മത്സ്യബന്ധന നിരോധനം പുനഃപരിശോധിക്കണം
text_fieldsമനാമ: നിലവിൽ പ്രഖ്യാപിക്കപ്പെട്ട മത്സ്യബന്ധന നിരോധനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ബഹ്റൈനിലെ മത്സ്യത്തൊഴിലാളികൾ. സാഫി, ഷേരി, അൻഡാക് എന്നീ മത്സ്യങ്ങളെ പിടിക്കുന്നതിനേർപ്പെടുത്തിയ നിരോധനമാണ് പുനഃപരിശോധനക്ക് വിധേയമാക്കാൻ ആവശ്യപ്പെട്ടത്. നിരോധനം കാരണം ഉപജീവനം നടത്താൻ ബുദ്ധിമുട്ടുന്നുണ്ടെന്നാണ് മത്സ്യത്തൊഴിലാളികളുടെ ഭാഷ്യം. സോഷ്യൽ മീഡിയ വഴിയാണ് നിരോധനം ഒഴിവാക്കാനുള്ള ആവശ്യവുമായി ഫിഷർമെൻസ് സൊസൈറ്റി രംഗത്തെത്തിയത്. വിപണിയുടെ ആവശ്യം നിറവേറ്റുന്നതിനായും ന്യായമായ വിലക്ക് മത്സ്യത്തിന്റെ ലഭ്യത ഉറപ്പാക്കാനും നിരോധനം പുനഃപരിശോധിക്കണം.
മത്സ്യത്തൊഴിലാളികൾക്ക് അവരുടെ ജോലികൾക്ക് തടസ്സമാകുന്ന പൂർണനിരോധനം ഏർപ്പെടുത്തുന്നതിന് പകരം ഒരു നിശ്ചിത അളവിൽ മത്സ്യബന്ധനം നടത്താനുള്ള അനുമതിയോടെ പരിമിതപ്പെടുത്തി നിരോധനം ക്രമീകരിക്കണമെന്നുമാണ് സൊസൈറ്റിയുടെ ആവശ്യം. നിലവിൽ ഏപ്രിൽ ഒന്നുമുതൽ മേയ് 31 വരെ രണ്ട് മാസത്തേക്കാണ് ഇത്തരം മത്സ്യങ്ങളെ പിടികൂടുന്നതിന് സുപ്രീം കൗൺസിൽ ഫോർ എൻവയൺമെന്റ് (എസ്.സി.ഇ) അധികൃതർ നിരോധനമേർപ്പെടുത്തിയത്.
മത്സ്യങ്ങളുടെ പ്രജനന കാലയളവാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. എന്നാൽ, ചെറിയ മത്സ്യങ്ങളെ സംരക്ഷിക്കാനാണോ മുട്ടയിടുന്ന മത്സ്യങ്ങളെ സംരക്ഷിക്കാനാണോ നിലവിലെ നിരോധനം എന്ന് വ്യക്തമാക്കണമെന്ന് സൊസൈറ്റി ചൂണ്ടിക്കാട്ടി. ലക്ഷ്യം ചെറിയ മത്സ്യങ്ങളെ സംരക്ഷിക്കുകയാണെങ്കിൽ ഇപ്പോൾ നടത്തുന്ന ശ്രമങ്ങൾ തെറ്റായ ദിശയിലാണ്. കാരണം, അതിനുള്ള ഏറ്റവും അനുയോജ്യമായ മാസങ്ങൾ ഇപ്പോഴല്ല, സെപ്റ്റംബറാണ്. ഏപ്രിൽ, മേയ് മാസങ്ങളിൽ മുട്ടയിടുന്ന മത്സ്യങ്ങളെ സംരക്ഷിക്കുന്നതിനു പകരം സെപ്റ്റംബറിൽ ചെറിയ മത്സ്യങ്ങളെ സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടതെന്നും, ഏറ്റവും നല്ല മത്സ്യബന്ധന മാസങ്ങളിൽ ഒന്നായ ഏപ്രിൽ, മേയ് മാസങ്ങളിൽ മത്സ്യബന്ധനം നിരോധിക്കുന്നത് മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും കാര്യമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്നും സൊസൈറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

