നാട്ടിലെത്തുന്നവർക്ക് രണ്ടാഴ്ചത്തെ ക്വാറൻറീൻ നിബന്ധന ഒഴിവാക്കണം –ബി.കെ.എസ്
text_fieldsമനാമ: നാട്ടിലെത്തുന്ന മലയാളികൾ രണ്ടാഴ്ച ക്വാറൻറീൻ നിർബന്ധമാണെന്ന സർക്കാർ നിബന്ധന പിൻവലിക്കണമെന്ന് ബഹ്റൈൻ കേരളീയ സമാജം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു. നിലവിലെ നിബന്ധന അടിയന്തരാവശ്യങ്ങൾക്ക് ചുരുങ്ങിയ അവധിക്ക് നാട്ടിലെത്തുന്നവർക്ക് ദുരിതമുണ്ടാക്കുന്നു.
വിവിധ പരീക്ഷകൾ, ഇൻറർവ്യൂ, കല്യാണം, അടിയന്തര കുടുംബ സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്ക് എത്തുന്നവർ രണ്ടാഴ്ച ക്വാറൻറീനിൽ കഴിഞ്ഞാൽ അവരുടെ ഭാവി അവതാളത്തിലാകുന്ന അവസ്ഥയാണ്. ബഹ്റൈനിൽ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിലും കർശന ആരോഗ്യ നിബന്ധനകൾ പാലിക്കുന്നതിനാലും വാക്സിനേഷൻ തുടങ്ങിയതിനാലും കേരളത്തിലെ ക്വാറൻറീൻ നിബന്ധനയിൽ ഇളവുവരുത്തണം.
ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് തിരിക്കുന്നവർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ ടെസ്റ്റ് നടത്തുന്നുണ്ട്. മുഖ കവചം ഉൾപ്പെടെ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചാണ് യാത്രചെയ്യുന്നത്. കേരളത്തിൽ എത്തിയാലും പി.സി.ആർ ടെസ്റ്റിന് വിധേയരാകുന്നു.
നിലവിൽ ബഹ്റൈനിൽ എത്തുന്നവർക്ക് പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവാണെങ്കിൽ ഉടനെ ഡ്യൂട്ടിക്ക് ഹാജരാകാൻ അനുമതി നൽകുന്നുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

