ജി.സി.സി-നോർത്ത് ആഫ്രിക്ക റീജ്യനിൽ പ്രവാസികളുടെ ഇഷ്ട രാജ്യം ബഹ്റൈൻ
text_fieldsമനാമ: പ്രവാസികളുടെ ഇഷ്ടരാജ്യമായി ബഹ്റൈൻ മുൻനിരയിൽ. പ്രവാസിസമൂഹത്തെ കേന്ദ്രീകരിച്ച് ഇന്റർനാഷനൽസ് എസ്റ്റാബ്ലിഷ്മെന്റ് നടത്തിയ എക്സ്പാറ്റ് ഇൻസൈഡർ 2023 സർവേയിലാണ് ജി.സി.സി-നോർത്ത് ആഫ്രിക്ക റീജ്യനിൽ ഏറ്റവും ഇഷ്ടരാജ്യമായി ബഹ്റൈനെ തിരഞ്ഞെടുത്തത്. തുടർച്ചയായ രണ്ടാം വർഷമാണ് എക്സ്പാറ്റ് എസൻഷ്യൽസ് ഇൻഡക്സിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം ബഹ്റൈൻ നിലനിർത്തിയത്. ജീവിക്കാനും ജോലിചെയ്യാനും ഏറെപേരും ഇഷ്ടപ്പെടുന്ന രാജ്യമാണ് ബഹ്റൈൻ. ദൈനംദിന സുപ്രധാന സേവനങ്ങൾ സുരക്ഷിതമായും എളുപ്പത്തിലും ലഭിക്കുമെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സാക്ഷ്യപ്പെടുത്തി.
ഭരണകൂടത്തിൽനിന്ന് ലഭിക്കേണ്ട സേവനങ്ങളും എളുപ്പത്തിലും കാര്യക്ഷമമായും ലഭിക്കുമെന്ന് 86 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഭരണപരമായ വിഷയങ്ങളിൽ ആശങ്കക്കുള്ള ഒന്നുമില്ല. ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ എളുപ്പത്തിൽ സാധിക്കുമെന്നും അധികപേരും അഭിപ്രായപ്പെടുന്നു. അധികാരികളുമായി ഇടപെടുന്നതിൽ ആഗോളതലത്തിലുള്ള ശരാശരിയേക്കാൾ എളുപ്പമാണ് രാജ്യത്തുള്ളത്. സ്ഥിരതയിൽ ആഗോള ശരാശരിയേക്കാൾ മികവ് പുലർത്തുന്നതോടൊപ്പം പ്രാദേശിക ഭാഷ അറിയാത്തതിന്റെ തടസ്സങ്ങൾ നിത്യജീവിതത്തിൽ ഒരു നിലക്കും പ്രയാസം സൃഷ്ടിക്കുന്നുമില്ല. മെച്ചപ്പെട്ട തൊഴിൽ സാധ്യതകളാണുള്ളത്. നവീകരണവും സർഗാത്മകതയും നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷമാണുള്ളത്.
സാമൂഹിക സുരക്ഷ, സൗഹൃദങ്ങളുണ്ടാക്കുന്നതിൽ കൂടുതൽ എളുപ്പം എന്നിവയിലും മികവ് പുലർത്തുന്നു. നിക്ഷേപകർക്ക് ആശ്രയിക്കാൻ കഴിയുന്ന രാജ്യമെന്ന ഖ്യാതിയും അടിസ്ഥാന സേവനങ്ങളുടെ ലഭ്യതയും അവ സന്ദർശകർക്കും പ്രവാസികൾക്കും എളുപ്പത്തിൽ ലഭ്യമാവുകയും ചെയ്യുന്നു. വൈദഗ്ധ്യമുള്ള പ്രാദേശിക തൊഴിലാളികളുടെ പിന്തുണ ബിസിനസ് മേഖലയിൽ പുരോഗതി പ്രാപിക്കുന്നതിനുള്ള സൗകര്യവും ഒരുക്കുന്നു.
4000 വർഷത്തിലേറെ പഴക്കമുള്ള വ്യാപാരകേന്ദ്രമെന്ന നിലയിൽ, ആതിഥ്യമര്യാദ രാജ്യത്തിന്റെ സംസ്കാരമാണെന്ന് സർവേയോട് പ്രതികരിച്ചുകൊണ്ട് ബഹ്റൈൻ ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡിലെ സ്ട്രാറ്റജി ചീഫ് നദ അൽ സയീദ് പറഞ്ഞു. അന്താരാഷ്ട്രവ്യാപാരം അഭിവൃദ്ധിപ്പെടാനും ബഹുരാഷ്ട്ര കോർപറേഷനുകളടക്കം വളരാനും രാജ്യത്തെ സാഹചര്യം സഹായകമാണ്. 171 രാജ്യങ്ങളിൽനിന്നായി 12,000ത്തിലധികം പേരാണ് സർവേയിൽ പങ്കാളികളായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.