നടൻ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനവുമായി പ്രവാസികൾ
text_fieldsശ്രീനിവാസൻ
മലയാളിയെ ആക്ഷേപഹാസ്യത്തിലൂടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസൻ. പി.എ. ബക്കറിന്റെ മണിമുഴക്കം എന്ന സിനിമയിലൂടെ മലയാളിയുടെ കാഴ്ചാകുതൂഹലത്തിലേക്ക് കടന്നുവന്ന അദ്ദേഹം മേള, കോലങ്ങൾ, പഞ്ചവടിപ്പാലം, യവനിക തുടങ്ങി കെ.ജി. ജോർജ് ചലച്ചിത്രങ്ങളിൽ ഒരുകാലത്ത് സ്ഥിരം സാന്നിധ്യമായിരുന്നു. മേളയിൽ മമ്മൂട്ടി എത്തപ്പെടുന്നത് പോലും ശ്രീനിയുടെ ശിപാർശയിലാണ്.
പിന്നീട് പ്രിയദർശന്റെ സിനിമകളിൽ തിരക്കഥകൾ എഴുതിത്തുടങ്ങിയ ശ്രീനിവാസൻ സത്യൻ അന്തിക്കാടുമായി ചേർന്നപ്പോഴാണ് മലയാളിക്ക് ഏക്കാലത്തും ഓർക്കാൻ പാകത്തിലുള്ള അഭ്രകാവ്യങ്ങളും സംഭാഷണങ്ങളും പിറവി കൊണ്ടത്. സന്ദേശത്തിലെ പ്രശസ്തമായ ‘നമ്മൾ എന്തുകൊണ്ട് തോറ്റു’ എന്ന ഡയലോഗ് ഈ തിരഞ്ഞെടുപ്പിന് ശേഷവും സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന ഒന്നായിരുന്നു. 40 വയസ്സ് പിന്നിട്ട ഒരാളുടെ ബാല്യ, കൗമാര, യൗവനങ്ങളിൽ മുഴുക്കെ ചിരിപ്പിച്ചു ചിന്തിപ്പിച്ചും ശ്രീനിവാസൻ എന്ന വ്യക്തിയുണ്ടായിരുന്നു. രജനികാന്ത് ഉൾപ്പെടെ ഇന്നത്തെ വലിയ പല താരങ്ങളും അദ്ദേഹത്തിന്റെ സഹപാഠികളായി ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിൽ പഠിച്ചവരായിരുന്നു. ഒരു കൊമേഡിയൻ അല്ലായിരുന്നുവെങ്കിൽ, എം.ടിയെപ്പോലെ, ലോഹിയെപ്പോലെ കേരളം ആദരിക്കുന്ന ഒരു തിരക്കഥാകൃത്തായി അദ്ദേഹം ചർച്ച ചെയ്യപ്പെടുമായിരുന്നു എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകളിലെ സത്യസന്ധതയും ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളും പൊങ്ങച്ചങ്ങളും പൊയ്മുഖങ്ങളുമെല്ലാം വേണ്ട വിധത്തിൽ സാംസ്കാരിക കേരളം ചർച്ച ചെയ്തില്ല എന്നുതന്നെ പറയേണ്ടി വരും.
മലയാളസിനിമയിലെ പറമ്പരാഗത നായകസങ്കൽപ്പങ്ങളെ പൊളിച്ചെഴുതി ഗ്രാമ വിശുദ്ധി നിറഞ്ഞ ആഖ്യാനങ്ങൾ കൊണ്ട് സമ്പന്നമാക്കിയ ശ്രീനിവാസൻ എന്ന കലാകാരൻ വിട പറഞ്ഞെങ്കിലും അദ്ദേഹം തന്നുപോയ കഥകൾ ഈ മണ്ണിൽ തന്നെയുണ്ടാവും. ആ തൂലികയിൽ നിന്ന് വിരിഞ്ഞ സംഭാഷണങ്ങളിൽ പലതും പറിച്ചെറിയാൻ പറ്റാതെ നമ്മുടെ ജീവിതത്തിൽ പറ്റിപ്പിടിച്ചുനിൽക്കുന്ന പോലെ നിറമുള്ള ഓർമയായി ആ വലിയ കലാകാരൻ അമരനായിത്തന്നെ തുടരും.
മലയാള സിനിമക്ക് തീരാനഷ്ടം -കെ.പി.എ
മനാമ: മലയാള സിനിമാലോകത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ ഒരുപോലെ തിളങ്ങിയ ശ്രീനിവാസന്റെ വിയോഗവാർത്ത അത്യന്തം ദുഃഖകരമാണെന്നും കൊല്ലം പ്രവാസി അസോസിയേഷന്റെ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റർ, ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കലാ-സാഹിത്യവിഭാഗം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ എന്നിവർ അറിയിച്ചു.
സ്വതസിദ്ധമായ അഭിനയശൈലിയിലൂടെയും ആഴമുള്ള തിരക്കഥകളിലൂടെയും സാമൂഹിക പ്രസക്തിയുള്ള സിനിമകളിലൂടെയും മലയാള സിനിമക്ക് എല്ലാമായിരുന്ന ഒരു സമ്പൂർണ കലാകാരനായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ സംഭാവനകൾ തലമുറകളോളം മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കും. മലയാള സിനിമാലോകത്തിന് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു ശ്രീനിവാസന്. ലളിതമായ കഥാപാത്രങ്ങളിലൂടെ സാധാരണക്കാരന്റെ ജീവിതത്തെ അഭ്രപാളിയില്‍ എത്തിക്കാന്‍ ശ്രീനിവാസന് കഴിഞ്ഞിരുന്നു.
അതിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അദ്ദേഹത്തിന്റെ നിര്യാണം മലയാളസിനിമക്കും കലാസാംസ്കാരിക രംഗത്തിനും തീരാനഷ്ടമാണ്. ആത്മാവിന് ശാന്തി നേരുന്നതോടൊപ്പം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടേയും ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രയാസകരമായ ഈ സാഹചര്യം അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും കെ.പി.എ വാര്‍ത്തക്കുറിപ്പിൽ അറിയിച്ചു.
ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു
മനാമ: മലയാളസിനിമയിലെ പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ വിയോഗത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലയാളികളെ ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മികച്ച കലാകാരനായിരുന്നു അദ്ദേഹമെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
സാധാരണക്കാരുടെ ജീവിതവിഷയങ്ങളും പ്രശ്നങ്ങളും ലളിതമായ ഹാസ്യത്തിലൂടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. സിനിമയിലൂടെ സമൂഹത്തിലെ തെറ്റായ പ്രവണതകളെ അദ്ദേഹം ശക്തമായി വിമർശിച്ചു.
ബാക്കിവെച്ചുപോയ കഥകളും കഥാപാത്രങ്ങളും മലയാളികൾക്ക് എന്നും ഓർത്തിരിക്കാവുന്നതാണ്. ആ പ്രതിഭയുടെ വിയോഗത്തിൽ ദുഃഖിതരായ സിനിമ പ്രേമികളുടെയും കുടുംബത്തിന്റെയും വിഷമത്തിൽ പങ്കുചേരുന്നതായി ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, ആർട്സ് വിങ് കൺവീനർ റിച്ചി കളത്തൂരേത്ത് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
മലയാളസിനിമയിലെ അസ്തമിക്കാത്ത സൂര്യൻ
മനോജ് മയ്യന്നൂർ (സ്റ്റേജ് ഷോ സംവിധായകൻ, സംഘാടകൻ)
മനോജ് മയ്യന്നൂർ (സ്റ്റേജ് ഷോ സംവിധായകൻ, സംഘാടകൻ)
മലയാള സിനിമയുടെ ഒരു കാലഘട്ടം അവസാനിച്ചു. നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാളസിനിമയെ ആഴത്തിൽ സ്വാധീനിച്ച ശ്രീനിയേട്ടനെ നമുക്ക് നഷ്ടമായിരിക്കുന്നു. അദ്ദേഹം സംഭാവന ചെയ്ത ഓരോ കഥാപാത്രവും എഴുതിയ ഓരോ വരിയും നമ്മുടെ മനസ്സിൽ ചിന്തയും ചിരിയും ജനിപ്പിക്കുന്നു. സാധാരണ മനുഷ്യന്റെ വേദനകളും സ്വപ്നങ്ങളും സ്ക്രീനിൽ ജീവൻ കൊടുത്ത് അവതരിപ്പിച്ച കലാകാരൻ.
തിരക്കഥകളിലൂടെയും അഭിനയത്തിലൂടെയും ശ്രീനിയേട്ടൻ മലയാളികൾക്ക് സമ്മാനിച്ചത് വെറും സിനിമകളല്ല. ജീവിത പാഠങ്ങളാണ്. എന്റെ പതിനഞ്ചാമത്തെ വയസ്സിൽ അദ്ദേഹത്തിന്റെ കൈയിൽ നിന്ന് ആദരവ് ഏറ്റുവാങ്ങാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അന്ന് തുടങ്ങിയ ബന്ധം കഴിഞ്ഞ മുപ്പത്തിയഞ്ചുവർഷവും ഞാൻ ശ്രീനിയേട്ടനുമായി എന്തെങ്കിലും കാര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭാവം കലാ-സാംസ്കാരിക ലോകത്തിനു തീരാനഷ്ടമാണ്. സാധാരണമനുഷ്യരുടെ ഹൃദയങ്ങളിലൂടെ കാലത്തിന് മുമ്പേ സഞ്ചരിച്ച മഹാനായ താങ്കൾക്ക് മരണമില്ല. കോടാനുകോടി മലയാളികളുടെ ഹൃദയങ്ങളിൽ താങ്കൾ ഒരിക്കലും മരിക്കില്ല.! പ്രിയപ്പെട്ട ശ്രീനിയേട്ടന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

