നായെ നടത്തുന്നതിനിടെ മയക്കുമരുന്ന് വിൽപന; ഫിലിപ്പിനോ യുവതി പിടിയിൽ
text_fieldsമനാമ: വളർത്തുമൃഗത്തെ നടത്താൻ കൊണ്ടുപോകുന്നതിന്റെ മറവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് എത്തിച്ചുനൽകിയിരുന്ന 39കാരിയായ ഫിലിപ്പിനോ യുവതി ബഹ്റൈനിൽ പിടിയിലായി. അബൂ അഷിറ, മാഹൂസ് മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ആന്റി നാർകോട്ടിക് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയത്. നായുമായി നടക്കാൻ ഇറങ്ങുന്ന യുവതി, ആരും ശ്രദ്ധിക്കാത്ത ഇടങ്ങളിൽ മയക്കുമരുന്ന് പാക്കറ്റുകൾ നിക്ഷേപിക്കുകയും പിന്നീട് ഉപഭോക്താക്കൾ വന്ന് അത് കൈക്കലാക്കുന്നതുമായിരുന്നു രീതി. ഒരു വീടിന് സമീപം പാക്കറ്റ് ഉപേക്ഷിക്കുന്നത് കണ്ട ഉദ്യോഗസ്ഥർ ഉടൻതന്നെ ഇവരെ തടഞ്ഞുനിർത്തുകയായിരുന്നു.
പരിശോധനയിൽ ബാഗിൽനിന്ന് അഞ്ച് പാക്കറ്റ് ഐസ് മെത്ത് കണ്ടെടുത്തു. മാഹൂസിലെ ഇവരുടെ അപ്പാർട്ട്മെന്റിൽ നടത്തിയ റെയ്ഡിൽ അരക്കിലോയോളം ഷാബുവും മറ്റ് മയക്കുമരുന്ന് ഉപകരണങ്ങളും പിടിച്ചെടുത്തു. വീട്ടിലുണ്ടായിരുന്ന മൂന്ന് വളർത്തുനായ്ക്കളെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പാകിസ്താൻ സ്വദേശിയാണ് തന്നെ ശൃംഖലയുടെ ഭാഗമാക്കിയതെന്നും ഓരോ തവണ മയക്കുമരുന്ന് എത്തിക്കുമ്പോഴും 150 മുതൽ 180 വരെ ദീനാർ ലഭിച്ചിരുന്നതായും അവർ മൊഴി നൽകി.
മെത്താംഫെറ്റാമിൻ വിൽപന, വിതരണം, ഉപയോഗം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. യുവതിയുടെ രക്തപരിശോധന ഫലത്തിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കേസ് ഹൈ ക്രിമിനൽ കോടതിയുടെ പരിഗണനയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

