പ്രവാസി പെൻഷൻ വിതരണം പുനരാരംഭിക്കണം- ബഹ്റൈൻ പ്രതിഭ
text_fieldsമനാമ: കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവാസി പെൻഷൻ കഴിഞ്ഞ മൂന്ന് മാസമായി വിതരണം ചെയ്യാത്തത് അത്യന്തം പ്രതിഷേധാർഹവും ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തുന്നതുമായ നടപടിയാണെന്ന് ബഹ്റൈൻ പ്രതിഭ പ്രസ്താവനയിൽ പറഞ്ഞു.
ജീവിതത്തിന്റെ നല്ലകാലം വിദേശത്ത് കഠിനാധ്വാനം ചെയ്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകിയ പ്രവാസികളാണ് ക്ഷേമനിധിയിലേക്ക് വർഷങ്ങളായി വിഹിതം അടച്ച് ഈ പദ്ധതിയുടെ ഭാഗമായത്. വാർധക്യകാലത്ത് ആശ്വാസമാകേണ്ട പെൻഷൻ പോലും കൃത്യസമയത്ത് ലഭിക്കാത്ത സാഹചര്യം ക്ഷേമപദ്ധതികളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന്.
പ്രതിമാസം ലഭിക്കുന്ന ഈ പെൻഷനെ ആശ്രയിച്ചാണ് നിരവധി വയോജന പ്രവാസികളും അവരുടെ കുടുംബങ്ങളും ചികിത്സ, മരുന്ന്, ദൈനംദിന ജീവിതച്ചെലവുകൾ എന്നിവ നിർവഹിക്കുന്നത്. മൂന്ന് മാസത്തെ പെൻഷൻ കുടിശ്ശികയായതോടെ നിരവധി കുടുംബങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്തരമൊരു അവസ്ഥ പ്രവാസികളോടുള്ള കടുത്ത അവഗണനയുടെ പ്രതിഫലനമാണെന്നും പ്രതിഭ ചൂണ്ടിക്കാട്ടി.
ക്ഷേമനിധി ബോർഡിന് ആവശ്യമായ സാമ്പത്തിക സഹായം സർക്കാർ അടിയന്തരമായി ലഭ്യമാക്കി, കുടിശ്ശികയായ മുഴുവൻ പെൻഷനും യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യണം. ഭാവിയിൽ ഇത്തരം കാലതാമസങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സ്ഥിരമായ സാമ്പത്തിക സംവിധാനവും സമയബന്ധിതമായ പെൻഷൻ വിതരണ സംവിധാനവും ഉറപ്പാക്കണമെന്നും പ്രതിഭ ആവശ്യപ്പെട്ടു.
പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും, പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ബഹ്റൈൻ പ്രതിഭ സെക്രട്ടറി വി.കെ സുലേഷ്, പ്രസിഡന്റ് കെ.വി മഹേഷ് എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

