തൊഴിലവസരം തെരഞ്ഞെടുക്കുന്നതിൽ പൂർണ സുതാര്യത ഉറപ്പാക്കുന്നു -നിയമകാര്യ മന്ത്രി
text_fieldsനിയമകാര്യ മന്ത്രി യൂസഫ് ഖലഫ്
മനാമ: ബഹ്റൈനിലെ ദേശീയ തൊഴിൽ പ്ലാറ്റ്ഫോം പൂർണ സുതാര്യതയോടെയാണ് പ്രവർത്തിക്കുന്നതെന്നും ഉദ്യോഗാർഥികൾ തങ്ങളുടെ യോഗ്യതകൾക്ക് അനുയോജ്യമായ അവസരങ്ങൾ സ്വയം തെരഞ്ഞെടുക്കുകയാണെന്നും നിയമകാര്യ മന്ത്രിയും ആക്ടിങ് തൊഴിൽ മന്ത്രിയുമായ യൂസഫ് ഖലഫ് വ്യക്തമാക്കി.
തൊഴിൽ നടപടികൾ, ബഹ്റൈനൈസേഷൻ നയങ്ങൾ, വേതനസംരക്ഷണം, ഓരോ ഉദ്യോഗാർഥിക്കും മൂന്ന് തൊഴിലവസരങ്ങൾ നൽകാനുള്ള രാജകീയ നിർദേശത്തിന്റെ നടപ്പാക്കൽ എന്നിവ സംബന്ധിച്ച് പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ച ആറ് ചോദ്യങ്ങൾക്ക് വിശദമായ മറുപടി നൽകുകയായിരുന്നു മന്ത്രി. ഉദ്യോഗാർഥികളെ മന്ത്രാലയം നോമിനേറ്റ് ചെയ്യുകയോ അതിനായി ഫോണിൽ ബന്ധപ്പെടുകയോ ചെയ്യുന്നില്ല. ദേശീയ തൊഴിൽ പ്ലാറ്റ്ഫോം വഴി ഉദ്യോഗാർഥികൾക്ക് അവരുടെ യോഗ്യതകൾ, മുൻഗണനകൾ, പരിചയം എന്നിവയുമായി പൊരുത്തപ്പെടുന്ന ഒഴിവുകൾ തെരഞ്ഞെടുക്കാമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, തൊഴിലുടമകൾ ഒഴിവുകൾ നേരിട്ട് പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യും. തുടർന്ന്, മന്ത്രാലയം ശമ്പള നിലവാരം, യോഗ്യതകൾ, ജോലി വിശദാംശങ്ങൾ എന്നിവ പരിശോധിച്ച് അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഉദ്യോഗാർഥികൾക്കായി പ്രദർശിപ്പിക്കൂ.
ശമ്പളം, ജോലി, യോഗ്യത, സ്ഥലം, ജോലി സമയം, വസ്ത്രധാരണ രീതി എന്നിവ ഉൾപ്പെടെ എല്ലാ മാനദണ്ഡങ്ങളും ഓരോ ഒഴിവിലും ഉൾപ്പെടുത്തുന്നതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർഥികൾക്ക് പൂർണമായ വ്യക്തത ലഭിക്കും.
രജിസ്റ്റർ ചെയ്ത ഓരോ ഉദ്യോഗാർഥിക്കും ഈ വർഷം അവസാനത്തോടെ കുറഞ്ഞത് മൂന്ന് ജോലി അഭിമുഖങ്ങളെങ്കിലും ലഭ്യമാക്കാനുള്ള പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശം മന്ത്രാലയം നടപ്പാക്കുന്നുണ്ടെന്നും മന്ത്രി സ്ഥിരീകരിച്ചു. മൂന്ന് അഭിമുഖങ്ങൾ എന്നത് ഏറ്റവും കുറഞ്ഞ കണക്കാണ്.
ഒരു ഉദ്യോഗാർഥിക്ക് അപേക്ഷിക്കാവുന്ന അവസരങ്ങളുടെ എണ്ണത്തിന് പരിധിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിലുടമകൾ കൃത്യസമയത്ത് അംഗീകൃത ബാങ്കിങ് ചാനലുകൾ വഴി ജീവനക്കാർക്ക് ശമ്പളം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം, എൽ.എം.ആർ.എ, സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ എന്നിവയുടെ സംയുക്ത ഇലക്ട്രോണിക് നിരീക്ഷണ സംവിധാനവും തൊഴിൽ സേവനങ്ങൾ, അഭിമുഖ ഫലങ്ങൾ, പരിശീലന പരിപാടികൾ, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾക്കായി ഒരു പ്രത്യേക പരാതിപരിഹാര സംവിധാനവും നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

