പ്രവാസം രചനാത്മകമാക്കിയ ശരീഫ് കോറോത്ത് നാല് പതിറ്റാണ്ടിന് ശേഷം നാട്ടിലേക്ക്
text_fieldsശരീഫ് കോറോത്ത്
നാല്പത് വർഷം നീണ്ടുനിന്ന അർത്ഥവത്തായ പ്രവാസജീവിതത്തിന് വിരാമം കുറിച്ച് ശരീഫ് കോറോത്ത് എന്ന പൊതുമനസ്സിൻ്റെ ഉടമ പിറന്ന നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. ബഹ്റൈനിലെ കേരളീയ സമൂഹത്തിനിടയിൽ ശാരീരികമായും സാമ്പത്തികമായും ഇടപെട്ട ജീവകാരുണ്യപ്രവർത്തനങ്ങളിൽ ആനന്ദവും ഒപ്പം അഭിമാനവും കണ്ടെത്തിയ പ്രവാസിയായിരുന്നു ശരീഫ്. പ്രവാസജീവിതത്തിന് തുടക്കം കുറിച്ചപ്പോൾ തന്നെ ബോധ്യമായ അനുഭവങ്ങളും, സാഹചര്യങ്ങളുമാണ് അദ്ദേഹത്തെ ഒരു മുഴുനീളപൊതുപ്രവർത്തകനാക്കി പരിവർത്തിപ്പിക്കുന്നത്. പ്രവാസം എന്നത് വെറുമൊരു ഉപജീവന മാർഗം എന്നതിനേക്കാളുപരി അപരർക്കും പ്രയാസരഹിതമായ ഒരു അന്തരീക്ഷം എന്ന കാഴ്ചപാടുണ്ടാവുന്നത് ശരീഫിന് സ്വന്തം പിതാവിൽ നിന്നുമാണ്.
നാട്ടിലെ അയൽപക്കങ്ങളിലെ സൗന്ദര്യപിണക്കങ്ങളിലും, വാണിജ്യവ്യാഭാര മേഖലകളിൽ രൂപം കൊള്ളുന്ന തർക്കങ്ങളിലും, കുടുംബങ്ങളിൽ സംഭവിക്കുന്ന അഭിപ്രായവിത്യാസങ്ങളിലും ഇടപെട്ട് തീർപ്പ് കൽപിക്കുന്ന സ്വന്തം പിതാവ് വില്യാപ്പള്ളി കോറോത്ത് പോക്കർ ഹാജിയിൽ നിന്നും പകർന്നുകിട്ടിയ അനുഭവസമ്പത്താണ് ബഹ്‌റൈനിലെ മുഖ്യധാര മധ്യസ്ഥൻ്റെ രൂപത്തിലേക്ക് ശരീഫിനെ എത്തിക്കുന്നത്. മാതാവ് ആയിശ ഹജ്ജുമ്മയിൽ നിന്നും മാതൃകയായി ലഭിച്ച കൃത്യനിഷ്ഠയും ഇത്തരം കാര്യങ്ങളിൽ മുതൽകൂട്ടായി. തർക്കങ്ങളും, അഭിപ്രായവിത്യാസങ്ങളും ഏതുമാവട്ടെ ഇരുകൂട്ടർക്കും പ്രയാസരഹിതമായ തീരുമാനം കൈകൊള്ളുന്നതിൽ ശരീഫിനുള്ള പ്രാവീണ്യം അനുഭവസ്ഥർ ഉദ്ധരിക്കാറുണ്ട്. നാല്പത് വർഷത്തെ സുദീർഘമായ പ്രവാസത്തിന് വിരാമംകുറിച്ചാണ് 2026 മെയ് 22ന് അദ്ദേഹം സ്വദേശമായ വില്ല്യാപ്പള്ളിയിലേക്ക് യാത്ര തിരിക്കുന്നത്. പ്രവാസജീവിതത്തിന്‍റെ തുടക്കം 1986 ജനുവരി 2നാണ് കോഴിക്കോട് വില്ല്യാപ്പള്ളി സ്വദേശിയായ ശരീഫ് പ്രവാസജീവിതത്തിന് തുടക്കം കുറിച്ച് ബഹ്‌റൈനിൽ എത്തുന്നത്.
വിദ്യാർത്ഥിയായിരിക്കുമ്പോൾ എം.എസ്.എഫിലൂടെ ലഭ്യമായ രാഷ്ട്രീയബോധവും, യുവത്വത്തിൻ്റെ മനക്കരുത്തും, ഇതിലൂടെയൊക്കെ ആർജിച്ചെടുത്ത ആത്മവിശ്വാസത്തിലും മനസ്സുറപ്പിച്ച് തിരഞ്ഞെടുത്ത പ്രവാസജീവിതവും അതിനിടയിൽ കാഴ്ചവെച്ച പൊതുജീവിതവും ശരീഫിലൂടെ ബഹ്‌റൈനിലും അടയാളപ്പെടുത്തുകയായിരുന്നു. വന്നകാലം തൊട്ട് നാല്പത് വർഷവും ശരീഫ് താമസിച്ചത് മുഹറഖിലായിരുന്നു. അതുകൊണ്ട് തന്നെ മുഹറഖുമായി ഒരു അഭേദ്യമായ ബന്ധം ഇന്നും ശരീഫ് കാത്തുസൂക്ഷിക്കുന്നു. പ്രവാസത്തിലെ സ്വപ്നങ്ങളെ മനസ്സിൽ താലോലിച്ച് ബഹ്‌റൈനിൽ വിമാനം ഇറങ്ങിയ ശരീഫ് ആദ്യത്തെ ഒരു വർഷം മിനാസൽമയിൽ ഒരു സ്‌റ്റോറേജ് കമ്പനിയിൽ ജോലി ചെയ്തു. 1987ലാണ് ബഹ്‌റൈൻ പോലീസിൽ ചേരുന്നത്.
അന്നുതൊട്ട് ഇന്നുവരെയുള്ള 39 വർഷവും ശരീഫ് സേവനമനുഷ്ഠിച്ചത് ബഹ്‌റൈൻ പോലീസിൽ തന്നെയായിരുന്നു. ഇത്രയും സുദീർഘമായ ഒരു കാലഘട്ടം ബഹ്റൈൻ ഗവൺമെൻ്റിനെ സേവിക്കാൻ സാധിച്ചതിലും, ആത്മസംതൃപ്‌തിയോടെ സേവനം ചെയ്യാൻ സാധിച്ചതിലും മിനിസ്റ്റർ ഓഫ് ഇൻ്റീരിയൽ ഡിപ്പാർട്ടുമെൻ്റിനോടും, ബഹ്‌റൈൻ ഗവൺമെൻ്റിനോടുമുള്ള നന്ദിയും കടപ്പാടും ശരീഫ് പ്രത്യേകം സ്മരിക്കുകയാണ്. ജോലിയിൽ പ്രവേശിച്ച് രണ്ടര വർഷത്തിന് ശേഷം 1989ൽ ലഭിച്ച അവധിയിലാണ് ആദ്യാമായി നാട്ടിൽ പോവുന്നത്. തിരിച്ച് വന്നശേഷം രണ്ടാമത്തെ അവധിയിൽ പോയശേഷം 1993 ഏപ്രിൽ 29 നായിരുന്നു വിവാഹം. പൊതുപ്രവർത്തന രംഗത്തെ
നിറസാന്നിധ്യം മനാറുൽ ഹുദ മദ്രസ ഉൾപ്പെടുന്ന സ്വന്തം മഹല്ല് ജമാഅത്തിന്റെ ബഹ്‌റൈൻ ചാപ്റ്റർ ഭാരവാഹിയായാണ് ശരീഫ് തന്റെ പൊതുപ്രവർത്തനം തുടങ്ങിയത്. പിന്നീട് ഇതിന്റെ ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കേരളത്തിലെ വലിയ മഹല്ല് കൂട്ടായ്മകളിലൊന്നായ വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ബഹ്‌റൈൻ ചാപ്റ്ററിന്റെ സെക്രട്ടറിയായും, നാട്ടിലേക്ക് മടങ്ങുന്നത് വരെ അതിന്റെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. കൂടാതെ, 'തണൽ' ബഹ്‌റൈൻ ചാപ്റ്ററിന്റെ സ്ഥാപകാംഗവും വില്ല്യാപ്പള്ളി യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. നാട്ടിൽ നിന്നു ലഭിച്ച രാഷ്ട്രീയബോധം ശരീഫിനെ കെ.എം.സി.സി ബഹ്‌റൈന്റെ നേതൃനിരയിലേക്ക് എത്തിച്ചു.
വില്ല്യാപ്പള്ളി പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റായി തുടങ്ങിയ അദ്ദേഹം, കോഴിക്കോട് ജില്ല കമ്മിറ്റിയുടെ സെക്രട്ടറിയായും പിന്നീട് വൈസ് പ്രസിഡന്റായും ചുമതലയേറ്റു. മികച്ച ഈ പ്രവർത്തന മികവോടെയാണ് 2023ൽ രൂപീകരിച്ച കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റിയിൽ സഹകാര്യദർശിയായി ശരീഫ് തിരഞ്ഞെടുക്കപ്പെട്ടത്. ക്രിയാത്മകമായി തൻ്റെ പ്രവാസജീവിതം അടയാളപ്പെടുത്താൻ കഴിഞ്ഞു എന്ന കൃത്യമായ ആത്മവിശ്വസത്തിലാണ് ശരീഫ് പ്രവാസത്തോട് വിടചൊല്ലുന്നത്. അഗാധമായ വിടവുപോലെ ആത്മബന്ധങ്ങളെയും, സ്‌നേഹകൂട്ടായ്മകളെയും വേർപിരിയുന്ന ദുഃഖം ബാക്കി നിൽക്കുന്നുവെങ്കിലും സഹധർമിണി ജസ്‌രിക്കും മക്കൾ ശഫ്നക്കും, ഹന്നക്കും, ആയിശ മിൻഹക്കുമൊപ്പമുള്ള ശിഷ്‌ടജീവിതം എന്ന സന്തോഷത്തിലാണ് ശരീഫ് ബഹ്‌റൈനോട് വിട പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

