വി.എസിനെ അനുശോചിച്ച് പ്രവാസി സംഘടനകൾ
text_fieldsസെവൻ ആർട്സ് കൾച്ചറൽ ഫോറം അനുശോചന പരിപാടിയിൽനിന്ന്
ഒരു കാലഘട്ടത്തിന്റെ മുദ്ര -ഐ.എം.സി.സി ബഹ്റൈൻ
മനാമ: സാധാരണക്കാർക്കും തൊഴിലാളികൾക്കും വേണ്ടി ജീവിതം പോരാട്ടമാക്കുകയും, കമ്യൂണിസ്റ്റ് മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാതെ അധികാര സ്ഥാനങ്ങളെല്ലാം പാവപ്പെട്ടർക്കുവേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്ത പോരാട്ടങ്ങളുടെ മായാത്ത ശോഭയാണ് വി.എസ്. വി.എസിന്റെ കാലഘട്ടം എന്ന പേരിൽ മലയാളത്തിൽ സ്വന്തമായി ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയാണ് അദ്ദേഹം കടന്നുപോയത്.
മത വർഗീയ ശക്തികളോടും കോർപറേറ്റ് താൽപര്യങ്ങളോടും ജീവിതാന്ത്യം വരെ സമരസപ്പെടാതെ പോരാടിയ വി.എസിന്റെ ഓർമകൾ ഏക്കാലവും സമരപോരാട്ടങ്ങളുടെ ശോഭയായി ജ്വലിച്ച് നിൽക്കുമെന്നും നിര്യാണം ഇന്ത്യയിലെ വിശേഷിച്ചും കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്ക് അപരിഹാര്യമായ നഷ്ടമാണെന്നും ഐ.എം.സി.സി ബഹ്റൈൻ കമ്മിറ്റി നേതാക്കളായ ഷംസീർ വടകര, ഇസ്സുദ്ദീൻ പാലത്തിങ്ങൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇടപ്പാളയം ബഹ്റൈൻ ചാപ്റ്ററിന്റെ ആദരാഞ്ജലികൾ
മനാമ: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ഇടപ്പാളയം ബഹ്റൈൻ ചാപ്റ്റർ. പരിസ്ഥിതി സംരക്ഷണം, പൊതുജനക്ഷേമം തുടങ്ങിയ വിഷയങ്ങളിൽ ധീരമായ നിലപാടുകളെടുത്ത് മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉയർത്തിപ്പിടിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹം. സാധാരണക്കാരന്റെ ശബ്ദമായിരുന്ന അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അനുശോചന കുറിപ്പിൽ അറിയിച്ചു.
അനുശോചനം രേഖപ്പെടുത്തി സെവൻ ആർട്സ് കൾച്ചറൽ ഫോറം
മനാമ: കറകളഞ്ഞ കമ്യൂണിസ്റ്റ് നേതാവും സംസ്ഥാന മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ഓറ ആർട്സിൽ ചേർന്ന യോഗത്തിൽ സെവൻ ആർട്സ് കൾചറൽ ഫോറം അനുശോചനം രേഖപ്പെടുത്തി.
ഉറച്ച നിലപാടുകൾ കൊണ്ടും സത്യസന്ധത കൊണ്ടും വേറിട്ട വ്യക്തിത്വമായിരുന്ന വി.എസ് കർഷകർക്കും കർഷക തൊഴിലാളികൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവായിരുന്നുവെന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചെയർമാൻ മനോജ് മയ്യന്നൂർ, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബർ ബിജു ജോർജ്, മുൻ കെ.സി.എ പ്രസിഡന്റ് സേവി മാത്തുണി, എൻ.എസ്.എസ് വൈസ് പ്രസിഡന്റ് അനിൽ യു.കെ, സാമൂഹിക പ്രവർത്തകനായ ഇ.വി രാജീവൻ, രക്ഷാധികാരി എം.സി പവിത്രൻ, സെക്രട്ടറി ബൈജു മലപ്പുറം, ട്രഷറർ തോമസ് ഫിലിപ്പ്, വൈസ് പ്രസിഡന്റുമാരായ സത്യൻകാവിൽ, ബിബിൻ മാടത്തേത്ത്, അബ്ദുൽ മൻഷീർ, ജോയന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ചാരിറ്റി സെക്രട്ടറി മണിക്കുട്ടൻ സ്പോർട്സ് സെക്രട്ടറി ജയ്സൺ സെക്രട്ടറി വർഗീസ്, സുനീഷ് കുമാർ, മുബീന മൻഷീർ, ഹുസൈൻ വയനാട്, ഷറഫ് കുഞ്ഞി, ദീപു ഇടുക്കി, അബ്ദുൽസലാം, മനോജ് പീലിക്കോട്, ഗോപാലൻ വി.സി, ജോർജ് ബാബു, സജീവ് പാറക്കൽ, എബി വർഗീസ്, സുനി ഫിലിപ്പ്, മായ അച്ചു തുടങ്ങിയവർ അനുശോചിച്ചുകൊണ്ട് സംസാരിച്ചു.
അനുശോചനം രേഖപ്പെടുത്തി കെ.പി.എഫ്
മനാമ: കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന കേരളക്കരയുടെ സ്വന്തം വി.എസിന്റെ അകാല വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ).
അദ്ദേഹത്തിന്റെ വിയോഗം കേരളജനതക്ക് വലിയ നഷ്ടമാണുണ്ടാക്കിയതെന്നും പകരം വെക്കാനില്ലാത്ത നേതാവിനെയാണ് നഷ്ടമായതെന്നും അനുശോചന സന്ദേശത്തിൽ പ്രസിഡന്റ് സുധീർ തിരുന്നിലത്ത് അഭിപ്രായപ്പെട്ടു.
കരുത്തനായ സമരപോരാട്ട നായകനായ വി.എസ് സാധാരക്കാരന്റെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുന്ന നേതാവായിരുന്നെന്ന് ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ട്രഷറർ സുജിത്ത് സോമൻ എന്നിവർ സന്ദേശത്തിൽ അറിയിച്ചു.
ഒരു നൂറ്റാണ്ടുകാലത്തെ സമരാനുഭവങ്ങളുടെ പ്രതീകം -ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്
മനാമ: ഒരു നൂറ്റാണ്ടുകാലത്തെ സമരാനുഭവങ്ങളുടെ പ്രതീകമാണ് വി.എസ് അച്യുതാനന്ദനെന്ന് ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനയായ ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് അനുശോചിച്ചു. ധീരമായ നിലപാടുകളിലൂടെയും സാധാരണ ജനങ്ങൾക്കുവേണ്ടിയുള്ള നിരന്തരമായ പ്രവർത്തനങ്ങളിലൂടെയും അദ്ദേഹം എന്നും നമുക്ക് പ്രചോദനമായിരുന്നു.
കേരളത്തിന്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. ആ ഓർമകൾക്ക് മുന്നിൽ ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് അറിയിച്ചു.
വി.എസ് ജനകീയ സമരമുഖങ്ങളിലൂടെ വളർന്നുവന്ന നേതാവ് -രാജു കല്ലുംപുറം
മനാമ: സി.പി.എമ്മിന്റെ രൂപവത്കരണത്തിൽ മുഖ്യ പങ്ക് വഹിക്കുകയും അനേക വർഷം പാർട്ടിയുടെ പോളിറ്റ് ബ്യൂറോ മെംബർ, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലും സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലും പ്രവർത്തിച്ച വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടമാണെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം അനുസ്മരിച്ചു.
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്ത വി.എസിന് വേണ്ട പ്രോത്സാഹനം പാർട്ടി നൽകിയില്ല എങ്കിലും കേരളത്തിലെ ജനങ്ങളുടെ പിന്തുണ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നവമാധ്യമങ്ങൾക്ക് പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ പത്രമാധ്യമങ്ങളെകൊണ്ട് തന്റെ നിലപാടുകളെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വി.എസിന്റെ വിയോഗം അദ്ദേഹത്തെ സ്നേഹിക്കുന്ന ആളുകൾക്ക് തീരാനഷ്ടമെന്നും രാജു കല്ലുംപുറം അനുസ്മരിച്ചു.
വി.എസ് കമ്യൂണിസ്റ്റ് അണികളുടെ മനസ്സിൽ നിലയുറപ്പിച്ച നേതാവ്
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അണികളുടെ മനസ്സിൽ സ്ഥാനം പിടിച്ചൊരു നേതാവായിരുന്നു വി.എസ്. സമരപോരാട്ടങ്ങളിലൂടെ, കർക്കശ നിലപാടുകളിലൂടെ പിന്നാക്ക ജനവിഭാഗങ്ങളുടെ ശബ്ദമുയർത്തി അവകാശ പോരാട്ടത്തിന് മുൻനിരയിൽ നിന്ന വ്യക്തിയാണ് അദ്ദേഹം. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ഒരുവേള മുഖ്യമന്ത്രി സ്ഥാനം അവഗണിച്ചപ്പോൾ അണികളുടെ ശബ്ദം ഉയർന്നതും പിന്നീട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.എസിനെ പരിഗണിക്കേണ്ടിവന്നതും അണികൾക്ക് അദ്ദേഹത്തിലുള്ള മതിപ്പ് കൊണ്ടാണ്. പാർട്ടിയുടെയും പാർട്ടി അണികളുടെയും തീരാനഷ്ടത്തിൽ എന്റെ ദുഃഖം രേഖപ്പെടുത്തുന്നു. - സൈഫ് അഴിക്കോട്
സഖാവ് വി.എസ്. അച്യുതാനന്ദന് ഒരു ബിഗ് സല്യൂട്ട്
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു. സ്വാതന്ത്ര്യസമര സേനാനിയും പിന്നാക്ക വിഭാഗങ്ങളുടെ പോരാളിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത അടയാളവുമായിരുന്നു അദ്ദേഹം.
15 വർഷത്തിലേറെയായി കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ മാറിയ നയങ്ങളോട് എതിർക്കുന്ന ഒരാളാണെങ്കിലും, പതിനായിരക്കണക്കിന് മറ്റുള്ളവരെപ്പോലെ, അച്യുതാനന്ദനോട് എനിക്ക് ഏറ്റവും ആഴമായ ബഹുമാനമുണ്ടായിരുന്നു. നീതി, സത്യസന്ധത, നിർഭാഗ്യരുടെ ഉന്നമനം എന്നിവയോടുള്ള ഉറച്ച പ്രതിബദ്ധതയാണ് അദ്ദേഹത്തിന്റെ ജീവിതത്തെയും രാഷ്ട്രീയ ജീവിതത്തെയും നിർവചിച്ചത്.
ഒരു ജനകീയ നേതാവാകുക എന്നതിന്റെ അർഥം അദ്ദേഹം എളിമയാർന്നതും തനിക്കു ബോധ്യപ്പെട്ടതിൽ ഉറച്ചുനിന്നിരുന്നതുമായ ജീവിതശൈലിയിലൂടെ കാണിച്ചുതന്നു.
സാധാരണക്കാർക്കുവേണ്ടി നിലകൊള്ളുകയും ആത്മാർഥമായ പൊതുസേവന ജീവിതം നയിക്കുകയും ചെയ്ത ‘ബിഗ് കോമ്രേഡിനെ’ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് ഞാൻ അഭിവാദ്യം ചെയ്യുന്നു.
“The best way to find yourself is to lose yourself in the service of others.” — Mahatma Gandhi - ചെറിയാൻ മാത്യൂസ്
അനുശോചനം അറിയിച്ച് വോയ്സ് ഓഫ് ആലപ്പി
മനാമ: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് വോയ്സ് ഓഫ് ആലപ്പി. ആലപ്പുഴയിൽനിന്ന് കേരള രാഷ്ട്രീയത്തിൽ ഉയർന്നുവന്ന ഉന്നത നേതാവായിരുന്നു അദ്ദേഹം. നാടിനുവേണ്ടി ചെയ്ത സംഭാവനകൾ ഈ അവസരത്തിൽ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നത് കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. വി.എസിന്റെ വിയോഗത്തിൽ വോയ്സ് ഓഫ് ആലപ്പി എക്സിക്യൂട്ടിവ് കമ്മിറ്റി അനുശോചനം അറിയിക്കുന്നതായി പ്രസിഡന്റ് സിബിൻ സലിം, സെക്രട്ടറി ധനേഷ് മുരളി എന്നിവർ അറിയിച്ചു.
ഹോപ് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി
മനാമ: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില് ഹോപ് ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി. നിരവധിയായ തൊഴിലാളി സമര പോരാട്ടങ്ങള്ക്ക് നേതൃത്വം വഹിച്ച് ജയിൽവാസമനുഭവിച്ച പോരാളിയായിരുന്നു വി.എസ്. സാധാരണ മനുഷ്യരുടെ ജീവിത പ്രശ്നങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുകവഴി സാധാരണക്കാരുടെയും തൊഴിലാളികളുടെയും നേതാവായി വി.എസ് മാറി. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിലെ വിപ്ലവ സൂര്യനെയാണ് നഷ്ടമായിരിക്കുന്നത്. നിര്യാണത്തില് മലയാള ജനതയുടെ ദുഃഖത്തില് പ്രതീക്ഷ ബഹ്റൈനും പങ്കു ചേരുന്നു.
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം
മനാമ: വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ ബഹ്റൈൻ മലയാളി ബിസിനസ് ഫോറം അനുശോചനം രേഖപ്പെടുത്തി. ഭരണരംഗത്ത് തനതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ച, കറയില്ലാത്ത പ്രവർത്തനങ്ങൾ സമർപ്പിച്ച അപൂർവ ശൈലിക്കുടമയാണെന്നും അനുശോചന സന്ദേശത്തിൽ ബി.എം.ബി.എഫ് അറിയിച്ചു. വർഷങ്ങൾക്കുമുമ്പ് ബഹ്റൈനിലെ അദ്ദേഹത്തിനൊരുക്കിയ സ്വീകരണം ഇന്നും ഓർക്കുകയാണെന്നും ബി.എം.ബി.എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വി.എസ്- സമരപഥങ്ങളിലൂടെ ഊർജം ഉൾക്കൊണ്ട നേതാവ് -ബിനു കുന്നന്താനം
മനാമ: ജനകീയ സമരങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് പ്രവർത്തിച്ച നേതാവായിരുന്നു വി.എസ് എന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം അനുസ്മരിച്ചു. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ അഴിമതിയും പ്രകൃതിവിഭവങ്ങളും സർക്കാർ വകസ്ഥലങ്ങളും കൈയേറുന്ന ആളുകൾക്ക് എതിരെയും ശക്തമായ നിലപാട് എടുക്കുന്നതിലൂടെ മറ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെപോലെതന്നെ സ്വന്തം പാർട്ടിയിൽനിന്ന് ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന നേതാവ് ആയിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി പ്രവർത്തനം ആരംഭിച്ച വി.എസ് മരണം വരെ യഥാർഥ കമ്യൂണിസ്റ്റുകാരനായി ജീവിച്ചുവെന്നും ബിനു കുന്നന്താനം അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

