ നൽകണം. ആറ് മാസത്തിൽ കൂടുതൽ വൈകുന്ന ഓരോ മാസത്തിനും 1 ശതമാനം വീതം പലിശ വർധിപ്പിക്കണം. ഇത് പരമാവധി പ്രതിവർഷം 12 ശതമാനം വരെയാകാം. കൂടാതെ കോടതി ചെലവുകളും നിയമപരമായ ഫീസുകളും ഫിറ്റ്നസ് സെന്റർതന്നെ വഹിക്കണം.
പരാതിക്കാരി 2022 മുതലാണ് ഈ ഫിറ്റ്നസ് സെന്ററിൽ ജോലിയിൽ പ്രവേശിച്ചത്. ഒരു മണിക്കൂർ പരിശീലനത്തിന് 5 ദിനാർ എന്നതായിരുന്നു നിശ്ചയിച്ചിരുന്ന ശമ്പളം. ജോലി കൃത്യമായി നിർവഹിച്ചിട്ടും കഴിഞ്ഞ രണ്ട് വർഷമായി സ്ഥാപനം ശമ്പളം നൽകിയിരുന്നില്ല. ഇത് മൊത്തം 2,000 ദിനാറായി കുമിഞ്ഞുകൂടിയെന്ന് കോടതിയിൽ സമർപ്പിച്ച വിവരങ്ങളിൽ പറയുന്നു. ശമ്പളം നൽകാൻ പലതവണ സമയം അനുവദിച്ചിട്ടും സ്ഥാപനം തയാറാവാത്തതിനെതുടർന്ന് ട്രെയ്നർ ജോലി രാജിവെക്കുകയും നിയമസഹായം തേടുകയുമായിരുന്നു. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40(b)(4) പ്രകാരം, തൊഴിൽ കരാർ അവസാനിക്കുമ്പോൾ തൊഴിലാളിക്ക് അർഹതപ്പെട്ട എല്ലാ ശമ്പളവും ആനുകൂല്യങ്ങളും ഉടൻ നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

