സർക്കാർ ബന്ധമുള്ള സ്ഥാപനങ്ങളിലെ പ്രവാസികളുടെ വിസ ഇനി ബഹ്റൈനൈസേഷൻ നിയമം അനുസരിച്ചാകണം
text_fieldsമനാമ: സർക്കാർ ബന്ധമുള്ള സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാരുടെ തൊഴിൽ വിസകൾ ഇനിമുതൽ ബഹ്റൈനൈസേഷൻ നിയമങ്ങളുടെ പുരോഗതിയെ ആശ്രയിച്ചിരിക്കും. രാജ്യത്തെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഈ സുപ്രധാന നിർദേശം നിലവിൽ പാർലമെൻറിലെ സർവിസ് കമ്മിറ്റിയുടെ പരിഗണനയിലാണ്. എം.പി ഡോ. മുനീർ സറൂർ ആണ് ഈ പദ്ധതി പാർലമെൻറിന് മുന്നിൽ സമർപ്പിച്ചത്. യോഗ്യതയുള്ള ബഹ്റൈൻ പൗരന്മാർക്ക് ഭരണപരവും നേതൃപരവുമായ തസ്തികകളിൽ പ്രഥമ പരിഗണന നൽകണമെന്ന് നിർദേശത്തിൽ പറയുന്നു.
നിരവധി തസ്തികകളിൽ വിദേശ ജീവനക്കാർ ദീർഘകാലം തുടരുന്നത് കഴിവുള്ള പൗരന്മാർക്ക് സ്ഥാനക്കയറ്റത്തിനുള്ള വഴി അടയ്ക്കുന്നതായി നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ തസ്തികകളിൽ ആദ്യം പരിഗണിക്കേണ്ടത് യോഗ്യരായ ബഹ്റൈനികളെ ആയിരിക്കും. ഒഴിവുവരുന്ന തസ്തികകളിലേക്ക് ആദ്യമായി റഫറൻസിനായി ഉപയോഗിക്കുന്നതിനായി, യോഗ്യരായ ബഹ്റൈൻ പൗരന്മാരുടെ മേഖലയും അനുഭവപരിചയവും വൈദഗ്ധ്യവും ഉൾപ്പെടുത്തിയുള്ള ഒരു ദേശീയ ഡാറ്റാബേസ് സ്ഥാപിക്കും.
കൂടാതെ ഓരോ കമ്പനിയും ആഭ്യന്തര റിപ്ലേസ്മെൻറ് പദ്ധതി തയാറാക്കണം. ഇതിൽ വാർഷിക ലക്ഷ്യങ്ങൾ, നിയമന-പരിശീലന മാർഗങ്ങൾ, താഴെ തലം മുതൽ ഉന്നത തസ്തികകൾ വരെയുള്ള ബഹ്റൈനൈസേഷൻ അനുപാതം ഉയർത്താനുള്ള സമയക്രമം എന്നിവ ഉണ്ടായിരിക്കണം. വിദേശ ജീവനക്കാരുടെ വിസ പുതുക്കി നൽകുന്നത്, കമ്പനി ബഹ്റൈനൈസേഷനിൽ കൈവരിച്ച പുരോഗതിയുമായി ബന്ധിപ്പിക്കും. അനുയോജ്യനായ ബഹ്റൈൻ പൗരൻ ലഭ്യമല്ലെങ്കിൽ മാത്രമേ താലക്കാലിക ഇളവുകൾ അനുവദിക്കൂ.
പൗരന്മാരെ ഉന്നതസ്ഥാനങ്ങളിലേക്ക് സജ്ജമാക്കാൻ സർവകലാശാലകളുമായും പരിശീലന കേന്ദ്രങ്ങളുമായും ചേർന്ന് പ്രത്യേക പരിശീലന പരിപാടികൾക്കും പദ്ധതി ആവിഷ്കരിക്കുന്നുണ്ട്. നിയമങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് സാങ്കേതികപരമായ വിദഗ്ധരെ നിയമിക്കുന്നതിന് എളുപ്പമുള്ള മാർഗങ്ങളും തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഫീസുകളിൽ ഇളവുകളും ലഭിക്കാൻ സാധ്യതയുണ്ട്. ബഹ്റൈൻ പൗരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകാനും സുസ്ഥിരമായ ഒരു തൊഴിൽ വിപണി സൃഷ്ടിക്കാനുമാണ് ഈ നിർദേശത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

