പ്രവാസി ക്ഷേമനിധി പെൻഷൻ; കാര്യക്ഷമത ഉറപ്പാക്കണം -ഐ.വൈ.സി.സി ബഹ്റൈൻ സർക്കാറിനോട് ആവശ്യപ്പെട്ടു
text_fieldsമനാമ: പ്രവാസി ക്ഷേമനിധി പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിലെ അമിതമായ കാലതാമസം പദ്ധതിയുടെ വിശ്വാസ്യതക്ക് മങ്ങലേൽപിക്കുന്നുവെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ഹെൽപ് ഡെസ്ക് ആരോപിച്ചു. അപേക്ഷ നൽകി ആറ് മുതൽ എട്ട് വരെ മാസവും, ചിലപ്പോൾ അതിൽ കൂടുതലും സമയം എടുക്കുന്നത് പ്രവാസികൾക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു.
ചെറിയ അക്ഷരത്തെറ്റുകൾപോലും അപേക്ഷകൾ തള്ളാൻ കാരണമാകുന്നുണ്ട്. എന്നാൽ, ഈ പിശകുകൾ തിരുത്തുന്നതിനോ, അപേക്ഷയുടെ പുരോഗതി അറിയുന്നതിനോ സർക്കാർ ഓഫിസുകളിൽനിന്ന് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നില്ല എന്നതും പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. നിലവിൽ പെൻഷൻ ലഭിക്കുന്നവർക്ക് പോലും ഒരു മാസത്തെ കാലതാമസം നേരിടുന്നത് പ്രതിമാസ വരുമാനം ആശ്രയിച്ച് ജീവിക്കുന്നവർക്ക് പ്രയാസമുണ്ടാക്കുന്നു.
പ്രവാസികളെ പദ്ധതികളിൽ സജീവമായി കൊണ്ടുവരാൻ ശ്രമിക്കുന്ന സംഘടനകളെ സംബന്ധിച്ച്, നിലവിലെ ഈ മെല്ലപ്പോക്ക് വലിയ തിരിച്ചടിയാണ്. ഈ സാഹചര്യത്തിൽ പുതിയ ആളുകൾ അംഗത്വം എടുക്കാൻ മടിക്കുന്നത് പ്രവാസി ക്ഷേമനിധി പദ്ധതിയുടെ ലക്ഷ്യങ്ങളെത്തന്നെ ഇല്ലാതാക്കും.പെൻഷൻ അപേക്ഷകൾ തീർപ്പാക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്നും, തിരുത്തലുകൾ വരുത്താൻ എളുപ്പമുള്ള ഓൺലൈൻ സംവിധാനം ഏർപ്പെടുത്തണമെന്നും ഐ.വൈ.സി.സി ബഹ്റൈൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
അടിയന്തരമായി ഇടപെട്ട് കാര്യക്ഷമത ഉറപ്പാക്കിയില്ലെങ്കിൽ പ്രവാസി സമൂഹം പദ്ധതിയിൽനിന്ന് പൂർണമായി അകന്നുപോകുമെന്ന് സംഘടന ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര് ബെൻസി ഗനിയുഡ്, ഹെൽപ് ഡെസ്ക് കൺവീനർ സലീം അബൂത്വാലിബ് എന്നിവർ മുന്നറിയിപ്പ് നൽകി. മുഖ്യമന്ത്രി പ്രവാസലോകം സന്ദർശിക്കുന്ന സമയത്ത് വെറും വാഗ്ദാനങ്ങൾ നൽകി പോകുന്ന സാധാരണ നടപടികൾ മാറ്റിവെച്ച് പ്രവാസികളെ വഞ്ചിക്കാത്ത നിലപാട് സ്വീകരിക്കാൻ തയാറാവണമെന്ന് സംഘടന ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

