കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപന്നങ്ങൾ വിറ്റു; ഉടമയടക്കം 29 ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് അധികൃതർ
text_fieldsമനാമ: കാലാവധി കഴിഞ്ഞ ഭക്ഷ്യോൽപന്നങ്ങൾ വിറ്റുവെന്നാരോപിച്ച് വിതരണ കമ്പനിയിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്ത് അധികൃതർ. കമ്പനിയുടെ ഉടമകൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവരുൾപ്പെടെ 29 പേരെയാണ് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതരുടെ നേതൃത്വത്തിൽ പിടികൂടിയത്.
കമ്പനിയുടെ വെയർഹൗസും എല്ലാ വിൽപനശാലകളും പിടിച്ചെടുക്കാനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ബിസ്കറ്റുകളും കുക്കികളുമടങ്ങുന്ന കേടായ ഭക്ഷണ പദാർഥങ്ങൾ അവയുടെ കാലാവധി തീയതികളിൽ മാറ്റം വരുത്തിയോ മാറ്റി പാക്കുചെയ്യുകയോ ചെയ്തശേഷം വിൽപന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കമ്പനിയിലെ ജീവനക്കാരൻ നോർത്തേൺ ഗവർണറേറ്റിലെ ഖാമിസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തന്നെ കാലാവധി കഴിഞ്ഞ ഭക്ഷണങ്ങളുടെ ഡേറ്റ് മാറ്റാൻ നിർബന്ധിപ്പിച്ചുവെന്നാണ് പരാതി. യഥാർഥ തീയതികൾ നീക്കം ചെയ്ത് പുതിയ തീയതികൾ ഉപയോഗിച്ചാണ് വസ്തുക്കൾ വിൽപനക്ക് നൽകുന്നതെന്നായിരുന്നു വെളിപ്പെടുത്തൽ. റിപ്പോർട്ടിനൊപ്പം ഒരു വിഡിയോയും പ്രവാസിയായ തൊഴിലാളി സമർപ്പിച്ചു. തുടർന്ന്, കേസ് വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കൈമാറുകയായിരുന്നു. അവർ നടപടിക്രമങ്ങൾ ആരംഭിക്കുകയും കമ്പനിയുടെ വെയർഹൗസും സ്റ്റോറുകളും അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്യുകയായിരുന്നു.
കാലാവധി കഴിഞ്ഞ സാധനം കൈവശംവെക്കൽ, കാലവധി തീയതികളിൽ മാറ്റം വരുത്തി വിൽപന നടത്തൽ എന്നിവക്കെതിരെ വ്യാപകമായ രീതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫസ്റ്റ് ചീഫ് പ്രോസിക്യൂട്ടറും അസിസ്റ്റന്റ് അറ്റോർണി ജനറലുമായ വഈൽ ബുഅലി വ്യക്തമാക്കി.
കമ്പനിയുടെ പേരുവിവരങ്ങളും പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടിട്ടുണ്ട്. സാധാരണ സാഹചര്യങ്ങളിൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സംശയിക്കുന്നവരുടെയും കമ്പനികളുടെയും പേര് വിവരങ്ങൾ പുറത്തുവിടാറില്ല. എന്നാൽ, ഈ കേസിൽ കമ്പനിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ തീരുമാനിച്ചതായും മിസ്റ്റർ ബുഅലി പറഞ്ഞു.
ഭക്ഷ്യസുരക്ഷയെ ബാധിക്കുന്നതും പൊതുജനാരോഗ്യത്തെ അപകടത്തിലാക്കുന്നതുമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമം കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ക്രമക്കേടുകളും പൂർണമായി കണ്ടെത്തുന്നതിനും കേസ് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തുന്നതിനുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

