ഇസ്‌ലാം-ക്രൈസ്തവ സംവാദത്തിന് വേണ്ടിയുള്ള സ്ഥിരം സമിതിയുടെ പ്രഥമയോഗം ചേർന്നു
text_fieldsഇസ്‌ലാം -ക്രിസ്ത്യൻ സംഭാഷണത്തിനുവേണ്ടിയുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുമായി നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മൗദ കൂടിക്കാഴ്ച നടത്തുന്നു
മനാമ: സമാധാനത്തിന്റെയും സഹിഷ്ണുതയുടേയും സന്ദേശം ലോകമെമ്പാടും വ്യാപിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യങ്ങൾക്കിണങ്ങുന്ന രീതിയിൽ മതാന്തരസംവാദങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഇസ്‌ലാം-ക്രിസ്ത്യൻ സംഭാഷണത്തിനുവേണ്ടിയുള്ള സ്ഥിരം സമിതിയുടെ പ്രഥമ യോഗം നടന്നു. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മൗദ, സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
വിവിധ ജനസമൂങ്ങൾക്കും സംസ്‌കാരങ്ങൾക്കുമിടയിൽ സംവാദവും സഹവർത്തിത്വവും സാധ്യമാക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ സമിതി പ്രത്യേകം അഭിനന്ദിച്ചു. ഇരു വിഭാഗങ്ങളും തമ്മിൽ സംവാദാത്മക സൗഹാർദം രൂപപ്പെടുത്തുന്നതിന് മുൻകൈയെടുത്ത ബഹ്റൈൻ നിലപാടിനെയുംയോഗം സ്വാഗതം ചെയ്തു. മതാന്തര സംവാദങ്ങൾ പ്രോത്സാഹിപ്പിച്ച് വിവിധ ജനസമൂഹങ്ങൾക്കും സംസ്‌കാരങ്ങൾക്കുമിടയിൽ ആശയവിനിമയത്തിന് അവസരമൊരുക്കുക, അങ്ങനെ സഹവർത്തിത്വവും സഹിഷ്ണുതയും സമാധാനവും വ്യാപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ബഹ്‌റൈനിന്റെ പ്രതിബദ്ധത അദ്ദേഹം ചൂണ്ടിക്കാട്ടി.അബൂദബി കേന്ദ്രമാക്കിയുള്ള മുസ്ലിം പണ്ഡിത സമിതി വത്തിക്കാനുമായി ചർച്ചകളും സംവാദങ്ങളും നടത്തുന്നതിനുളള കരാറിൽ ഒപ്പുവെച്ചിരുന്നു. വിവിധ മത സമൂഹങ്ങൾക്കിടയിൽ സൗഹൃദവും യോജിപ്പും സാധ്യമാക്കുന്നതിനുളള അർഥപൂർണമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു ചിന്തക്ക് തുടക്കമിട്ടത്.
കഴിഞ്ഞ നവംബറിൽ ബഹ്റൈനിൽ വെച്ച് വത്തിക്കാനിലെ ഫ്രാൻസിസ് മാർപാപ്പയുടേയും ശൈഖുൽ അസ്ഹർ ഡോ. അഹ്മദ് അൽത്വയ്യിബിന്‍റെയും സാന്നിധ്യത്തിൽ കത്തോലിക്ക സഭയുടെ ഉയർന്ന വ്യക്തിത്വങ്ങളും മുസ്ലിം പണ്ഡിത സമിതിയും തമ്മിൽ ചരിത്രപരമായ കൂടിക്കാഴ്ച നടന്നിരുന്നു. ഇരു മത നേതാക്കളും ഒരുമിച്ചിരുന്ന് വിവിധ സന്ദർഭങ്ങളിൽ ചർച്ച നടത്താനും അതുവഴി സമാധാനവും ശാന്തിയും സാധ്യമാക്കാനും ജനങ്ങൾക്കിടയിൽ രൂപപ്പെട്ടുവരുന്ന അകൽച്ചകൾ ഇല്ലാതാക്കി സൗഹൃദത്തിന്‍റെ അന്തരീക്ഷം രൂപപ്പെടുത്താനും തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

