പവിഴദ്വീപിനോടുള്ള കടപ്പാടുമായി മൊയ്തീൻ
text_fieldsമൊയ്തീൻ പാഴൂരിന് പ്രോഗ്രസിവ് പാരന്റ്സ് അലയൻസ് നൽകിയ യാത്രയയപ്പ്
മനാമ: മൂന്നര പതിറ്റാണ്ട് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ച മൊയ്തീൻ പാഴൂർ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്നു. ദീർഘ കാല പ്രവാസജീവിതത്തിനിടയിൽ ഈ നാട് നൽകിയ സ്നേഹവും കാരുണ്യവും മനസ്സിൽ നിറച്ചാണ് കോട്ടയം സ്വദേശിയായ ഇദ്ദേഹത്തിന്റെ മടക്കയാത്ര. കാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച മൊയ്തീൻ 1986 സെപ്റ്റംബറിലാണ് ബഹ്റൈനിലെത്തിയത്.
പ്രോഗ്രസിവ് പാരന്റ്സ് അലയൻസ് (പി.പി.എ) ലെയ്സൺ കമ്മിറ്റി അംഗമാണ് മൊയ്തീൻ പാഴൂർ. കഴിഞ്ഞ ദിവസം ഇന്ത്യൻ സ്കൂൾ ബഹ്റൈൻ പി.പി.എ നൽകിയ യാത്രയയപ്പിൽ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ പ്രിൻസ് നടരാജൻ, പി.പി.എ കൺവീനർ വിപിൻ, പേട്രൺ മുഹമ്മദ് ഹുസൈൻ മാലിം എന്നിവരിൽനിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങി. കോട്ടയം താഴത്തങ്ങാടിയാണ് ജന്മനാട്. ബഹ്റൈൻ പൊലീസ് ഡിപ്പാർട്മെന്റിന്റെ ഭാഗമായി വളരെ ഉത്തരവാദിത്തമുള്ള ജോലികൾ നിർവഹിക്കാൻ അവസരം നൽകിയ ഈ രാജ്യത്തെ ഭരണാധികാരികളോട് തീർത്താൽ തീരാത്ത നന്ദിയും കടപ്പാടുമുണ്ടെന്ന് മൊയ്തീൻ പറഞ്ഞു. ഭാര്യ ഷാഹിദയും മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് ഇദ്ദേഹത്തിന്റേത്. മൂത്ത മകൻ സുഹൈൽ കുടുംബത്തോടൊപ്പം ദുബൈയിൽ താമസിക്കുന്നു. രണ്ടാമത്തെ മകൻ ഷുഹൈബ് ബഹ്റൈനിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്നു. ഭാര്യക്കും മൂന്നാമത്തെ മകൾ സഫ്രീനക്കുമൊപ്പമാണ് ഇദ്ദേഹം നാട്ടിലേക്കു തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.