സഖീറിലെ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ പുരോഗതി വിലയിരുത്തി
text_fieldsസഖീറിലെ ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ നിർമാണ പുരോഗതി എസ്.എൽ.ആർ.ബി ചെയർമാനും മന്ത്രിയും വിലയിരുത്തുന്നു
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന വികസന പ്രക്രിയയുടെ ഭാഗമായി ബഹ്റൈൻ കൈവരിച്ച കുതിപ്പ് ശ്രദ്ധേയമാണെന്ന് സർവേ ആൻഡ് ലാൻഡ് രജിസ്ട്രേഷൻ ബ്യൂറോ (എസ്.എൽ.ആർ.ബി) ചെയർമാൻ ശൈഖ് സൽമാൻ ബിൻ അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.
റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ എല്ലാ മേഖലകളിലും നിക്ഷേപം ആകർഷിക്കുന്നതിനുള്ള പ്രമുഖ ബിസിനസ് ഹബ് എന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനം ഉയർത്തുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള സർക്കാറിന്റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.
സഖീറിൽ നിർമാണം പൂർത്തിയാകുന്ന ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ ടൂറിസം മന്ത്രി ഫാത്തിമ ബിൻ ജാഫർ അൽ സൈറാഫിക്കൊപ്പം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വലിയ പരിപാടികളും ആഘോഷങ്ങളും മറ്റും സംഘടിപ്പിക്കുന്നതിനാവശ്യമായ ഷോറൂമുകൾ, കോൺഫറൻസ് ഹാളുകൾ, മീറ്റിങ് റൂമുകൾ തുടങ്ങിയവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നവംബർ 22ന് നടക്കുന്ന ബഹ്റൈൻ റിയൽ എസ്റ്റേറ്റ് എക്സിബിഷൻ, ജ്വല്ലറി അറേബ്യ എക്സിബിഷൻ എന്നിവക്ക് ബഹ്റൈൻ ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്റർ വേദിയാകും.
ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിന് സമീപം 2,78,900 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് നിർമിക്കുന്ന പദ്ധതിയുടെ തുടർനടപടികൾക്കായി ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രമുഖ നിക്ഷേപ, ടൂറിസം കേന്ദ്രമാക്കി രാജ്യത്തെ മാറ്റുന്ന തരത്തിലാണ് എക്സിബിഷൻ സെന്റർ രൂപകൽപന ചെയ്തിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.