വ്രതം മനുഷ്യനെ മനുഷ്യനായി കാണാൻ പരിശീലിപ്പിക്കുന്നു- ടി. മുഹമ്മദ് വേളം
text_fieldsഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ടി. മുഹമ്മദ് വേളം റമദാൻ സന്ദേശം നൽകുന്നു
മനാമ: മനുഷ്യനെ യഥാർഥ മനുഷ്യനായി തിരിച്ചറിയാൻ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന ആരാധനയാണ് വ്രതമെന്ന് പ്രമുഖ എഴുത്തുകാരനും ചിന്തകനുമായ ടി. മുഹമ്മദ് വേളം അഭിപ്രായപ്പെട്ടു.
സാമൂഹിക, സാംസ്കാരിക, മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെ പ്രണേതാക്കളും പ്രചാരകരും സമൂഹത്തിലെ പലരെയും മനുഷ്യരായി പോലും കാണുന്നില്ല എന്നതാണ് വർത്തമാനകാല ദുരന്തം. നമ്മുടെ സമൂഹത്തിലെ യുവത്വം ഇന്ന് പലതിന്റെയും അടിമകളായി കൊണ്ടിരിക്കുകയാണ്. ലഹരിയുടെ ഉപയോഗം മുമ്പെങ്ങുമില്ലാത്ത വിധം ഭീകരമായ തോതിലാണ് വർധിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഉണർത്തി. എല്ലാ മതങ്ങളും, വേദങ്ങളും, ആശയങ്ങളും, ദർശനങ്ങളും മനുഷ്യരെക്കുറിച്ചും മനോഷ്യരോടുമാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്. മാനവിക സാഹോദര്യവും സഹവർത്തിത്വത്തിനുമാണ് ആഹ്വാനം ചെയ്യുന്നത്. വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം കൂടിയാണ് റമദാൻ. ഖുർആനിന്റെ സംബോധിതർ മനുഷ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്റൈനിലെ മത, സാമൂഹിക, സാംസ്കാരിക, മാധ്യമ, ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ നേതാക്കളും പ്രതിനിധികളും പങ്കെടുത്ത ഇഫ്താർ സംഗമ സദസ്സ് ഏറെ പ്രൗഢമായിരുന്നു.
ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്വി സ്വാഗതവും പി.ആർ. സെക്രട്ടറി വി.കെ. അനീസ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ജമാൽ ഇരിങ്ങൽ, സമീർ ഹസൻ, അസി.ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, വനിതവിഭാഗം പ്രസിഡന്റ് ലുബൈന ഷഫീഖ്, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു. എ.എം. ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

