വ്യാജ ഇൻവോയ്സ് തട്ടിപ്പ് വർധിക്കുന്നു; ബഹ്റൈൻ ബിസിനസുകൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
text_fieldsമനാമ: ബഹ്റൈനിലും മറ്റ് ജി.സി.സി രാജ്യങ്ങളിലും വ്യാജ ഇൻവോയ്സ് തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബിസിനസ് സ്ഥാപനങ്ങൾ അതിജാഗ്രത പാലിക്കണമെന്ന് പ്രമുഖ ഡേറ്റ അനലിറ്റിക്സ് കമ്പനി മുന്നറിയിപ്പ് നൽകി. സേവനദാതാക്കളായും വിൽപനക്കാരായും ആൾമാറാട്ടം നടത്തി കമ്പനികളെ കബളിപ്പിച്ച് പണം തട്ടിയെടുക്കാൻ കൂടുതൽ തട്ടിപ്പുകാർ ശ്രമിക്കുന്നതായി കമ്പനി അധികൃതർ വ്യക്തമാക്കി.
പണം നൽകുന്നതിന് മുമ്പ് ഇൻവോയ്സുകൾ കൃത്യമായി രണ്ടുവട്ടം പരിശോധിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വിശ്വസ്തരായ സപ്ലയർമാരായോ പങ്കാളികളായോ ആൾമാറാട്ടം നടത്തി കമ്പനികളെ കബളിപ്പിച്ച് വ്യാജ ഇൻവോയ്സുകൾക്ക് പണം അടപ്പിക്കുകയോ യഥാർഥ ഇൻവോയ്സുകളുടെ പണം തട്ടിപ്പുകാരുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ടുകളിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്ന ഒരു ഏകോപിത ആക്രമണമാണ് ഇൻവോയ്സ് തട്ടിപ്പ്.
തെറ്റായ പേമെന്റ് വിവരങ്ങൾ ഉൾപ്പെടുത്തിയ വ്യാജ ഇൻവോയ്സുകൾ അയക്കുക, കമ്പനിയുടെ ഇ-മെയിൽ അക്കൗണ്ട് ഹാക്ക് ചെയ്ത് യഥാർഥ ഇ-മെയിൽ ത്രെഡുകൾ തടസ്സപ്പെടുത്തുക, യഥാർഥ കമ്പനിയുടെ ഇ-മെയിൽ വിലാസത്തിന് വളരെ അടുത്ത സാമ്യമുള്ള ഇ-മെയിൽ വിലാസം സൃഷ്ടിച്ച്, ബാങ്കിങ് വിവരങ്ങൾ മാറ്റിയതായി അറിയിക്കുക,
വേഗത്തിൽ പണം അടക്കാൻ സമ്മർദം ചെലുത്തുകയോ യഥാർഥ ഇൻവോയ്സുകളുടെ കൂട്ടത്തിൽ വ്യാജ ഇൻവോയ്സ് ഒളിപ്പിക്കുകയോ ചെയ്യുക എന്നിവയാണ് തട്ടിപ്പുകാർ ഇതിനായി ഉപയോഗിക്കുന്ന പ്രധാന രീതികൾ. സൈബർ ആക്രമണങ്ങളിൽ 41ശതമാനം വരെ ആളുകളെ കബളിപ്പിച്ച് വിവരങ്ങൾ കൈക്കലാക്കുന്ന സാമൂഹിക എൻജിനീയറിങ് ടെക്നിക്കുകളാണ് മിഡിൽ ഈസ്റ്റിൽ ഉപയോഗിക്കുന്നത്. എ.ഐ സാങ്കേതികവിദ്യയുടെ വളർച്ച ഈ തട്ടിപ്പുകൾ കൂടുതൽ എളുപ്പമുള്ളതും വിശ്വസനീയവുമാക്കുന്നു. ജനറേറ്റിവ് എ.ഐ ടൂളുകൾ വേഗത്തിലും എളുപ്പത്തിലും വിശ്വസനീയമായ വ്യാജ ഇൻവോയ്സുകൾ നിർമിക്കുന്നതിനാൽ തട്ടിപ്പുകാർക്ക് അവരുടെ പ്രവർത്തനങ്ങൾ വലിയ തോതിൽ വ്യാപിപ്പിക്കാൻ സാധിക്കുന്നു.
തട്ടിപ്പുകൾ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു പേമെന്റ് അഭ്യർഥന യഥാർഥമാണോയെന്ന് കൃത്യമായി പരിശോധിക്കുക.
ഇൻവോയ്സിലുള്ള കോൺടാക്റ്റ് വിവരങ്ങളെയോ ബാങ്ക് വിവരങ്ങളെയോ മാത്രം ആശ്രയിക്കരുത്.
വിശ്വസ്തമായ ഒരു നമ്പറിൽ നേരിട്ട് ബന്ധപ്പെട്ട വ്യക്തിയെയോ സ്ഥാപനത്തെയോ വിളിച്ച് അക്കൗണ്ട് വിശദാംശങ്ങൾ സ്ഥിരീകരിക്കുക. (ഇൻവോയ്സിൽ തന്നിരിക്കുന്ന നമ്പർ ഉപയോഗിക്കരുത്).
പണം അടക്കുമ്പോൾ അക്കൗണ്ടിലുള്ള പേര് ശരിയായ കമ്പനിയുടെയോ വ്യക്തിയുടെയോ പേരുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക.
ബഹ്റൈനിലെയും ജി.സി.സിയിലെയും കമ്പനികൾ തട്ടിപ്പുകാരെക്കുറിച്ചും അവരുടെ രീതികളെക്കുറിച്ചുമുള്ള വിവരങ്ങൾ കമ്പനികൾ തമ്മിൽ കൈമാറണം.
-തട്ടിപ്പ് ശൃംഖലയെ ചെറുക്കാൻ, റിസ്ക് വിവരങ്ങൾ പങ്കുവെക്കുന്ന മറ്റൊരു നെറ്റ് വർക് രൂപവത്കരിക്കേണ്ടത് അത്യാവശ്യമാണ്.
നിയമപരമായ നടപടികളിലൂടെ തട്ടിപ്പുകാരെ പിടികൂടാൻ റഗുലേറ്റർമാരും നിയമ നിർവഹണ ഏജൻസികളും വിവരങ്ങൾ പങ്കുവെച്ച് സജീവമായി ഇടപെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

