പ്രതികരണവുമായി ബഹ്റൈനിലെ പ്രവാസി സംഘടനകൾ
text_fieldsമനാമ: തീവ്ര വോട്ടര്പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രവാസികളിൽ വലിയ ആശങ്ക തന്നെയാണ് നിലനിൽക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്
ബഹ്റൈനിലെ പ്രവാസി സംഘടനകൾ പ്രതികരിക്കുകയാണ്.
ഹിഡൻ അജണ്ടയുടെ ഭാഗം - കെഎംസിസി
തീവ്ര വോട്ടർ പട്ടിക പരിശ്കരണം എസ് ഐ ആർ എന്ന പേരിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കാനിരിക്കുന്നത് ഹിഡൻ അജണ്ടയുടെ ഭാഗമാണെന്ന് കെഎംസിസി ബഹ്‌റൈൻ കുറ്റപ്പെടുത്തി.
ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ പ്രതിസന്ധിയിലാക്കുക എന്ന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമായെ ഇതിനെ കാണാൻ പറ്റു വെന്ന് നേതാക്കൾ പറഞ്ഞു.
ഓരോ പൗരന്മാരുടെയും മൗലികമായ അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥംരായ ഭരണകൂടം തന്നേ പൗരത്വ നിഷേധത്തിനു വേണ്ടി കണ്ടു പിടിച്ച ഉപാധിയാണ് എസ് ഐ ആര് എന്ന് കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു.
ബീഹാറിൽ ന്യൂനപക്ഷ വിഭാഗത്തിലെ ഭൂരിഭാഗം വോട്ടുകൾ തള്ളപ്പെട്ടത് പോലെ കേരളത്തിൽ പ്രവാസികളുടെ വോട്ടുകൾ തള്ളപ്പെടാനാണ് കൂടുതൽ സാധ്യത.
ഇത് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശങ്ക ഉളവാക്കുന്നതാണെന്ന് കെഎംസിസി നേതാക്കൾ പറഞ്ഞു.
പൗരത്വത്തെ പോലും ഭാവിയിൽ ബാധിക്കാൻ സാധ്യതയുള്ള എസ് ഐ ആർ കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ന്യൂനപക്ഷ സമുദായത്തിലെ പ്രവാസികൾ ചെയ്യേണ്ടത് ഓൺലൈനിൽ കൂടിയും മറ്റും ലിസ്റ്റിൽ ഇടം നേടാനുള്ള പ്രവർത്തനങ്ങൾ നടത്തുക എന്നുള്ളതാണ്. അതിനായി
കെഎംസിസി പ്രത്യേകമായി ഹെല്പ് ഡസ്ക് ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. നവംബർ 4 മുതൽ ഡിസംബർ 4 വരെയുള്ള ദിവസങ്ങളിൽ ബി എൽ ഒ മാർ വീടുകളിൽ വരുമ്പോൾ ഇതിന് വേണ്ടത്ര പ്രാധാന്യം നൽകി ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കെഎംസിസി ബഹ്‌റൈൻ ഭാരവാഹികൾ ആഹ്വാനം ചെയ്തു.
നടപ്പാകുന്നത്സം ഘ്പരിവാർ താൽപര്യങ്ങൾ മാത്രം - പ്രവാസി വെൽഫെയർ
എസ്.ഐ ആറിനെതിരെ വ്യാപകമായ പരാതികളും ആരോപണങ്ങളും നിലനിൽക്കെ വോട്ടർപട്ടിക പരിഷ്കരണവുമായി മുന്നോട്ട് പോകാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ധൃതിപ്പെട്ട് കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ദുരൂഹതയുണ്ട്.
വോട്ടർപ്പട്ടിക പരിഷ്കരണത്തിന്റെ മറവിൽ വ്യാപകമായ പുറന്തള്ളലിലൂടെ വോട്ടവകാശമാണ് റദ്ദ് ചെയ്തത്.
പൗരത്വ നിയമഭേദഗതിയിലൂടെ നടപ്പാക്കാനുദ്ദേശിക്കുന്ന പുറന്തള്ളൽ എസ്.ഐ.ആറിലൂടെ രാജ്യത്ത് നടപ്പാക്കുകയാണ്.
ഇതിലൂടെ സംഘ്പരിവാർ താൽപര്യങ്ങളാണ് നടപ്പാക്കപ്പെടുന്നത്.
നടപടിയലൂടെ കോടിക്കണക്കിന് വോട്ടർമാർക്കാണ് ജനാധിപത്യപരമായ അവകാശം നിഷേധിക്കപ്പെടാൻ പോകുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയനേട്ടങ്ങൾക്ക് വേണ്ടി രാജ്യത്ത് നടപ്പാക്കുന്ന എസ്.ഐ.ആർ പുറന്തള്ളൽ പദ്ധതികൾക്കെതിരെ പൗര സമൂഹത്തിന്റെ ജാഗ്രതയും രാജ്യവ്യാപക പ്രതിഷേധവുമുയരണം.
നടപടി അടിയന്തരമായി പുനഃപരിശോധിക്കണം -ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ
കേരളത്തിലുൾപ്പെടെ ആരംഭിച്ച എസ്.ഐ.ആർ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്ന് ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു. വോട്ടേഴസ് ലിസ്റ്റ് മരവിപ്പിച്ച ഇലക്ഷൻ കമീഷൻ നീക്കം രാജ്യത്തെ ജനാധിപത്യസംവിധാനവുമായും പൗരാവകാശങ്ങളുമായും ബന്ധപ്പെട്ട ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ബിഹാറിൽ നടന്ന എസ്.ഐ.ആർ ഇത്തരം ജനാധിപത്യവിരുദ്ധതയുടെ ലക്ഷണമൊത്ത ഫാഷിസ്റ്റ് പ്രയോഗമാണ്. ഇതിൽ വെട്ടിമാറ്റപ്പെടുന്ന പ്രധാന വിഭാഗങ്ങളിലൊന്ന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളാണ്. ജനാധിപത്യത്തിൽ നിന്ന് വംശീയാധിപത്യത്തിലേക്കുള്ള വഴിവെട്ടലാണിത്.
വെട്ടിമാറ്റപ്പെടുന്ന ലിസ്റ്റിൽ തങ്ങളുടെ പേരും ഇടങ്ങളുമില്ലെന്ന് ന്യൂനപക്ഷങ്ങൾ ഉറപ്പുവരുത്തണം. ഇത് നിയമപരവും 'ജനാധിപത്യപരവുമായ' അപരവത്കരണത്തിന്റെ ടെസ്റ്റ് ഡോസാണ്. ഇതിനോട് അലസമായി പ്രതികരിക്കരുത്. നിലവിലെ വോട്ടർ പട്ടിക മരവിപ്പിക്കുകയും 2002 ലെ പട്ടിക ഉപയോഗിച്ച് വോട്ടർ പട്ടിക പുതുക്കുകയും ചെയ്യേണ്ടി വരുന്നത് നിരവധി പേർക്ക് അവരുടെ വോട്ടവകാശം നഷ്ടപ്പെടാൻ ഇടവരുത്തും.സ്വന്തം ആധാർ കാർഡും റേഷൻ കാർഡും ജനന സർട്ടിഫിക്കറ്റുമൊന്നും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ രേഖയല്ലാതായി ലക്ഷക്കണക്കിന് പേർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടത് നാം കണ്ടതാണ്. ഒരാളുടെ പൗരത്വം നിശ്ചയിക്കാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമീഷൻ ധിക്കാരപൂർവം കയ്യേറുന്ന അത്യന്തം അപകടകരമായ അവസ്ഥയാണുള്ളതെന്നും ഫ്രൻഡ്‌സ് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
എസ്.ഐ.ആർ പറയാതെ പറയുന്ന പൗരത്വം തെളിയിക്കൽ -യൂത്ത് ഇന്ത്യ
മനാമ: ഇലക്ഷൻ കമീഷന്റെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് നടപ്പാക്കിയ എസ്.ഐ.ആർ അഥവാ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം ഒരു തരത്തിലുള്ള പൗരത്വം തെളിയിക്കൽ പ്രക്രിയയാണെന്ന് യൂത്ത് ഇന്ത്യ അഭിപ്രായപ്പെട്ടു. നിലവിലെ വോട്ടർ പട്ടിക മരവിപ്പിക്കുകയും 2002 ലെ പട്ടിക ഉപയോഗിച്ച് വോട്ടർ പട്ടിക പുതുക്കുകയും ചെയ്യേണ്ടി വരുന്നത് നിരവധി പേർക്ക് അവരുടെ വോട്ടിങ് അവകാശം അടക്കമുള്ളവ നഷ്ടപ്പെടാൻ ഇടവരുത്തുന്നതുമാണ്. 2026ൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന കേരളമടക്കം സംസ്ഥാനങ്ങളിലെ 2002ന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ വീണ്ടും പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അനാവശ്യമായ കടമ്പകൾ താണ്ടേണ്ടി വരുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് പേർ ഇതിന്റെ പേരിൽ വോട്ടവകാശം നിഷേധിക്കപ്പെട്ട് തങ്ങൾ ഈ രാജ്യത്തെ പൗരന്മാരാണോ എന്ന ചോദ്യമടക്കം നേരിടുകയാണ്. സുപ്രീംകോടതിയിൽ വാദം കേട്ടുകൊണ്ടിരിക്കുന്ന ഈ വിഷയത്തിൽ ഇത്ര തിടുക്കപ്പെട്ട് നടപ്പാക്കുന്നതിൽ ദുരൂഹതയുണ്ട്. പുതിയ പട്ടികയിൽ പേര് ചേർക്കേണ്ടി വരുന്ന പ്രവാസി സമൂഹവും ആശങ്കയുടെ വക്കിലാണ്. പ്രവാസികളുടെ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട ഇടപെടലുകൾ യൂത്ത് ഇന്ത്യ നടത്തുമെന്ന് പ്രസിഡൻറ് അജ്മൽ ശറഫുദ്ദീൻ അറിയിച്ചു. സിഞ്ചിലെ ഫ്രൻഡ്‌സ് സെൻററിൽ നടന്ന യൂത്ത് ഇന്ത്യ പ്രവർത്തക സംഗമത്തിൽ ജന. സെക്രട്ടറി ജുനൈദ് പ്രമേയം അവതരിപ്പിച്ചു.
വോട്ടവകാശം നിഷേധിക്കപ്പെടുന്നത് ഒഴിവാക്കണം -ഐ.സി.എഫ്
മനാമ: എസ്.ഐ.ആറിൽ പ്രവാസികൾക്കുള്ള ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്). തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, അത് കഴിയുന്നതുവരെ നീട്ടിവെക്കണമെന്ന സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെ ഒറ്റക്കെട്ടായുള്ള ആവശ്യം തിരസ്കരിച്ചാണ് തെര. കമീഷൻ എസ്.ഐ.ആർ പ്രവർത്തനം നടക്കുന്നത്.
ജനപ്രാതിനിധ്യ നിയമം 1951 പ്രകാരം വോട്ടർ പട്ടിക തയാറാക്കാനും പരിഷ്കരണം വരുത്താനും തെരഞ്ഞെടുപ്പ് കമീഷന് അവകാശമുണ്ടെങ്കിലും, ഈ പ്രക്രിയ പ്രവാസികളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നതാകരുത് എന്ന് ഐ.സി.എഫ് മുന്നറിയിപ്പ് നൽകി. എസ്.ഐ.ആർ പ്രവാസികളുടെ രാഷ്ട്രീയ അവകാശങ്ങളെ പരിമിതപ്പെടുത്തുന്ന പ്രക്രിയയാകരുത്. പ്രവാസികളുടെ വോട്ടവകാശം ഒരു രാഷ്ട്രീയ പ്രശ്നമല്ല, അതിലുപരി ജനാധിപത്യം വിഭാവനം ചെയ്യുന്ന സമത്വവും സാർവത്രിക വോട്ടവകാശവും ഉറപ്പുവരുത്തുന്നതിൽ അനിവാര്യഘടകം കൂടിയാണ്. അതിനാൽ, വോട്ടർപട്ടിക പരിഷ്കരണത്തിലെ സമയപരിധി ദീർഘിപ്പിക്കണമെന്നും ബി.എൽ.ഒ പരിശോധനക്ക് പകരമായി മറ്റ് അംഗീകൃത സർക്കാർ രേഖകളോ ഡിജിറ്റൽ സംവിധാനങ്ങളോ വഴി പ്രവാസികളെ കേരളീയരായി അംഗീകരിക്കാൻ ഇളവുകൾ അനുവദിക്കണം.
ഈ വിഷയത്തിൽ അടിയന്തരമായി കേരള സർക്കാറും രാഷ്ട്രീയ കക്ഷികളും ശക്തമായി ഇടപെടണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

