ഹൃദയപുഷ്പങ്ങൾ പൂക്കുന്ന പ്രണയദിനം
text_fieldsമഞ്ഞണിഞ്ഞ ഫെബ്രുവരിയുടെ കുളിരിൽ, കരളിൽ വിരിയുന്ന അനുരാഗത്തിന്റെ ചെമ്പനീർ പൂക്കളാണ് ലോക പ്രണയദിനത്തിന്റെ പ്രതീകം. ഭൂമിയുടെ വദനത്തിൽ ഹേമന്തം തലോടുമ്പോൾ, വായുവിൽ പടരുന്ന പ്രണയ സുഗന്ധം ലോകത്തെ ഒന്നാകെ ഒരു അനശ്വര പ്രണയകാവ്യമാക്കി മാറ്റുന്നു. പ്രകൃതി പോലും അനുരാഗത്തിന്റെ മന്ത്രങ്ങൾ മന്ത്രിക്കുന്ന ദിനം...വാലന്റൈൻസ് ഡേ! കാലത്തിന്റെ താളുകളിൽ സ്നേഹത്തിന്റെ സപ്തവർണങ്ങൾകൊണ്ട് കോറിയിട്ട മനോഹരമായ ഒരു ഓർമച്ചിത്രമാണത്.
ആരാണ് വാലന്റൈൻ?
വാലന്റൈൻ ദിനത്തിന്റെ വേരുകൾ തേടിയുള്ള യാത്ര ചെന്നെത്തുന്നത് പുരാതന റോമിന്റെ ചരിത്രവീഥികളിലാണ്. അധികാരത്തിന്റെ ഗർവും സ്നേഹത്തിന്റെ കരുത്തും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണിത്. ചക്രവർത്തി ക്ലോഡിയസ് രണ്ടാമൻ സൈനികർക്ക് വിവാഹം നിരോധിച്ച കാലം; കുടുംബബന്ധങ്ങൾ സൈനികരെ യുദ്ധക്കളത്തിൽ ദുർബലരാക്കുമെന്ന് ചക്രവർത്തി ഭയന്നു. എന്നാൽ, പ്രണയമെന്ന വികാരം ലോകത്തെ ഏറ്റവും വലിയ ശക്തിയാണെന്ന് വിശ്വസിച്ച വിശുദ്ധ വാലന്റൈൻ ആ കൽപനയെ ധിക്കരിച്ചു. സ്നേഹബന്ധങ്ങൾക്ക് അദ്ദേഹം രഹസ്യമായി പവിത്രതയേകി, പ്രണയിതാക്കളുടെ മിന്നുകെട്ടി.
ഈ കുറ്റത്തിന് ചക്രവർത്തി അദ്ദേഹത്തെ തടവിലാക്കുകയും ക്രിസ്തുവർഷം 270 ഫെബ്രുവരി 14ന് വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു. സ്വന്തം ജീവൻ പ്രണയത്തിനായി സമർപ്പിച്ച ആ പുണ്യദർശകന്റെ ഓർമയിലാണ് ലോകമിന്നും ഈ സ്നേഹത്തിന്റെ വർണോത്സവം ആഘോഷിക്കുന്നത്. ലോകസാഹിത്യത്തിലെ തങ്കത്തൂലികകൾ പ്രണയത്തിന് ആത്മാവിന്റെ ആഴം പകർന്നുനൽകി. ‘‘എന്റെ പ്രണയം ചെഞ്ചോര നിറമുള്ള ഒരു ചുവന്ന റോസാപ്പൂവു പോലെയാണ്!’’ എന്ന് പാടിയ ബേൺസും നെരൂദയും, ഷെല്ലിയും ഷേക്സ്പിയറും എല്ലാം പ്രണയത്തെ വാക്കുകൾകൊണ്ട് അനശ്വരമാക്കി. മലയാളത്തിൽ കാൽപനികതയുടെ ചക്രവർത്തി ചങ്ങമ്പുഴ പ്രണയ നൊമ്പരത്തെ സംഗീതമാക്കിപ്പോൾ, പൂവച്ചലിന്റെ തൂലിക പ്രണയത്തെ ഒരു വസന്തമാക്കി മാറ്റി. അദ്ദേഹം കുറിച്ചിട്ട ആ വരികൾ ഇന്നും മലയാളിക്ക് അനുരാഗത്തിന്റെ മന്ത്രമാണ്: ‘‘അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ…ഒരു രാഗമാലയായ് ഇതു നിന്റെ ജീവനിൽ അണിയൂ...’’
‘തേപ്പല്ല’ പ്രണയം; അതൊരു സ്വർഗീയ കല
പ്രണയം എന്നത് ഏതാനും നാളുകൾ മാത്രം നീണ്ടുനിൽക്കുന്ന വെറുമൊരു ഹോർമോൺ വിളയാട്ടമല്ല. ശാരീരികമായ താൽപര്യങ്ങൾക്കും സ്വാർഥമായ ആവശ്യങ്ങൾക്കും വേണ്ടി മാത്രം കപടപ്രണയം അഭിനയിക്കുന്നവർക്ക് ഈ വികാരത്തിന്റെ പവിത്രത മനസ്സിലാക്കാൻ കഴിയില്ല. ആധുനിക കാലത്തെ ‘തേപ്പ്’ എന്ന പ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഹൃദയങ്ങളെ വെറും ചീട്ടുകൊട്ടാരങ്ങൾ പോലെ തകർത്തുകളയുന്ന, സ്നേഹത്തെ വഞ്ചനയുടെ പര്യായമാക്കുന്ന ‘തേപ്പ് തൊഴിലാളികൾക്കുള്ളതല്ല’ ഈ പ്രണയദിനം. പ്രണയിച്ചിട്ട് പാതിവഴിയിൽ ‘തേച്ചിട്ടു പോകുന്നവർ’ യഥാർഥത്തിൽ സ്നേഹത്തെയല്ല, മറിച്ച് സ്വന്തം ചപലതകളെയാണ് ആഘോഷിക്കുന്നത്. തേപ്പല്ല പ്രണയം; അതൊരു സ്വർഗീയ കലയാണ്; അതൊരു ആത്മവസന്തമാണ്!
യഥാർഥ പ്രണയദിനം കേവലം കമിതാക്കൾക്കും യുവമിഥുനങ്ങൾക്കും മാത്രമുള്ളതല്ല, ശരീരങ്ങളുടെ ആകർഷണത്തേക്കാൾ മനസ്സിന്റെ പൊരുത്തത്തിൽ വിശ്വസിക്കുന്ന പ്ലാറ്റോണിക് പ്രണയമാണ് ഇതിന്റെ ഏറ്റവും ഉദാത്തമായ ഭാവം. രണ്ട് ആത്മാക്കൾ തമ്മിലുള്ള നിശ്ശബ്ദവും ആഴമേറിയതുമായ ഈ ബന്ധം മറ്റെല്ലാ രൂപങ്ങളേക്കാളും ശക്തവും ആത്മീയവുമാണ്. കാമനകളുടെ കന്മഷമില്ലാത്ത, നിലാവുപോലെ നിർമലമായ ഈ സ്നേഹം നശ്വരമായ ദേഹത്തിനപ്പുറം അനശ്വരമായ ആത്മാവുകളുടെ ഒത്തുചേരലാണെന്ന് ഈ ദിനം നമ്മെ ഓർമിപ്പിക്കുന്നു. ഉള്ളിലെ അനുരാഗം പുറത്തുപറയാതെ ഉള്ളറകളിൽ സൂക്ഷിക്കുന്ന മൗനാനുരാഗികൾക്കും പ്രണയത്തിന്റെ പവിത്രതയെ ആദരിക്കുന്നവർക്കും ഈ ദിനം സ്വന്തമാണ്.
ചുണ്ടിലെ ചിരിയേക്കാൾ മറ്റൊരാളുടെ കണ്ണ് തുടക്കാൻ കഴിയുന്നിടത്താണ് പ്രണയം സ്വർഗത്തെ തൊടുന്നത്. മഹാനായ കവി റൂമി കുറിച്ചതുപോലെ, ‘‘വാക്കുകൾകൊണ്ട് സ്നേഹിക്കുന്നവർക്ക് മാത്രമേ വിരഹമുള്ളൂ, ആത്മാവുകൾകൊണ്ട് പ്രണയിക്കുന്നവർക്ക് വേർപിരിയലില്ല.’’ മണ്ണിലെ പ്രണയം വിണ്ണിലെ സംഗീതമായി, സ്വർഗീയാനുഭൂതിയായി, ഈ പ്രണയദിനത്തിലെന്ന പോൽ എന്നും ഹൃദയങ്ങളിൽ പെയ്തിറങ്ങട്ടെ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

