മേഖലയിലെ സംഘർഷത്തിനിടയിലും കയറ്റുമതി വ്യാപാരത്തിൽ തിരിച്ചുവരവ്
text_fieldsമനാമ: മാർച്ച് മാസം മുതൽ യു.എസ്-ഇറാൻ സംഘർഷം, ഇറാനിയൻ ആക്രമണങ്ങൾ, വ്യോമപാത അടയ്ക്കൽ, ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗത തടസ്സം എന്നിവ മൂലം വ്യാപാര മേഖലയിലുണ്ടായ തിരിച്ചടികൾക്ക് ശേഷം ബഹ്‌റൈന്റെ വിദേശവ്യാപാരം കുതിപ്പിലേക്ക്. ജൂൺ മാസത്തിൽ രാജ്യത്തിന്റെ ആകെ ദേശീയ ഉൽപന്ന കയറ്റുമതി 259 ദശലക്ഷം ബഹ്‌റൈനി ദിനാറിലെത്തിയതായി ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി വ്യക്തമാക്കി.
ആകെ കയറ്റുമതിയുടെ 77 ശതമാനവും അലുമിനിയം, ഇരുമ്പ്, സ്റ്റീൽ എന്നിവയാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇവയുടെ മാത്രം ആകെ മൂല്യം 199.5 ദശലക്ഷം ദിനാറാണ്. ഇതിൽ അലുമിനിയവും അനുബന്ധ ഉൽപന്നങ്ങളും 116.2 ദശലക്ഷം ദിനാറും, ഇരുമ്പും സ്റ്റീലും 50.2 ദശലക്ഷം ദിനാറും, ഇരുമ്പ്-സ്റ്റീൽ നിർമ്മിത ഉൽപന്നങ്ങൾ 33.1 ദശലക്ഷം ദിനാറും നേടി. അലോയ്ഡ് അലുമിനിയം വയറുകളുടെ കയറ്റുമതിയിലും വൻ വർധനവുണ്ടായി. മാർച്ചിലെ 1.3 ദശലക്ഷം ദിനാറിൽ നിന്ന് ഏപ്രിലിൽ 6.3 ദശലക്ഷമായും മേയിൽ 12.1 ദശലക്ഷമായും ജൂണിൽ 19.1 ദശലക്ഷം ദിനാറായും ഇത് കുതിച്ചുയർന്നു. വർഷത്തിന്റെ ആദ്യ രണ്ടു മാസങ്ങളിലെ ശരാശരിയേക്കാൾ 219.7 ശതമാനം ഉയർന്ന മൂല്യമാണിത്. അമേരിക്ക (10.1 ദശലക്ഷം ദിനാർ), സൗദി അറേബ്യ (4.7 ദശലക്ഷം ദിനാർ) എന്നിവരിലേക്കാണ് പ്രധാനമായും കയറ്റുമതി നടന്നത്.
ഇതുകൂടാതെ ചെമ്പ് പൈപ്പുകളുടെ കയറ്റുമതി ജൂണിൽ 4.7 ദശലക്ഷം ദിനാറിലെത്തി (859 ടൺ). യു.എ.ഇയും സൗദി അറേബ്യയുമാണ് ഇതിന്റെ പ്രധാന ഉപഭോക്താക്കൾ. അതേസമയം, ജൂൺ മാസത്തിലെ ആകെ ഇറക്കുമതി 372.5 ദശലക്ഷം ദിനാറായിരുന്നു. 32.6 ദശലക്ഷം ദിനാർ മൂല്യമുള്ള 677.8 കിലോഗ്രാം തങ്കക്കട്ടികളാണ് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത്. ഓസ്ട്രേലിയ, വിയറ്റ്നാം, ചൈന എന്നിവിടങ്ങളിൽ നിന്നായി 31 ദശലക്ഷം ദിനാറിന്റെ അലുമിനയും ഇറക്കുമതി ചെയ്തു. യുകെയിൽ നിന്നുള്ള ജെറ്റ് എൻജിനുകൾ, യു.എ.ഇയിൽ നിന്നുള്ള ഗോതമ്പ് മാവ്, വിവിധ മരുന്നുകൾ എന്നിവയും പ്രധാന ഇറക്കുമതി ഇനങ്ങളിൽ ഉൾപ്പെടുന്നു.
ഇതോടൊപ്പം റീ-എക്സ്പോർട്ട് മേഖലയിൽ 53.8 ദശലക്ഷം ദിനാറിന്റെ വ്യാപാരം നടന്നു. സ്വർണ്ണക്കട്ടികൾ (7.6 ദശലക്ഷം ദിനാർ), വിമാന എൻജിനുകൾ (5 ദശലക്ഷം ദിനാർ), വിമാന ഭാഗങ്ങൾ എന്നിവയാണ് പ്രധാനമായും മറുനാടുകളിലേക്ക് പുനർ കയറ്റുമതി ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

