പട്ടാമ്പി കോളജിലെ സൗഹൃദക്കൂട്ട് തുടരുകതന്നെ ചെയ്യും
text_fieldsഹുസൈനും ഷംനക്കും സുഹൃത്തുക്കൾ യാത്രയയപ്പ് നൽകുന്നു
മനാമ: വർഷങ്ങൾക്കുമുമ്പ് പട്ടാമ്പി കോളജിൽ പഠനകാലത്ത് തുടങ്ങിയ കൂട്ടാണ് പവിഴദ്വീപിലും അവരെ ഒന്നിപ്പിച്ചത്. കോളജ് കാലത്ത് സുഹൃത്തുക്കളായവർ പ്രവാസഭൂമിയിലും ഒരുമിച്ചത് യാദൃച്ഛികമായായിരുന്നു. ആ സൗഹൃദം പ്രവാസജീവിതത്തിന്റെ വിരസതയകറ്റാൻ പോന്നതായിരുന്നു. അവരിൽ രണ്ടുപേർ പതിനെട്ട് വർഷത്തെ ബഹ്റൈൻ പ്രവാസം മതിയാക്കി റിയാദിലേക്ക് കൂടുമാറുന്ന വേള ഹൃദയസ്പർശിയായി. എന്നാൽ, ആ കൂട്ട് ഇനിയും തുടരുമെന്ന പ്രതിജ്ഞയിലാണ് ആ സംഗമം അവസാനിച്ചത്. ദമ്പതികളായ ഹുസൈനും ഷംനയുമാണ് തൊഴിലിന്റെ ഭാഗമായി റിയാദിലേക്ക് മാറുന്നത്.
പതിനെട്ട് വർഷങ്ങൾക്ക് മുമ്പാണ് ഹുസൈൻ ബഹ്റൈനിലെ ലുലു ദാനാ മാളിൽ അസിസ്റ്റന്റ് ഫ്ലോർ മാനേജറായി ജോലിക്കെത്തുന്നത്. എം.ബി.എ പഠനശേഷം നേരെ ലുലുവിൽ എത്തുകയായിരുന്നു. പട്ടാമ്പി കോളജിൽനിന്ന് കണ്ടുമുട്ടിയ ഷംനയെ ജീവിതസഖി ആക്കിയതും ആ കാലത്തായിരുന്നു. പിന്നീട് നെസ്റ്റോ ആരംഭിച്ചപ്പോൾ സൽമാനിയയിൽ മാനേജറായി. ആ സമയത്ത് ഷംനയും ഇവിടെയെത്തി. ബി.എഡും എം.എസ്സിയുമുള്ള ഷംന അൽനൂർ സ്കൂളിൽ ടീച്ചറായി ജോലിയിൽ പ്രവേശിച്ചു. ഇപ്പോൾ ബഹ്റൈനിലെ കണ്ടൽ കാടുകളെക്കുറിച്ചും അതിൽ കാണപ്പെടുന്ന പക്ഷികളെക്കുറിച്ചും പിഎച്ച്.ഡിയുടെ ഭാഗമായി ഗവേഷണം ചെയ്യുകയാണ്. ഹുസൈനും ഷംനക്കും മൂന്ന് ആൺമക്കളാണ്. ഇഷാൻ, അശാൽ, അയാഷ്. അൽനൂർ സ്കൂൾ വിദ്യാർഥികളായ മൂന്നുപേരും ഈ പട്ടാമ്പി സൗഹൃദക്കൂട്ടിലംഗങ്ങളായിരുന്നു.
പട്ടാമ്പി കോളജിൽ പഠനകാലം തൊട്ട് ഇന്നും കൂടെയുള്ള നിസാർ കുന്നംകുളത്തിങ്കൽ, മുഹമ്മദ് റസാഖ്, ഉസ്മാൻ പത്തിൽ, അനുമോദ്, കൂടാതെ ഷാസ് പോക്കുട്ടി, അബ്ദുൽ കരീം, നെസി കരീം, സെഫി നിസാർ, ഷഹന ഉസ്മാൻ യൂസഫ് ഹാജി, ആയിഷ യൂസഫ് തുടങ്ങിയവർ ബാൻഗോക്ക് റസ്റ്റാറന്റിൽനടന്ന ചടങ്ങിൽ ഹുസൈനും ഷംനക്കും വികാരനിർഭരമായ യാത്രയയപ്പ് നൽകി. സാമൂഹികരംഗത്ത് സജീവമായ ഹുസൈനും ഷംനയും ബഹ്റൈൻ ഒ.ഐ.സി.സിയുടെ ഭാരവാഹികൾ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

