Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലി ഉപേക്ഷിച്ചു പോകുന്ന പ്രവാസികളുടെ നിരക്ക് കുറവ്; സ്ഥിതി ആശങ്കാജനകമല്ലെന്ന് മന്ത്രി

text_fields
bookmark_border
ജോലി ഉപേക്ഷിച്ചു പോകുന്ന പ്രവാസികളുടെ നിരക്ക് കുറവ്; സ്ഥിതി ആശങ്കാജനകമല്ലെന്ന് മന്ത്രി
cancel

മനാമ: ബഹ്റൈനിൽ തൊഴിലുടമകളെ വഞ്ചിച്ച് ജോലി ഉപേക്ഷിച്ചു പോകുന്ന വിദേശ തൊഴിലാളികളുടെ നിരക്ക് രാജ്യത്തെ ആകെ തൊഴിലാളി ശക്തിയുടെ 2.28 ശതമാനം മാത്രമാണെന്ന് സർക്കാർ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതൊരു വ്യാപകമായ പ്രതിഭാസമല്ലെന്നും പാർലമെന്റ്-ശൂറ കൗൺസിൽ കാര്യ മന്ത്രി ഗാനിം അൽ ബുഐനൈൻ അറിയിച്ചു. വിദേശികളും ഗാർഹിക തൊഴിലാളികളുമായ ജീവനക്കാർ ജോലി ഉപേക്ഷിക്കുന്നത് തടയാൻ അടിയന്തര നടപടികൾ വേണമെന്ന പാർലമെന്റ് നിർദേശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്യും.

നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ച് ഒരു വിദേശ തൊഴിലാളി ജോലി ഉപേക്ഷിച്ചാൽ തൊഴിലുടമ ഉടൻ തന്നെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയെ (എൽ.എം.ആർ.എ) വിവരം അറിയിക്കണം. നിയമപരമായ 30 ദിവസത്തിനുള്ളിൽ പരാതിയുടെ സത്യാവസ്ഥ പരിശോധിച്ച് എൽ.എം.ആർ.എ തൊഴിൽ പെർമിറ്റ് റദ്ദാക്കുകയും തൊഴിലാളിയെ കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്യും. ഇങ്ങനെ കരിമ്പട്ടികയിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് ബഹ്റൈനിൽ പിന്നീട് പുതിയ വർക്ക് പെർമിറ്റ് ലഭിക്കില്ല.

ഗാർഹിക തൊഴിലാളികളുടെ കാര്യത്തിൽ റദ്ദാക്കൽ നടപടികൾ കൂടുതൽ വേഗത്തിലാണ് നടപ്പാക്കുന്നത്. പരാതി ലഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ എൽ.എം.ആർ.എ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിക്കും. അംഗീകൃത തൊഴിലുടമയുടെ കീഴിലല്ലാതെ മറ്റ് ഇടങ്ങളിൽ അനധികൃതമായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കും അവർക്ക് ജോലി നൽകുന്നവർക്കുമെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

തൊഴിലുടമകൾ ലൈസൻസുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴി മാത്രം ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എൽ.എം.ആർ.എ വെബ്‌സൈറ്റിൽ അംഗീകൃത ഏജൻസികളുടെ പട്ടിക ലഭ്യമാക്കിയിട്ടുണ്ട്. പ്രൊബേഷൻ കാലയളവിൽ തൊഴിലാളി ജോലി ഉപേക്ഷിച്ചാൽ പകരം ആളെയോ നഷ്ടപരിഹാരമോ നൽകാൻ ഏജൻസി തയ്യാറാകാത്ത പക്ഷം പരാതി നൽകാൻ പ്രത്യേക ഓഫീസും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഗാർഹിക തൊഴിലാളികൾ കരാർ ലംഘിച്ച് ജോലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന നഷ്ടം നികത്താൻ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ്.

സ്വദേശിവൽക്കരണം 70 ശതമാനത്തിലധികം ആവശ്യമുള്ള മേഖലകളിൽ വിദേശ തൊഴിലാളികളുടെ പെർമിറ്റ് ഫീസ് വർധിപ്പിക്കണമെന്ന നിർദേശത്തിന്മേൽ കൂടുതൽ പഠനം ആവശ്യമാണെന്ന് സർക്കാർ അറിയിച്ചു. സാമ്പത്തിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് ഓരോ തൊഴിലിനുമുള്ള ആവശ്യകത മാറിക്കൊണ്ടിരിക്കുമെന്നാണ് മന്ത്രി ഇതിന് കാരണമായി ചൂണ്ടിക്കാണിച്ചത്. വിദേശ നിക്ഷേപകർക്ക് വാണിജ്യ രജിസ്ട്രേഷൻ നൽകുന്നതിന് നിലവിൽ തന്നെ കർശനമായ നിയമങ്ങളുണ്ടെന്നും അതിനാൽ ഈ വിഷയത്തിൽ കൂടുതൽ നിയന്ത്രണങ്ങളുടെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Expatriates
Next Story