സമസ്ത സ്മാർട്ട് സ്കോളർഷിപ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
text_fieldsസമസ്ത സ്മാർട്ട് സ്കോളർഷിപ് പരീക്ഷയിൽ വിവിധ റാങ്കുകൾ കരസ്ഥമാക്കിയ മൻഹ ഫാത്തിമ, മിസ്ന ഫാത്തിമ, ഇഷ മെഹ്റിൻ, മാഹിറ ഫാത്തിമ
മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് കേരളം, തമിഴ്നാട്, കര്‍ണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ മദ്റസാ വിദ്യാർഥികള്‍ക്ക് വേണ്ടി 2025 നവംബര്‍ 29ന് നടത്തിയ സ്മാര്‍ട്ട് സ്കോളര്‍ഷിപ് മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്രിലിമിനറി, മെയിന്‍ എന്നീ രണ്ട് ഘട്ടങ്ങളിലാണ് പരീക്ഷ സംഘടിപ്പിച്ചത്. മൂന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 1,22,500 കുട്ടികള്‍ പ്രിലിമിനറി പരീക്ഷയില്‍ പങ്കെടുത്തു.
ഫൈനൽ പരീക്ഷ എഴുതിയവരിൽനിന്ന് 9520 വിദ്യാർഥികൾ സ്കോളർഷിപ്പിന് അർഹരായി. ഒ.എം.ആർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷയില്‍ 3200 സെന്ററുകളിലായി 3500 ഇന്‍വിജിലേറ്റര്‍മാരും 3200 ചീഫ് എക്സാമിനര്‍മാരും 220 ഡിവിഷന് സൂപ്രണ്ടുമാരും പരീക്ഷ നടത്തിപ്പിന് നേതൃത്വം നല്കി. കമ്പ്യൂട്ടറൈസ്ഡ് വാല്വേഷന് സിസ്റ്റത്തില്‍ ഒരാഴ്ചകൊണ്ട് മൂല്യനിര്‍ണയം പൂര്‍ത്തീകരിച്ചു. കാരന്തൂര്‍ മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് റാങ്ക് ജേതാക്കളുടെയും സ്കോളര്‍ഷിപ്പിന് അര്‍ഹരായവരുടെയും പേരുവിവരങ്ങള്‍ പ്രഖ്യാപിച്ചു.
ബഹ്റൈൻ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ മജ്മഉത്തഅ് ലീമിൽ ഖുർആൻ വിദ്യാർഥികളായ മിസ്ന ഫാത്തിമ (രിഫ), മൻഹ ഫാത്തിമ (രിഫ) എന്നിവർ മൂന്നാം റാങ്കും ഇഷ മെഹ്റിൻ റിയാസ് (ഉമ്മുൽ ഹസം), മാഹിറ ഫാത്വിമ (രിഫ) അഞ്ചാം റാങ്കും കരസ്ഥമാക്കി ഉന്നത വിജയം നേടി.
വിജയികളെ സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ ബഹ്റൈൻ റേഞ്ച് കമ്മിറ്റിയും ഐ.സി.എഫ് ബഹ്റൈൻ മോറൽ എജുക്കേഷൻ ഡിപ്പാർട്മെന്റും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

