വ്യാജ നിക്ഷേപ, ക്രിപ്റ്റോ കറൻസി തട്ടിപ്പ്; പ്രതികളായ പ്രവാസികൾക്ക് അപ്പീലിലും തിരിച്ചടി
text_fieldsമനാമ: ബഹ്റൈനിൽ വ്യാജ നിക്ഷേപ, ക്രിപ്റ്റോ കറൻസി തട്ടിപ്പ് നടത്തിയതിന് ശിക്ഷിക്കപ്പെട്ട മൂന്ന് വിദേശ പൗരന്മാർ സമർപ്പിച്ച അപ്പീൽ കോടതി തള്ളി. രണ്ട് യുക്രേനിയൻ ദമ്പതികളും ഒരു മൊറോക്കൻ പൗരനും ഉൾപ്പെട്ട സംഘം 12 പേരിൽ നിന്ന് 4,44,000 ദീനാറിലധികം (ഏകദേശം 9.8 കോടി ഇന്ത്യൻ രൂപ) തട്ടിയെടുത്ത കേസിലാണ് വിധി വന്നത്.
ആഗസ്റ്റിൽ ഹൈ ക്രിമിനൽ കോടതി, യുക്രേനിയൻ ദമ്പതികൾക്ക് ഒളിവിലിരിക്കെ ഒമ്പത് വർഷം വീതവും മൊറോക്കൻ പൗരന് അഞ്ച് വർഷവും തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധിക്കെതിരെ സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും എല്ലാ ശിക്ഷകളും കോടതി ശരിവെച്ചു. ഇതോടെ പിഴയും കണ്ടുകെട്ടലും ഉൾപ്പെടെ മൊത്തം തുക 13 ലക്ഷം ദീനാറിനടുത്ത് (ഏകദേശം 28.6 കോടി രൂപ) വരും.
സാമൂഹിക മാധ്യമങ്ങളിലൂടെ ആകർഷകമായ പരസ്യങ്ങൾ നൽകിയാണ് ഇവർ ഇരകളെ വലയിലാക്കിയത്. സ്വർണം, പെട്രോൾ, ഡിജിറ്റൽ കറൻസികൾ എന്നിവയിൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് ഇരകളെ കബളിപ്പിച്ച് വൻ തുകകൾ കൈക്കലാക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികളായ യുക്രേനിയൻ ദമ്പതികൾ തങ്ങളുടെ 12 ഇരകളെ ചുരുങ്ങിയ സമയം കൊണ്ട് വലിയ ലാഭം വാഗ്ദാനം ചെയ്ത് കബളിപ്പിക്കുകയായിരുന്നു.
പിന്നീട് തങ്ങളുടെ പണം നഷ്ടമായെന്ന് മനസ്സിലാക്കിയ ഇരകൾ അധികൃതരെ സമീപിക്കുകയായിരുന്നു. പണം വെളുപ്പിക്കുന്നതിനും തങ്ങളുടെ പദ്ധതിക്ക് നിയമപരമായ സാധുത നൽകുന്നതിനും വേണ്ടിയാണ് ഇവർ ഒരു കമ്പനി ആരംഭിച്ചത്. പിന്നീട് മൊറോക്കൻ പൗരനെയും തട്ടിപ്പ് സംഘത്തിൽ ചേർത്തു.
മൊറോക്കൻ പൗരന്റെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഇരകളിൽ നിന്ന് പണം സ്വീകരിച്ചതെന്നും തുടർന്ന് സ്പെയിൻ, പോളണ്ട്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്ക് പണം കൈമാറിയെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ബഹ്റൈൻ സെൻട്രൽ ബാങ്കിൽ നിന്ന് ഓഹരികളോ ഡിജിറ്റൽ കറൻസികളോ വാങ്ങാനും വ്യാപാരം നടത്താനും ലൈസൻസ് ഇല്ലാത്ത ഒരു കമ്പനിയാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ഇരകളെ വിശ്വാസത്തിലെടുക്കാൻ ആദ്യം ചെറിയ ലാഭം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. യുക്രേനിയൻ കൂട്ടാളികൾക്ക് 444,291 ദീനാറും മൊറോക്കൻ പ്രതിക്ക് 83,711 ദീനാറുമാണ് ഇരകളിൽ നിന്ന് ലഭിച്ചത്. മൊറോക്കൻ പ്രതി മാത്രമാണ് കോടതിയിൽ ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

