ലോഹത്തിന് പകരം ഫൈബർ ഗ്ലാസ് സിലിണ്ടറുകൾ വരും
text_fieldsമനാമ: പരമ്പരാഗത ലോഹ ഗ്യാസ് സിലിണ്ടറുകൾക്ക് പകരം ആധുനിക ഫൈബർഗ്ലാസ് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് സാങ്കേതിക പഠനം ആരംഭിച്ച് ബഹ്റൈൻ. വ്യവസായ വാണിജ്യ മന്ത്രാലയമാണ് ഈ സാങ്കേതിക പഠനത്തിന് തുടക്കം കുറിച്ചത്. മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഫെബ്രുവരിയിൽ മുന്നോട്ടുവെച്ച ഈ നിർദേശം പരിഗണിച്ച്, പുതിയ സംവിധാനത്തിന്റെ സുരക്ഷയും പ്രത്യാഘാതങ്ങളും വിലയിരുത്താൻ പ്രാഥമിക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അണ്ടർ-സെക്രട്ടറി ഇമാൻ അൽ ദോസരി അറിയിച്ചു. ജി.സി.സി രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളും സാങ്കേതിക സവിശേഷതകളും മന്ത്രാലയത്തിലെ പരിശോധന, മെട്രോളജി വകുപ്പുകൾ ഇതിനകം അവലോകനം ചെയ്തിട്ടുണ്ട്.
മെക്കാനിക്കൽ സ്പെസിഫിക്കേഷൻ സെക്ടറിനായുള്ള ഗൾഫ് ടെക്നിക്കൽ കമ്മിറ്റി, എണ്ണ, ഗ്യാസ് മാനദണ്ഡങ്ങൾക്കായുള്ള ബഹ്റൈന്റെ പ്രാദേശിക സാങ്കേതിക സമിതി എന്നിവയുൾപ്പെടെയുള്ള നിരവധി പ്രാദേശിക സമിതികളുമായി സഹകരിച്ചാണ് പഠനം നടക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് ഉൾപ്പെടെയുള്ള പങ്കാളികൾ ഫൈബർഗ്ലാസ് സിലിണ്ടറുകളുടെ സുരക്ഷാ പരിശോധനകളിൽ പങ്കെടുത്തിട്ടുണ്ടെന്നും അൽ ദോസരി കൂട്ടിച്ചേർത്തു. പഠനം പൂർത്തിയായാൽ, അതിന്റെ ശിപാർശകൾ ചർച്ച ചെയ്യാൻ ഒരു സംയുക്ത സമിതിയുടെ യോഗം ചേരും. മാസങ്ങൾക്ക് മുമ്പ് അറാദിൽ നടന്ന ഗ്യാസ് സിലിണ്ടർ അപകടത്തെത്തുടർന്ന് സുരക്ഷിതമായ ഗ്യാസ് സിലിണ്ടറുകൾക്കായുള്ള ആവശ്യം വർധിച്ചിരുന്നു.
ലോഹ ഗ്യാസ് സിലിണ്ടറുകൾ ഘട്ടംഘട്ടമായി നിർത്തലാക്കി ഫൈബർഗ്ലാസ് സിലിണ്ടറുകൾ സ്ഥാപിക്കാനുള്ള നിർദേശത്തിന് നേതൃത്വം നൽകിയത് അറാദിനെ പ്രതിനിധാനം ചെയ്യുന്ന മുഹറഖ് മുനിസിപ്പൽ കൗൺസിലിന്റെ സാമ്പത്തിക, ഭരണ, നിയമനിർമാണ കമ്മിറ്റി ചെയർമാൻ അഹ്മദ് അൽ മേഖാവിയാണ്. അന്ന് നടന്ന അപകടത്തിൽ രണ്ടുപേർ മരിക്കുകയും ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് പ്രവർത്തിച്ചിരുന്ന ഒരു റസ്റ്റാറന്റിലെ ലോഹ ഗ്യാസ് സിലിണ്ടറിലെ വാതകം ചോർന്നാണ് അപകടം സംഭവിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

