ആലേഖ് 2024 ചിത്രരചനാ മത്സരത്തിന് ആവേശകരമായ പ്രതികരണം
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ ഒരുക്കുന്ന ആലേഖ് 2024 ചിത്രരചനാ മത്സരത്തിനുള്ള രജിസ്ട്രേഷന് വിവിധ സ്കൂളുകളിൽനിന്ന് മികച്ച പ്രതികരണം ലഭിച്ചുവരുന്നു. ജൂൺ 14നാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ നടക്കുന്ന മത്സരത്തിൽ അമ്പതിലേറെ സ്കൂളുകളിൽനിന്നായി ആയിരത്തോളം മത്സരാർഥികൾ ഇതിനകം രജിസ്റ്റർ ചെയ്തു. വരും വർഷങ്ങളിൽ ഇന്ത്യൻ സ്കൂളിന്റെ അക്കാദമിക് കലണ്ടറിലെ സുപ്രധാന ഇനമായിരിക്കും ആലേഖ് എന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വിവിധ സ്കൂളുകളിൽനിന്നായി വിദ്യാർഥികളും മുതിർന്ന കലാകാരന്മാരും ഉൾപ്പെടെ 2500 പേരെയാണ് മത്സരത്തിന് പ്രതീക്ഷിക്കുന്നത്. സ്കൂളുകൾ വിപുലമായ പങ്കാളിത്തം ഉറപ്പാക്കി വിദ്യാർഥികളെ മത്സരത്തിന് നാമനിർദേശം ചെയ്യണമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആവശ്യമായ അംഗീകാരം പരിപാടിക്ക് ലഭിച്ചു കഴിഞ്ഞതായി സ്കൂൾ അധികൃതർ പറഞ്ഞു. ചിത്രകലയെ പരിപോഷിപ്പിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കളോട് അഭ്യർഥിച്ചു. 5 മുതൽ 18 വരെ പ്രായപരിധിയിലുള്ള സ്കൂൾ വിദ്യാർഥികൾക്കും 18 നു മുകളിലുള്ള മുതിർന്ന കലാകാരന്മാർക്കും മത്സരത്തിൽ പങ്കെടുക്കാം. രജിസ്ട്രേഷൻ സൗജന്യമായിരിക്കും. രജിസ്ട്രേഷനുള്ള അവസാന ദിവസം ജൂൺ 10 ആണ്.
സ്കൂളുകൾക്ക് ടീമുകളായി ‘ഹാർമണി’ എന്ന വിഭാഗത്തിലും പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും. ഈ മത്സരം 12-18 പ്രായമുള്ള വിദ്യാർഥികൾക്കിടയിൽ കൂട്ടായ്മയെയും സർഗാത്മകതയെയും വളർത്തുന്നു. ചിത്രകലോത്സവത്തിന്റെ സമാപനം അവാർഡ് ദാനത്തോടെ വൈകുന്നേരം സമാപിക്കും.
വിജയികളെ അന്നുതന്നെ പ്രഖ്യാപിക്കുകയും തിരഞ്ഞെടുത്ത കലാസൃഷ്ടികൾ സ്കൂൾ മേളയിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ബഹ്റൈനിലെ വളർന്നുവരുന്ന കലാകാരന്മാരുടെ ഒത്തുചേരലിനും കലാസാക്ഷാത്കാരത്തിനും ഇന്ത്യൻ സ്കൂൾ വേദിയൊരുക്കും. എല്ലാ കലാസ്നേഹികളെയും രക്ഷിതാക്കളെയും കമ്യൂണിറ്റി അംഗങ്ങളെയും സ്നേഹപൂർവം ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സ്കൂൾ അധികൃതർ പറഞ്ഞു. isbart@indianschool.bh എന്ന വിലാസത്തിലും എൻട്രികൾ അയക്കാം.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനും ദയവായി 39152628, 39804126, അല്ലെങ്കിൽ 36111670 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

