കേരള ബജറ്റ്; സമ്മിശ്ര പ്രതികരണവുമായി പ്രവാസി സംഘടനകൾ
text_fieldsമനാമ: കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന്റെ നട്ടെല്ലാണെന്ന് വിശേഷിപ്പിക്കുമ്പോഴും ബജറ്റിൽ അവഗണന നേരിട്ട സ്ഥിതിയാണ് പ്രവാസികൾക്ക്. കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലൂടെ കേന്ദ്ര ബജറ്റിലെ അവഗണന മറികടക്കാനാകുമെന്ന പ്രവാസികളുടെ പ്രതീക്ഷകളാണ് ഇല്ലാതാക്കിയത്. എന്നിരുന്നാലും വയനാടടക്കമുള്ള കേന്ദ്രം അവഗണിച്ച സ്ഥലങ്ങളെ കാര്യഗൗരവത്തോടെ പരിഗണിച്ച സംസ്ഥാന ബജറ്റിനെ പ്രശംസിച്ചും പ്രവാസി അവഗണനകളെ ചൂണ്ടിക്കാട്ടി വിമർശിച്ചും സമ്മിശ്ര നിലപാടുകളിലാണ് പ്രവാസി സമൂഹം.
തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം, പ്രവാസികളുടെ പെൻഷൻ, വിമാന ടിക്കറ്റിലെ കൊള്ള, വിദേശത്ത് മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം തുടങ്ങിയ വിഷയങ്ങളിൽ സംസ്ഥാന ബജറ്റും നിരാശയാണ് സമ്മാനിച്ചത്. പ്രവാസി സംഘടനകൾക്ക് അവരുടെ അംഗങ്ങളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തി നാട്ടിലേക്ക് വിനോദസഞ്ചാര പരിപാടികൾ സംഘടിപ്പിക്കാമെന്നതാണ് ബജറ്റിലെ മറ്റൊരു വാഗ്ദാനം. പ്രവാസി സംഘടനകളുടെ നാട് സന്ദർശന പരിപാടികൾക്ക് വിനോദസഞ്ചാര വകുപ്പിന്റെ പ്രത്യേക ഇൻസെന്റിവ് അനുവദിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലിത് പ്രവാസികളെ അപമാനിക്കുന്നതിന് തുല്യമായ പ്രഖ്യാപനമാണെന്നാണ് പ്രതിപക്ഷ പ്രവാസി സംഘടനകൾ വിമർശിക്കുന്നത്.
ഭരണഘടന ബാധ്യത നിറവേറ്റിയ ബജറ്റ് -ഒ.ഐ.സി.സി
മനാമ: ധനകാര്യ വകുപ്പ് മന്ത്രി ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റ് നിരാശജനകവും, സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയിൽ ഉള്ള ഭരണഘടന ബാധ്യത നിറവേറ്റിയതായി മാത്രമേ കാണുന്നുള്ളൂവെന്നും ബഹ്റൈൻ ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ദരിദ്രരിൽ ഏറ്റവും ദരിദ്രരായ ക്ഷേമ പെൻഷനുകൾ വാങ്ങുന്ന ആളുകൾക്ക് ഒരു ചെറിയ ശതമാനം പോലും വർധിപ്പിക്കാൻ ശ്രമിക്കാതിരുന്നത് പാവങ്ങളോട് ഈ സർക്കാറിന് ഉള്ള അവഗണനയുടെ ഉദാഹരണമാണ്. പ്രവാസികളെ പൂർണമായും ഒഴിവാക്കിയ ധനകാര്യ മന്ത്രി രാജ്യത്തിനും, സംസ്ഥാനത്തിനും നൽകുന്ന സംഭാവനകൾ കൃത്യമായി ബജറ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷേ, പാവപ്പെട്ട പ്രവാസികളെ പരിഗണിക്കാനോ, തെരഞ്ഞെടുപ്പ് സമയത്തു പറഞ്ഞ പെൻഷൻ വർഷിപ്പിക്കാനോ തയാറാകാത്ത ധനകാര്യ മന്ത്രി പ്രവാസികളോട് തികഞ്ഞ അവഗണനയാണ് കാണിച്ചത്.
കേന്ദ്ര സർക്കാർ പൂർണമായും അവഗണിച്ച വയനാട് ദുരന്ത ബാധിതരെ സഹായിക്കാനും, അവർക്ക് വേണ്ടി പദ്ധതികൾ ഉണ്ടാക്കാനും വേണ്ടി വകയിരുത്തിയ തുക വളരെ കുറഞ്ഞുപോയി. സി.എം.ഡി.ആർ.എഫ്, എസ്.ഡി.എം.എ, കേന്ദ്ര ഗ്രാന്റ്, സി.എസ്.ആർ ഫണ്ട്, പൊതു -സ്വകാര്യ മേഖലയിലെ ഫണ്ടുകൾ എല്ലാം ചേർത്ത് ഉള്ള പദ്ധതിയാണ് വയനാട്ടിൽ സർക്കാർ ആരംഭിക്കാൻ പോകുന്നതെന്ന് ബജറ്റിൽ പ്രഖ്യാപിച്ചുവെങ്കിലും സംസ്ഥാന സർക്കാറിന്റെ വിഹിതം എത്രയാണെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനും, റബർ കർഷകർ നേരിടുന്ന വിലക്കുറവ് പരിഹരിക്കാനും സർക്കാർ ബജറ്റ് ചർച്ച വേളയിൽ തയാറാകണമെന്നും ബഹ്റൈൻ ഒ.ഐ.സി.സി സർക്കാറിനോട് ആവശ്യപ്പെട്ടു.
സാധാരണക്കാരെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റ് -ഐ.വൈ.സി.സി ബഹ്റൈൻ
മനാമ: സംസ്ഥാന ബജറ്റ് സാധാരണ ജനങ്ങളെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ. പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കോ കാലങ്ങളായി പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാര നിർദേശങ്ങളോ ഒന്നുംതന്നെ ബജറ്റിൽ ഇല്ല. നോർക്ക മുഖേനയോ മറ്റോ പ്രവാസികൾക്ക് ഗുണകരമാവുന്ന നിലയിലുള്ള ഒരു പദ്ധതിയോ, ക്ഷേമപരമായ കാര്യങ്ങളോ പ്രഖ്യാപിച്ചില്ല.
എന്നാൽ, പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ലോക കേരള കേന്ദ്രങ്ങൾ അഞ്ചു കോടി രൂപ മുടക്കിൽ സ്ഥാപിക്കുമെന്ന ബജറ്റ് നിർദേശം പ്രഹസനം മാത്രമാണ്. ഇതുകൊണ്ട് എന്ത് ഗുണമാണ് പ്രവാസിക്ക് ലഭിക്കുന്നത് എന്നതിൽ വ്യക്തതയില്ല. സംസ്ഥാനം പൊതു കടത്തിൽ വലയുമ്പോഴും, ചെലവ് ചുരുക്കലിന് പകരം ഭരിക്കുന്നവർക്ക് ഗുണകരമാവുന്ന നിലയിലുള്ള കാര്യങ്ങളുമായാണ് സർക്കാർ മുന്നോട്ടു പോവുന്നത്.
അതേസമയം, സാധാരണക്കാർക്ക് ഗുണകരമാവുന്ന ക്ഷേമ പെൻഷൻ പദ്ധതിയിലെ വർധന അടക്കമുള്ള ഒന്നുംതന്നെ ബജറ്റിൽ ഇല്ല. ഈ ബജറ്റ് സാധാരണക്കാരെ വഞ്ചിക്കുന്ന പൊള്ളയായ ബജറ്റ് മാത്രമാണെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അഭിപ്രായപ്പെട്ടു.
കേന്ദ്ര ബജറ്റ് പോലെത്തന്നെ സംസ്ഥാന ബജറ്റും നിരാശജനകം -കെ.എം.സി.സി ബഹ്റൈൻ
മനാമ: ജനങ്ങളിൽ അധിക നികുതി ഭാരം അടിച്ചേൽപിച്ചുകൊണ്ടുള്ള സംസ്ഥാന ബജറ്റ് ജനക്ഷേമകരമായ ഒരു പദ്ധതിയുമില്ലാത്ത വളരെ നിരാശജനകമായ ബജറ്റാണ് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ പറഞ്ഞു. പ്രവാസി ക്ഷേമത്തിനായി ഒന്നും ചൂണ്ടിക്കാണിച്ചില്ല എന്നുള്ളത് ഈ ബജറ്റ് ജനവിരുദ്ധമെന്നതുപോലെത്തന്നെ പ്രവാസി വിരുദ്ധം കൂടിയാണെന്ന് അടിവരയിടുന്നു എന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.
സാമൂഹിക ക്ഷേമ പെൻഷൻ വർധിപ്പിക്കുന്നതടക്കം പ്രതീക്ഷിച്ച പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലാതെ ഭൂനികുതിയടക്കമുള്ള എല്ലാ നികുതികളും വർധിപ്പിച്ചു രണ്ടാം പിണറായി സർക്കാറിന്റെ അവസാന ബജറ്റ് ജനങ്ങളെ കൂടുതൽ കടക്കെണിയിൽ അകപ്പെടുത്തിയിരിക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. മന്ത്രിതന്നെ ബജറ്റിനു മുമ്പ് നൽകിയ സൂചനകൾ കാറ്റിൽ പറത്തി ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാൻ കഴിയാതിരുന്നത് രണ്ടാം പിണറായി സർക്കാർ സമ്പൂർണ പരാജയമാണെന്ന് സമ്മതിക്കുന്നു.
വില വർധന കൊണ്ടും അധിക നികുതി ഭാരം കൊണ്ടും പൊറുതിമുട്ടിയ ജനങ്ങളിലേക്ക് വീണ്ടും അധികമായ നികുതി അടിച്ചേൽപിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ഭാരവാഹികൾ പറഞ്ഞു. അതുകൊണ്ടുതന്നെ ഒരർഥത്തിലും ഈ ബജറ്റിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
പ്രവാസി ക്ഷേമം അവഗണിക്കപ്പെട്ട ബജറ്റ്- പ്രവാസി വെൽഫെയർ
മനാമ: കേരള സർക്കാറിന്റെ 2025 -26 സാമ്പത്തിക ബജറ്റ് അവതരണത്തിൽ പ്രവാസി മലയാളികളുടെ അടിസ്ഥാന ആവശ്യങ്ങളും പ്രതീക്ഷകളും പരിഗണിക്കപ്പെടാതെ പോയതിൽ പ്രവാസി വെൽഫെയർ ഗുരുതരമായ ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ വിദേശനാണ്യ വരുമാനത്തിന്റെ 21 ശതമാനം സംഭാവന ചെയ്യുന്ന പ്രവാസി സമൂഹത്തിന് വേണ്ടി വെറും അഞ്ച് കോടി രൂപ മാത്രം വകയിരുത്തിയത് നിരാശജനകമാണ്.
പ്രഖ്യാപിച്ചിരിക്കുന്ന കേരള ടൂർ പ്രോഗ്രാമുകൾ, വീട് വാങ്ങൽ, വാടക പദ്ധതികൾ, മുതിർന്ന പൗരന്മാർക്കുള്ള താമസ സൗകര്യങ്ങൾ എന്നിവക്ക് വ്യക്തവും പ്രായോഗികവുമായ രൂപരേഖകൾ അവതരിപ്പിച്ചിട്ടില്ല. മാറിവരുന്ന പുതിയ ലോക സാഹചര്യത്തിൽ, തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്കായി ഒരു സമഗ്ര പുനരധിവാസ പദ്ധതി അത്യാവശ്യമാണ്. കൂടാതെ പ്രവാസികളുടെ പ്രശ്നങ്ങൾ നിരന്തരം നിരീക്ഷിക്കാനും പരിഹരിക്കാനുമുള്ള സ്ഥിരം സംവിധാനവും കുടിയേറ്റ പ്രശ്നങ്ങൾ പഠിക്കാനുള്ള വിദഗ്ധ സമിതിയും അനിവാര്യമാണ്.
ഇത്തരം വിഷയങ്ങൾ ഗൗരവമായി കാണാത്ത പ്രവാസി ക്ഷേമത്തിനായി അടിയന്തര നടപടികൾ വകയിരുത്താത്ത ഈ ബജറ്റ് പ്രഖ്യാപനം പ്രവാസികളോടുള്ള കൊഞ്ഞനംകുത്തലായി മാത്രമേ കാണാൻ കഴിയൂ എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ സൂചിപ്പിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക വെല്ലുവിളികൾ മറികടക്കാൻ നികുതി പിരിവിനപ്പുറത്ത് മറ്റു സമഗ്രവും സമ്പൂർണവുമായ സാമ്പത്തിക പരിഹാര നിർദേശങ്ങൾ ഇല്ലാത്തതും ഗൗരവമായ ആശങ്ക ഉണർത്തുന്ന കാര്യമാണ് എന്ന് പ്രവാസി വെൽഫെയർ പറഞ്ഞു.
വികസനവും കരുതലും ഉൾക്കൊള്ളിച്ച ബജറ്റ് -ബഹ്റൈൻ നവകേരള
മനാമ: കേരളത്തിന്റെ ഭാവി വികസനം ലക്ഷ്യമാക്കിയുള്ള നിരവധി പദ്ധതികളും പ്രവാസികളെ ചേർത്തുനിർത്തുന്നതുൾപ്പെടെ നിരവധി കരുതൽ പദ്ധതികളും ഉൾപ്പെടുന്ന ബജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബജറ്റെന്ന് ബഹ്റൈൻ നവകേരള എക്സിക്യൂട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. കേന്ദ്ര ബജറ്റിൽ കേരളത്തെ, പ്രത്യേകിച്ച് വയനാടിനെ പാടേ അവഗണിച്ചപ്പോൾ ഈ ബജറ്റിൽ വായനാടിന് 750 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.
കാർഷിക മേഖലക്ക് 3000 കോടി, പ്രവാസി പുനരധിവാസത്തിന് 7750 കോടി, നോർക്കക്ക് 150.81 കോടി, പ്രവാസി സംരംഭങ്ങൾ ആരംഭിക്കുന്നതിന് 25 കോടി, പ്രവാസി കേരളീയർക്കായി ലോകകേരള കേന്ദ്രം, റവന്യൂ സേവനങ്ങൾക്കായുള്ള റവന്യൂ പോർട്ടൽ തുടങ്ങി സമസ്ത മേഖലയെയും പരിഗണിച്ചുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സുരക്ഷിത കുടിയേറ്റത്തിനും പ്രവാസി ക്ഷേമത്തിനും കരുത്തുപകരുന്നതും അടിസ്ഥാന വർഗങ്ങളോടുള്ള കരുതലും കേരളത്തിന്റെ ഭാവി ലക്ഷ്യമാക്കി ഇടതുപക്ഷ മൂല്യങ്ങളിൽ അടിസ്ഥാനമായ ബജറ്റാണിതെന്നും ബഹ്റൈൻ നവകേരള എക്സിക്യൂട്ടിവ് കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു.
സാധാരണക്കാരന് അമിത ഭാരം ചുമത്തുന്ന ബജറ്റ് -ഫ്രൻഡ്സ് അസോസിയേഷൻ
മനാമ: ഭൂനികുതി കുത്തനെ ഉയർത്തുകയും ക്ഷേമ പെൻഷൻ വർധിപ്പിക്കാതിരിക്കുകയും ചെയ്ത ബജറ്റ് കേരളത്തിലെ സാധാരണക്കാരുടെ ജീവിത ഭാരം വർധിപ്പിക്കുന്നതാണെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അഭിപ്രായപെട്ടു. പെൻഷൻ കുടിശ്ശികയില്ലാതെ കൊടുക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. കോടതി ചെലവുകളിലും വലിയ വർധനയാണ് ബജറ്റ് നിർദേശിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങൾക്ക് ഒട്ടുമിക്ക സംസ്ഥാനങ്ങളും സബ്സിഡി നൽകുമ്പോൾ കേരളം വൈദ്യുത വാഹനങ്ങൾക്ക് നികുതി ഉയർത്തുകയാണ് ചെയ്തത്. പഴയ വാഹനങ്ങൾക്ക് 50 ശതമാനം നികുതി വർധിപ്പിച്ചത് സാധാരണക്കാരെയാണ് ബാധിക്കുക.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ നികുതി പിരിവിനപ്പുറമുള്ള മറ്റു നിർദേശങ്ങൾ ഒന്നുംതന്നെയില്ല. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളോ നിർദേശങ്ങളോ ബജറ്റ് മുന്നോട്ടുവെക്കുന്നില്ല. കേരളം നേരിടുന്ന കാർഷിക പ്രതിസന്ധി സംബന്ധിച്ച് ബജറ്റ് നിശ്ശബ്ദത പാലിക്കുന്നു. പ്രവാസികളുടെ പുനരധിവാസത്തിൽ നടത്തിയ വലിയ പ്രഖ്യാപനങ്ങൾക്ക് പ്രായോഗിക പദ്ധതികൾ ബജറ്റിൽ കാണുന്നില്ല. ലോക കേരള സഭ പോലെയുള്ള മെഗാ ഇവന്റുകൾക്ക് മാത്രമാണ് സർക്കാറിന് താൽപര്യം.
അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുനിർത്തുന്ന ബജറ്റ് - ബഹ്റൈൻ പ്രതിഭ
മനാമ: കേന്ദ്രം തിരസ്കരിച്ച കേരള സംസ്ഥാനത്തിലെ ജനങ്ങളെ സർവ മേഖലയിലും അഭിസംബോധന ചെയ്യുന്ന, വികസന കുതിപ്പിെന്റ ലക്ഷ്യബോധം പേറുന്ന, സമ്പൂർണ ബജറ്റ് ആണ് 2025 -26 വർഷക്കാലത്തേക്കായി ധനകാര്യ മന്ത്രി ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചതെന്ന് ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ അഭിപ്രായപ്പെട്ടു.
തനത് നികുതി വരുമാനം വർധിപ്പിച്ചുകൊണ്ട് അടിസ്ഥാന ജനവിഭാഗത്തെ ചേർത്തുനിർത്തുന്ന ബജറ്റ് ആണിത്. കേന്ദ്രസർക്കാർ നിഷ്കരുണം തള്ളിക്കളഞ്ഞ കേരളം ഉറ്റുനോക്കിയ വയനാട് ടൗൺഷിപ്പിന് 750 കോടി രൂപ മാറ്റിവെക്കുമ്പോൾ, കുട്ടനാട് വികസനത്തിന് 100 കോടി രൂപ നീക്കി വെക്കുന്നു. കാർഷിക മേഖലയിൽ 3000 കോടിയുടെ പാക്കേജ് നടപ്പാക്കാൻ ഉദ്ദേശിക്കുമ്പോൾതന്നെ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്തയുടെ ഒരു ഗഡു ഏപ്രിൽ മാസത്തിൽ വിതരണം ചെയ്യപ്പെടാനും തയാറാവുന്നു.
ദിവസവേതനക്കാരുടെ വേതനം അഞ്ചു ശതമാനം വർധിപ്പിക്കും. സാമൂഹിക ക്ഷേമ പെൻഷൻ സമയബന്ധിതമായി കൊടുക്കും. പങ്കാളിത്ത പെൻഷന് പകരം അഷ്വേഡ് പെൻഷൻ പദ്ധതി ആരംഭിക്കും, കാരുണ്യ പദ്ധതിക്ക് 700 കോടി, എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂനിറ്റുകൾ, ഇതാവട്ടെ ഇന്ത്യയിലെ ഒരു സംസ്ഥാനവും ഇതുവരെ നടപ്പാക്കാത്തതാണ്.
ഇത് നാളയുടെ കേരളം എങ്ങനെയായിരിക്കണം എന്നുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിശാല വികസന കാഴ്ചപ്പാടുകൾ ആണ്. അതിനെ പ്രവൃത്തിപഥത്തിലേക്കെത്തിക്കാനുള്ള ധീരമായ നടപടിയായി ബജറ്റിനെ പ്രവാസികൾ വിലയിരുത്തുന്നതായി ബഹ്റൈൻ പ്രതിഭ ഭാരവാഹികൾ അറിയിച്ചു.
കേരള ബജറ്റ്, ജനജീവിതം കൂടുതൽ ദുസ്സഹമാക്കും, യൂത്ത് ഇന്ത്യ
മനാമ: സംസ്ഥാന ബജറ്റ് ജനജീവിതത്തെ സാരമായി ബാധിക്കുമെന്ന് യൂത്ത് ഇന്ത്യ ബഹ്റൈൻ അഭിപ്രായപ്പെട്ടു. ഭൂ രജിസ്ട്രേഷൻ ഫീസിലെയും , കോടതി ഫീസ്, വാഹന നികുതി എന്നിവയിലെ വർധനവും പൊതുജനങ്ങൾക്ക് അധിക ഭാരം സൃഷ്ടിക്കും.പണപ്പെരുപ്പവും ഇന്ധനവില, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തുടങ്ങിയവയിൽ പെട്ട് ഉഴലുന്ന സാധാരണ ജന ജീവിതത്തിലേക്ക് ഇടിത്തീയായി മാറും പുതിയ പരിഷ്കാരങ്ങൾ.
സാധാരണക്കാരെയും, ന്യൂനപക്ഷങ്ങളെയും പ്രവാസികളെയും സർക്കാർ അവഗണിക്കരുത്.സാമൂഹിക ക്ഷേമ പദ്ധതികൾ അവഗണിച്ചു കൊണ്ടുള്ള ഈ ബജറ്റ്, പൊതുജനങ്ങളുടെ ജീവിത നിലവാരം താഴ്ത്താൻ ഇടയാക്കുമെന്നും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടെ സർക്കാർ സമീപിക്കണമെന്നും യൂത്ത് ഇന്ത്യ ബഹ്റൈൻ പ്രസിഡന്റ് അജ്മൽ ഷറഫുദ്ദീൻ, വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു.
കാര്യക്ഷമമായ കുടിയേറ്റത്തിന് സർക്കാർ സംവിധാനം ഒരുക്കണം - ഐ.സി.എഫ്
മനാമ: കമ്പോളത്തിൽ കേരളീയരുടെ ശരിയായ വിനിയോഗം വേണ്ടതുണ്ടെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശിച്ചതിനെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സ്വാഗതം ചെയ്തു. കേരളത്തിൽ മെച്ചപ്പെട്ട വേതനം ലഭിക്കുന്ന തൊഴിലാളികളുടെ അഭാവം അനുഭവപ്പെടുമ്പോൾതന്നെ വിദേശത്ത് വളരെ ചെറിയ സാഹചര്യത്തിൽ മലയാളികൾ പണിയെടുക്കുന്ന സ്ഥിതിയുണ്ട്.
ഇത് പരിഹരിക്കുന്നതിനും സാങ്കേതിക വൈജ്ഞാനിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനത്തിനൊപ്പം സഞ്ചരിക്കാനുമായി ഉദ്യോഗാർഥികൾക്കിടയിൽ റീസ്കില്ലിങ്ങും അപ്സ്കില്ലിങ്ങും അനിവാര്യമാണ്. വിദേശത്തെ തൊഴിൽ മേഖലയിൽ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനത്തിനൊപ്പം സഞ്ചരിക്കാനാകാത്തതിനാൽ തൊഴിലിടങ്ങളിൽ പിടിച്ചുനിൽക്കാൻ കേരളീയർക്ക് സാധിക്കാതെ വരുന്ന സാഹചര്യമുണ്ട്. ഇത്തരം വിഷയങ്ങളെ കാര്യക്ഷമമായി പരിഹരിക്കാൻ സർക്കാറിന് സാധിക്കണം.
പ്രവാസികളുടെ നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കാൻ ആരംഭിക്കുന്ന ലോക കേരള കേന്ദ്രങ്ങൾ കേവല കേന്ദ്രങ്ങളാവുന്നതിന് പകരം നൈപുണ്യ വികസനത്തിന്റെ ഇടമായി മാറേണ്ടതുണ്ട്. ഈ പദ്ധതിക്ക് വകയിരുത്തിയ അഞ്ച് കോടി രൂപ അപര്യാപ്തമാണെന്ന് ഐ.സി.എഫ് ചൂണ്ടിക്കാട്ടി. കേരളം അനുഭവിക്കുന്ന മറ്റൊരു പ്രധാന വിഷയമായ വിദ്യാർഥികളുടെ കുടിയേറ്റത്തെയും കാര്യക്ഷമമാക്കാൻ സർക്കാറിന് സാധിക്കേണ്ടതുണ്ട്. ഈ മേഖലയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ മാത്രം മതിയാവില്ലെന്ന് അധികൃതർ ഓർക്കേണ്ടതുണ്ടെന്നും ഐ.സി.എഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

