നിക്ഷേപകാനുകൂല അന്തരീക്ഷം; രാജ്യം ത്വരിതവളർച്ചയിലെന്ന് ഇ.ഡി.ബി
text_fieldsമനാമ: നിക്ഷേപകർക്ക് ഗോൾഡൻ ലൈസൻസ് നൽകാനുള്ള മന്ത്രിസഭ തീരുമാനം ബഹ്റൈന്റെ വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് (ഇ.ഡി.ബി) സി.ഇ.ഒ ഖാലിദ് ഇബ്രാഹിം ഹുമൈദാൻ. വൈവിധ്യമുള്ള പദ്ധതികൾ നടപ്പാക്കി, സാമ്പത്തികരംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായ നയങ്ങളാണ് രാജ്യത്ത് നടപ്പാക്കുന്നത്. 2021ൽ ആവിഷ്കരിച്ച ഇക്കണോമിക് റിക്കവറി പ്ലാനിന്റെ ലക്ഷ്യവും ഇതാണ്. അതിനനുസരിച്ച് വൻതോതിലുള്ള നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാനുള്ള നടപടി സർക്കാർ സ്വീകരിച്ചു.
നിക്ഷേപകാനുകൂല അന്തരീക്ഷം ; രാജ്യം ത്വരിതവളർച്ചയിലെന്ന് ഇ.ഡി.ബിഗോൾഡൻ ലൈസൻസ് നൽകാനുള്ള തീരുമാനം ഈ ദിശയിലുള്ള നീക്കങ്ങൾക്ക് സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ നടന്ന കഴിഞ്ഞ മന്ത്രിസഭായോഗമാണ് നിക്ഷേപകർക്ക് ഗോൾഡൻ ലൈസൻസ് നൽകാൻ തീരുമാനിച്ചത്.
500ലധികം തൊഴിലവസരം കൊണ്ടുവരുന്നവർക്കും അല്ലെങ്കിൽ അഞ്ച് കോടി യു.എസ് ഡോളറിലധികം നിക്ഷേപം നടത്തുന്നവർക്കും ഗോൾഡൻ ലൈസൻസ് ലഭിക്കും. ലൈസൻസ് ലഭിക്കുന്ന കമ്പനികൾക്ക് നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. പദ്ധതികൾക്ക് വേണ്ടുന്ന ഭൂമി മുൻഗണനാക്രമത്തിൽ ഇവർക്ക് ലഭിക്കും. ബിസിനസ് ലൈസൻസ്, ബിൽഡിങ് പെർമിറ്റ് അടക്കമുള്ളവയും വേഗത്തിൽ ലഭിക്കും. വ്യവസായ സഹായ പദ്ധതിയായ തംകീനിന്റെയും ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്കിന്റെയും സഹായസഹകരണങ്ങളും സർക്കാർ വാഗ്ദാനം ചെയ്യുന്നു. ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിന്റെയും മറ്റു സർക്കാർ ഡിപ്പാർട്മെന്റുകളുടെയും സഹായവും മേൽനോട്ടവും പദ്ധതികൾക്ക് ലഭിക്കും.
ഇതുകൂടാതെ നിലവിലുള്ള നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും ആവശ്യമനുസരിച്ചുള്ള ഇളവുകളും വാഗ്ദാനം ചെയ്യുന്നു. അന്താരാഷ്ട്ര കമ്പനികൾക്കും പ്രാദേശിക നിക്ഷേപകർക്കും മൂലധന നിക്ഷേപത്തിന് അവസരമൊരുക്കുമെന്ന് ഇ.ഡി.ബി സി.ഇ.ഒ വ്യക്തമാക്കി. നിക്ഷേപകർക്ക് അനുകൂല സാഹചര്യം ഒരുക്കുന്നതുവഴി അവർക്ക് രാജ്യത്തിലുള്ള വിശ്വാസം വർധിക്കുമെന്നും ഇത് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നതിന് സഹായിക്കുമെന്നുമാണ് വിലയിരുത്തൽ. നിലവിലുള്ള വ്യവസായികൾക്ക് ബിസിനസ് വിപുലീകരിക്കാനുള്ള സാഹചര്യവും ഒരുക്കും.
ദീർഘകാലാടിസ്ഥാനത്തിൽ വ്യവസായ സൗഹൃദ അന്തരീക്ഷം കൊണ്ടുവരുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവർത്തനമാണ് ഇ.ഡി.ബി നടത്തുന്നത്. നിക്ഷേപം കൊണ്ടുവരുക, തൊഴിലവസരം വർധിപ്പിക്കുക എന്ന വികസനനയം നടപ്പാക്കിയശേഷം അതിന്റെ ഫലങ്ങൾ ദൃശ്യമായിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിൽ രാജ്യത്തിന്റെ സാമ്പത്തികരംഗത്ത് വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തുന്നതെന്നും ഖാലിദ് ഇബ്രാഹിം ഹുമൈദാൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.