എഫ്.സി.ഡി.ഒ റിപ്പോർട്ട്; രാജ്യത്തിന്റെ മനുഷ്യാവകാശ പ്രതിബദ്ധതക്കുള്ള അംഗീകാരം
text_fieldsമനാമ: ബഹ്റൈനെ മനുഷ്യാവകാശ മുൻഗണനാ രാജ്യങ്ങളുടെ (എച്ച്.ആർ.പി.സി) പട്ടികയിൽ നിന്ന് നീക്കം ചെയ്ത നടപടി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും സ്വാഗതം ചെയ്തു.
യു.കെ ഫോറിൻ, കോമൺവെൽത്ത്, ഡെവലപ്മെന്റ് ഓഫിസ് (എഫ്.സി.ഡി.ഒ) വാർഷിക അവലോകനമായ റൈറ്റ്സ് ആൻഡ് ഡെമോക്രസി 2022 റിപ്പോർട്ടിലാണ് ബഹ്റൈനെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി രാജ്യം സ്വീകരിച്ച പുരോഗമനപരമായ നടപടികളാണ് ഇതിനു കാരണമായതെന്നാണ് വിലയിരുത്തൽ. മനുഷ്യാവകാശങ്ങൾ, മതസ്വാതന്ത്ര്യം, നീതിന്യായ വ്യവസ്ഥ എന്നിവയെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ രാജ്യം ഏറെ മുന്നിലാണെന്നതിന്റെ തെളിവാണ് പുതിയ റിപ്പോർട്ടെന്ന് ദേശീയ മനുഷ്യാവകാശ സ്ഥാപനം (എൻ.ഐ.എച്ച്.ആർ) ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയുടെ സൂചകമാണിതെന്ന് ബ്രിട്ടീഷ് അംബാസഡർ റോഡി ഡ്രമ്മണ്ട് പറഞ്ഞു.
ബഹ്റൈനുമായുള്ള യു.കെയുടെ ദീർഘകാല ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ റിപ്പോർട്ട് സഹായകരമാണ്. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയോടെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ തുടരുന്ന നടപടികൾക്കുള്ള അംഗീകാരമാണ് റിപ്പോർട്ടെന്ന് എൻ.ഐ.എച്ച്.ആർ പറഞ്ഞു. തീരുമാനങ്ങളെടുക്കൽ പ്രക്രിയയിൽ പൗരന്മാരുടെ പങ്കാളിത്തം, സ്ത്രീകളുടെ സജീവ പങ്കാളിത്തം, സമാധാനപരമായ സഹവർത്തിത്വത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന്റെ ശ്രമങ്ങൾ, വിവിധ മതങ്ങൾ, സംസ്കാരങ്ങൾ, നാഗരികതകൾ എന്നിവക്കിടയിൽ ആശയവിനിമയത്തിന്റെയും സംവാദത്തിന്റെയും പാലങ്ങൾ കെട്ടിപ്പടുക്കാനുള്ള നടപടികൾ എന്നിവയാണ് ബഹ്റൈനെ അംഗീകരിക്കുന്നതിന് കാരണമായതെന്നും എൻ.ഐ.എച്ച്.ആർ ചെയർമാൻ അലി അഹമ്മദ് അൽ ദേരാസി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.