തെറ്റായ മീന്‍ പിടുത്ത രീതികള്‍ കര്‍ശനമായി വിലക്കും 

08:05 AM
16/07/2019
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിൽ നടന്ന കാബിനറ്റ് യോഗം.

മനാമ: തെറ്റായ മീന്‍പിടുത്ത രീതികള്‍ക്ക് കര്‍ശനമായ വിലക്കേര്‍പ്പെടുത്തുമെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം. ചെമ്മീന്‍ പിടുത്തത്തിന് അനുമതിയുള്ളവരെ ബാധിക്കാത്ത രീതിയിലായിരിക്കും നിയമം നടപ്പിലാക്കുക. 

നിരോധിത വലകള്‍ ഉപയോഗിച്ചുള്ള ചെമ്മീന്‍ പിടുത്തം മല്‍സ്യ സമ്പത്തി​​​െൻറ അളവ് കുറയാനിടയാക്കുമെന്നതി​​​െൻറ അടിസ്​ഥാനത്തിലാണ്​​ നിർദേശം. ഇക്കാര്യത്തിലാവശ്യമായ നടപടികളെടുക്കാന്‍ ബന്ധപ്പെട്ട മന്ത്രാലയത്തെ ചുമതലപ്പെടുത്തി. സ്വദേശി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ബാച്ചിലര്‍ താമസം ഒഴിവാക്കുന്നതിനും തകര്‍ന്ന് വീഴാതായതും പൊളിഞ്ഞതുമായ കെട്ടിടങ്ങളിലെ താമസവും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. സാമൂഹിക സുരക്ഷിതത്വത്തിന് ഭീഷണിയായ ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ആഭ്യന്തര മന്ത്രാലയം, പൊതുമരാമത്ത്-മുനിസിപ്പൽ-നഗരാസൂത്രണ കാര്യ മന്ത്രാലയം, തൊഴിൽ‍-സാമൂഹിക ക്ഷേമ കാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഇതിന് നടപടിയെടുക്കാന്‍ നിര്‍ദേശമുണ്ട്. 

ഭക്ഷ്യ വസ്തുക്കള്‍, എണ്ണയുല്‍പന്നങ്ങള്‍, വെള്ളം, മരുന്ന് തുടങ്ങിയവയുടെ സൂക്ഷിപ്പ് കാലാവധി ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇറക്കിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി അന്വേഷിക്കുകയും ബന്ധപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ചെറുകിട, ഇടത്തരം വ്യാപാരികള്‍ക്ക് സഹായം നല്‍കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും കാബിനറ്റ് വിലയിരുത്തി. 
ഇതിനായി തയാറാക്കിയ പഠന റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും നടപ്പാക്കുന്നതിന് ഉപപ്രധാനമന്ത്രി ശൈഖ് അലി ബിന്‍ ഖലീഫ ആല്‍ ഖലീഫയെ ചുമതലപ്പെടുത്തിയിരുന്നു. ചെറുകിട, ഇടത്തരം വ്യാപാരികള്‍ നല്‍കാനുള്ള ഫീസ് കുടിശ്ശിക 24 മാസ തവണകളായി സ്വീകരിക്കുന്നതിനുള്ള നിര്‍ദേശം ഇതില്‍ സുപ്രധാനമാണ്. കൂടാതെ  നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും മറ്റ് നടപടികളും സ്ഥാപനങ്ങളുടെ ഇതര ബ്രാഞ്ചുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കരുതെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ ഒറ്റ ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തി​​​െൻറ സി.ആര്‍ പുതുക്കുന്നതില്‍ കാലതാമസം നേരിട്ടാല്‍ അത് സ്ഥാപനത്തി​​​െൻറ മൊത്തം പ്രവര്‍ത്തനങ്ങളെ ബാധിക്കും. ചെറുകിട, ഇടത്തരം വ്യാവസായിക സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സ്ഥലം നിര്‍ണയിച്ച് നല്‍കുന്നതിനും തീരുമാനമുണ്ട്. 
സി.ആര്‍ വാടകക്ക്​ നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമം നിര്‍മിക്കുന്നതിനും കാബിനറ്റ് അംഗീകാരം നല്‍കി. പാര്‍ലമെന്‍റ്, ശൂറാ കൗണ്‍സില്‍ എന്നിവയുമായി സര്‍ക്കാര്‍ സഹകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 

Loading...
COMMENTS