ബഹ്‌റൈനിൽ ഫാക്ടറികൾക്ക് ഇറക്കുമതി തീരുവയില്ലാതെ അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യാം
text_fieldsമനാമ: ചില അസംസ്കൃത വസ്തുക്കളും പാർട്സുകളും കസ്റ്റംസ് തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ ഫാക്ടറികളെ അനുവദിച്ചുകൊണ്ട് ബഹ്‌റൈൻ പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ദേശീയ വ്യവസായങ്ങളെയും ഉത്പാദന മേഖലയെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന നീക്കമാണിത്. 'ഡിസിഷൻ 63 ഓഫ് 2025' പ്രകാരം, നാല് വ്യക്തമായ വ്യവസ്ഥകളോടെയാണ് തീരുവ ഒഴിവാക്കൽ നൽകുന്നത്.
പ്രാദേശികമായി ഉൽപ്പാദിപ്പിക്കുമ്പോൾ ഇറക്കുമതി വിലയേക്കാൾ 10 ശതമാനത്തിലധികം ചെലവ് വരുമെങ്കിൽ, കമ്പനികൾക്ക് കസ്റ്റംസ് തീരുവയില്ലാതെ ഇറക്കുമതി ചെയ്യാം. ആവശ്യമായ ഉൽപ്പന്നം ബഹ്‌റൈനിൽ നിർമ്മിക്കുന്നില്ലെങ്കിലോ ആവശ്യമായ നിലവാരത്തിലുള്ള ഉൽപ്പന്നങ്ങൾ രാജ്യത്ത് ലഭ്യമല്ലെങ്കിലോ തീരുവയില്ലാതെ ഇറക്കുമതി ചെയ്യാവുന്നതാണ്. ആവശ്യമായ സമയപരിധിക്കുള്ളിൽ പ്രാദേശികമായി ഉൽപ്പാദിപ്പിക്കാൻ കഴിയില്ലെങ്കിലും തീരുവ ഇളവ് ലഭിക്കും.
ഈ നയം ഉൽപ്പാദനച്ചെലവ് കുറയ്ക്കാനും വിതരണ ശൃംഖലകൾ സുരക്ഷിതമാക്കാനും പ്രാദേശിക നിർമ്മാതാക്കൾക്ക് കൂടുതൽ മത്സരക്ഷമത നൽകാനും ലക്ഷ്യമിടുന്നതായി അധികൃതർ പറയുന്നു. ദേശീയ വ്യവസായങ്ങളെയും പ്രാദേശിക ഉള്ളടക്കത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു തന്ത്രപരമായ നടപടിയാണിതെന്ന് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു എന്ന് വിശേഷിപ്പിച്ചു.
ബഹ്‌റൈന്റെ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന തൂണാണ് ഉത്പാദന മേഖലയെന്നും അതിന്റെ വളർച്ചയ്ക്ക് സർക്കാർ ശക്തമായ പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നിയമങ്ങൾ വ്യാവസായിക മേഖലയുടെ തന്ത്രം (2022-2026), ബഹ്‌റൈന്റെ സാമ്പത്തിക ദർശനം 2030 എന്നിവയുമായി യോജിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഈ നിയമങ്ങൾ ഫാക്ടറികളെ ഉത്പാദനം വികസിപ്പിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ബഹ്‌റൈനിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിലനിർത്താനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ബഹ്‌റൈന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് മൊത്തത്തിൽ ഗുണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

