ലൈസൻസില്ലാതെ അപകടകാരികളായ മൃഗങ്ങളെ വളർത്തുന്നവർക്ക് പിഴയും തടവും; പുതിയ നിയമം പരിഗണനയിൽ
text_fieldsമനാമ: ബഹ്റൈനിൽ ലൈസൻസില്ലാതെ അപകടകാരികളായ മൃഗങ്ങളെ വളർത്തുന്നവർക്ക് 1,000 മുതൽ 10,000 ദീനാർവരെ പിഴയും തടവും ലഭിക്കുന്ന നിയമം പ്രാബല്യത്തിൽ വന്നേക്കും. നിലവിൽ പാർലമെന്റിന്റെ പബ്ലിക് യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്റ് കമ്മിറ്റിയുടെ പഠനത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ ബിൽ നിയമമായി പ്രാബല്യത്തിൽ വരുന്നതോടെ മൃഗശാലകൾ, പാർക്കുകൾ, സർക്കസുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവക്ക് മാത്രമായിരിക്കും ഇത്തരം മൃഗങ്ങളെ കൈവശം വെക്കാൻ അനുമതി. വ്യക്തികൾക്ക് സ്വകാര്യ ഉടമസ്ഥാവകാശം ഉണ്ടായിരിക്കില്ല. നിയമം പ്രാബല്യത്തിൽ വരുന്നതിന് ആറ് മാസത്തെ സമയം നൽകും. ഈ സമയത്തിനുള്ളിൽ അപകടകാരികളായ മൃഗങ്ങളെ വളർത്തുന്നവർക്ക് മറ്റുമാർഗങ്ങൾ സ്വീകരിക്കാം.
പ്രധാന നിയമങ്ങൾ
അപകടകാരികളായ മൃഗങ്ങളെ പൊതുസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും അംഗീകൃത സ്ഥലങ്ങൾക്ക് പുറത്ത് നടത്തിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഒരു അപകടകാരിയായ മൃഗത്തെ ഉപയോഗിച്ച് ഒരാളെ ആക്രമിച്ചാൽ, അത് സ്ഥിരമായ അംഗവൈകല്യത്തിന് കാരണമായാൽ മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാം. ഇര മരിച്ചാൽ ജീവപര്യന്തം തടവാണ് ശിക്ഷ. ആക്രമണം ആകസ്മികമാണെങ്കിൽ, ക്രിമിനൽ നിയമത്തിലെ അശ്രദ്ധമൂലമുള്ള കൊലപാതകത്തിനോ പരിക്കിനോ ഉള്ള നിയമങ്ങൾ ബാധകമാകും.
മൃഗങ്ങളെ കോടതിക്ക് പിടിച്ചെടുക്കാൻ ഉത്തരവിടാം. മൃഗത്തിന്റെ സംരക്ഷണച്ചെലവുകൾ ഉടമയിൽനിന്ന് ഈടാക്കും. ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ ഓരോ മൃഗത്തെയും ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണം. അവയ്ക്ക് ആവശ്യമായ വൈദ്യ പരിചരണം, സുരക്ഷിതമായ വാസസ്ഥലം, ഭക്ഷണം എന്നിവ ഉറപ്പാക്കണം. കൂടാതെ, മൃഗങ്ങൾ നഷ്ടപ്പെടുകയോ രക്ഷപ്പെടുകയോ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം.
ലൈസൻസ് ഉള്ള സ്ഥാപനങ്ങൾ മൃഗങ്ങളുടെ ജനനം, മരണം, ഏതെങ്കിലും പകർച്ചവ്യാധി, രക്ഷപ്പെടൽ, ഒരു മൃഗം ആർക്കെങ്കിലും പരിക്ക് വരുത്തുകയോ മരണത്തിന് കാരണമാകുകയോ ചെയ്യുന്ന സംഭവം എന്നിവ ഔദ്യോഗികമായി രേഖപ്പെടുത്തുകയും മന്ത്രാലയത്തെ അറിയിക്കുകയും വേണം.
മന്ത്രാലയത്തിലെ നിയമിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇത്തരം സ്ഥാപനങ്ങളിൽ കയറി പരിശോധന നടത്താനും നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്താനും മൃഗങ്ങളെ പിടിച്ചെടുക്കാനും ലൈസൻസ് റദ്ദാക്കാനും അധികാരം ഉണ്ടായിരിക്കും. സ്ഥാപനങ്ങളുടെ പേരിൽ കുറ്റകൃത്യം ചെയ്താൽ 20,000 ദീനാർവരെ പിഴ ഈടാക്കും. മൃഗങ്ങളെ ഉപയോഗിച്ച് പരിഭ്രാന്തി സൃഷ്ടിക്കുക, നിയമത്തിലെ പ്രധാന വ്യവസ്ഥകൾ ലംഘിക്കുക തുടങ്ങിയ മറ്റ് കുറ്റകൃത്യങ്ങൾക്ക് തടവോ 10,000 ദീനാർവരെ പിഴയോ ലഭിക്കും.
പൊതു സുരക്ഷ വർധിപ്പിക്കുക, ജനങ്ങളെയും മറ്റ് മൃഗങ്ങളെയും സംരക്ഷിക്കുക, അപകടകാരികളായ മൃഗങ്ങളെ പരിപാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുക, സ്ഥാപനങ്ങളെയും മൃഗങ്ങളെയും സംബന്ധിച്ച ഔദ്യോഗിക വിവരശേഖരം തയാറാക്കുക എന്നിവയാണ് ഈ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ.അപകടകാരികളായ മൃഗങ്ങളുടെ വിശദമായ പട്ടിക ബന്ധപ്പെട്ട മന്ത്രിയായിരിക്കും തയാറാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

