വ്യാജ തൊഴിൽ തട്ടിപ്പ്; രണ്ടുപേർക്ക് 10 വർഷം തടവും പിഴയും വിധിച്ച് കോടതി
text_fieldsമനാമ: ലേബർ ഫണ്ട് (തംകീൻ) നൽകുന്ന സാമ്പത്തിക സഹായ പദ്ധതികൾ ദുരുപയോഗം ചെയ്ത് വ്യാജ തൊഴിൽ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ ബഹ്റൈൻ ഒന്നാം ഗ്രാൻഡ് ക്രിമിനൽ കോടതി ശിക്ഷിച്ചു. രണ്ടു വ്യത്യസ്ത കേസുകളിലായി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് 10 വർഷം വീതം തടവും 10,000 ബഹ്റൈനി ദിനാർ വീതം പിഴയും വിധിച്ചു.
തംകീൻ നടത്തിയ പരിശോധനകളിലും മറ്റ് ഔദ്യോഗിക സംവിധാനങ്ങൾ ഏകോപിപ്പിച്ച് നടത്തിയ അന്വേഷണങ്ങളിലുമാണ് തട്ടിപ്പ് പുറത്തുവന്നത്. സ്ഥാപനങ്ങളിൽ ജീവനക്കാരെ വ്യാജമായി രജിസ്റ്റർ ചെയ്യുകയും, വ്യാജ രേഖകൾ ചമച്ച് അർഹതയില്ലാത്ത സാമ്പത്തിക ആനുകൂല്യങ്ങൾ കൈപ്പറ്റുകയുമായിരുന്നു പ്രതികൾ. തംകീൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി കേസ് കോടതിക്ക് കൈമാറുകയായിരുന്നു.
സഹായ പദ്ധതികൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കടുത്ത നിരീക്ഷണവും നിയമനടപടിയും തുടരുമെന്ന് തംകീൻ വ്യക്തമാക്കി. വ്യാജ തൊഴിൽ, വേതനത്തിൽ വരുത്തുന്ന ക്രമക്കേടുകൾ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.
മറ്റ് ചട്ടലംഘനങ്ങൾ നടത്തുന്നവർക്കെതിരെ തംകീന്റെ വിതരണം ചെയ്ത തുക തിരിച്ചുപിടിക്കൽ, പദ്ധതികളിൽ നിന്ന് വിലക്കേർപ്പെടുത്തൽ തുടങ്ങിയ ശിക്ഷാനടപടികൾ സ്വീകരിക്കും. പൊതുമുതൽ സംരക്ഷിക്കുന്നതിനും സഹായങ്ങൾ അർഹരായവരിലേക്ക് മാത്രം എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റ് (tamkeen.bh/whistleblower-form), ഹോട്ട്ലൈൻ (17383383) എന്നിവ വഴി അധികൃതരെ അറിയിക്കണമെന്ന് തംകീൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

