സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ തീപിടിത്തം; ആളപായമില്ല
text_fieldsസൽമാനിയ മെഡിക്കൽ കോംപ്ലക്സിന് കീഴിലുള്ള അൽഫത്തേഹ് ബിൽഡിങ്ങിലുണ്ടായ തീപിടിത്തം
മനാമ: ബഹ്‌റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിന് കീഴിലുള്ള അൽഫത്തേഹ് ബിൽഡിങ്ങിൽ തീപിടിത്തം. സിവിൽ ഡിഫൻസ് ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കി. പെട്ടെന്നുള്ള ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവാക്കാനായത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് അധികൃതർ അറിയിച്ചു.
തീപിടിത്തം ശ്രദ്ധയിൽപെട്ട ഉടൻ രോഗികളുടെയും സന്ദർശകരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചു. സുരക്ഷ പ്രോട്ടോകോളുകൾ പാലിച്ച് കെട്ടിടത്തിൽനിന്ന് ആളുകളെ മാറ്റി. മുൻകരുതൽ നടപടിയുടെ ഭാഗമായി അൽഫത്തേഹ് ബിൽഡിങ് മൂന്ന് ദിവസത്തേക്ക് താൽക്കാലികമായി അടച്ചിടും. ഈ സമയത്തിനുള്ളിൽ കെട്ടിടത്തിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കും. നിശ്ചയിച്ചിരുന്ന അപ്പോയിന്റ്‌മെന്റുകൾ മാറ്റിവെച്ചിട്ടുണ്ട്.
പുതിയ തീയതികൾ അറിയിക്കുന്നതിനായി അധികൃതർ രോഗികളെ നേരിട്ട് ബന്ധപ്പെടും. ചികിത്സ സേവനങ്ങളിൽ തടസ്സം വരാതിരിക്കാൻ അടിയന്തര കേസുകൾ മറ്റ് ക്ലിനിക്കുകളിലേക്കും പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിലേക്കും മാറ്റിയിട്ടുണ്ട്. സംഭവസ്ഥലത്ത് അതിവേഗം എത്തി രക്ഷാപ്രവർത്തനം നടത്തിയ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർക്കും മറ്റ് ടീമുകൾക്കും ഗവൺമെന്റ് ഹോസ്പിറ്റൽസ് നന്ദി അറിയിച്ചു. രോഗികളുടെയും സന്ദർശകരുടെയും പൂർണ സഹകരണം ഈ ഘട്ടത്തിൽ അത്യാവശ്യമാണെന്നും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനാണ് താൽക്കാലിക നടപടിയെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

