പ്രവാസി പെൻഷൻ വീണ്ടും മുടങ്ങി: കുടിശ്ശിക ഉടൻ നൽകണമെന്ന ആവശ്യവുമായി ബഹ്റൈൻ കെ.എം.സി.സി
text_fieldsമനാമ: കേരള പ്രവാസി ക്ഷേമനിധി പെൻഷൻ വിതരണം വീണ്ടും താളംതെറ്റി. നവംബർ അഞ്ചിന് ലഭിക്കേണ്ടിയിരുന്ന പെൻഷൻ ഒരു മാസമായിട്ടും കിട്ടാത്തതിൽ പ്രവാസികൾക്കിടയിൽ കടുത്ത പ്രതിഷേധം ഉയർന്നു. മരുന്നിനും അത്യാവശ്യ കാര്യങ്ങൾക്കുമായി പെൻഷൻ തുകയെ ആശ്രയിക്കുന്ന ആയിരക്കണക്കിന് പേരാണ് ഈ അനിശ്ചിതത്വം കാരണം ദുരിതത്തിലായത്.
മുമ്പ് രണ്ടു തവണ പെൻഷൻ മുടങ്ങിയപ്പോൾ മാധ്യമങ്ങളുടെയും കെ.എം.സി.സി ഉൾപ്പെടെയുള്ള സംഘടനകളുടെയും നിരന്തര ഇടപെടലിലൂടെയാണ് തുക അനുവദിച്ചുകിട്ടിയത്. കൂടാതെ, അപേക്ഷ സമർപ്പിച്ചാൽ രണ്ടു മാസത്തിനുള്ളിൽ ലഭിക്കേണ്ട പെൻഷൻ നിലവിൽ ഒരു വർഷമെടുത്താണ് അനുവദിക്കുന്നത്. പെൻഷൻ പാസായിക്കഴിഞ്ഞാലും അപേക്ഷിച്ച മാസം മുതലുള്ള കുടിശ്ശിക തുക പല പ്രവാസികൾക്കും ഇതുവരെ ലഭിച്ചിട്ടില്ല.
30,000 രൂപയിലധികം കുടിശ്ശിക തുക കിട്ടാനുള്ളവരുണ്ട്. ഈ തുക പലതവണ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടും നൽകാൻ തയാറാകുന്നില്ലെന്ന് പ്രവാസി സംഘടനകൾ ആരോപിക്കുന്നു. അംഗത്വം നിലനിർത്താൻ ചെറിയ തുകയുടെ അടവിൽ വീഴ്ച വന്നാൽ പോലും പെൻഷൻ പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. അർഹതപ്പെട്ട മുഴുവൻ പേർക്കും പെൻഷനും നൽകണമെന്നും അത് എല്ലാ മാസവും അഞ്ചാം തീയതി തന്നെ നിർബന്ധമായും നൽകണമെന്നും കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ ആവശ്യപ്പെട്ടു.
കൂടാതെ നാലുവർഷം മുമ്പ് പ്രഖ്യാപിച്ച പ്രവാസി പെൻഷൻ തുക 5,000 ആയി ഉടൻ വർധിപ്പിക്കണമെന്നും ക്ഷേമനിധി അടവിൽ വീഴ്ച വരുത്തിയതിന് ഈടാക്കുന്ന ഭാരിച്ച പിഴ പൂർണമായും ഒഴിവാക്കണമെന്നും നാട്ടിൽ തിരിച്ചെത്തിയവരുടെ പ്രതിമാസ അടവിൽ വരുത്തിയ 100 ശതമാനം വർധനയും പ്രവാസികളുടെ അടവിൽ വരുത്തിയ 40 ശതമാനം വർധനയും പിൻവലിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
പ്രവാസികളിൽനിന്ന് 14,000ത്തോളം രൂപ വാങ്ങി നടപ്പാക്കിയ നോർക്ക ഇൻഷുറൻസ് പദ്ധതിയിലെ അപാകതകളും കെ.എം.സി.സി. ചൂണ്ടിക്കാട്ടി. രണ്ടു വർഷം പ്രവാസം നയിച്ച എല്ലാ ആളുകളെയും നോർക്ക ഇൻഷുറൻസ് പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

