വ്യാജ ടൂർ പാക്കേജ്; ട്രാവൽ ഏജൻസി ഉടമ അറസ്റ്റിൽ
text_fieldsമനാമ: വ്യാജ യാത്രാ പാക്കേജുകൾ നൽകി പണം തട്ടിയ കേസിൽ ട്രാവൽ ഏജൻസി ഉടമയെയും മറ്റൊരാളെയും ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. നിലവിലില്ലാത്ത ടൂർ പാക്കേജുകൾ വാഗ്ദാനം ചെയ്ത് നിരവധിയാളുകളെ വഞ്ചിച്ചതിനാണ് നടപടി. സാമ്പത്തിക-സൈബർ സുരക്ഷ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ക്രൈംസ് വിഭാഗമാണ് പ്രതികളെ പിടികൂടിയത്.
ട്രാവൽ ഏജൻസി വഴി പണം ബുക്ക് ചെയ്തവർക്ക് വാഗ്ദാനം ചെയ്ത യാത്രാ സൗകര്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് ഇരകൾ നൽകിയ നിരവധി പരാതികളാണ് അറസ്റ്റിലേക്ക് നയിച്ചത്. അധികൃതർ നടത്തിയ വിശദമായ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലും തട്ടിപ്പ് ബോധ്യപ്പെട്ടതോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചതായും കേസ് ഉടൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. ഇത്തരം തട്ടിപ്പുകളിൽ വീഴാതിരിക്കാൻ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് നിർദേശിച്ചു. എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ 992 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ ‘മൈ ഗവൺമെന്റ്’ ആപ് വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

