പെൻഷൻ ലഭിക്കാൻ വ്യാജരേഖ നിർമിച്ചു നൽകി; ജീവനക്കാരിക്ക് തടവും പിഴയും
text_fieldsമനാമ: പെൻഷൻ ലഭിക്കാനായി ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിച്ചു നൽകിയ ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരിക്ക് തടവും പിഴയും വിധിച്ച് കോടതി. ഹൈ ക്രിമിനൽ കോടതിയാണ് ഒരു വർഷം തടവും 1,000 ബഹ്‌റൈൻ ദിനാർ പിഴയും ശിക്ഷ വിധിച്ചത്. വ്യാജരേഖയും കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് കേസ് ആരംഭിച്ചത്. മന്ത്രാലയത്തിലെ മെഡിക്കൽ കമ്മിറ്റിയിൽ ജോലി ചെയ്തിരുന്ന പ്രതി ഒരു രോഗിയുടെ മെഡിക്കൽ റിപ്പോർട്ടിലാണ് കൃത്രിമം കാണിച്ചത്. രോഗിക്ക് ജോലി ചെയ്യാൻ കഴിയില്ലെന്നും അതിനാൽ വിരമിക്കാൻ അർഹനാണെന്നും റിപ്പോർട്ടിൽ വ്യാജമായി രേഖപ്പെടുത്തി.
തുടർന്ന് ഈ വ്യാജ റിപ്പോർട്ട് മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സിസ്റ്റത്തിൽ രേഖപ്പെടുത്തുകയും അംഗീകാരത്തിനായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലേക്ക് അയക്കുകയും ചെയ്തു. ഈ വ്യാജരേഖയുടെ അടിസ്ഥാനത്തിൽ വ്യക്തിക്ക് വിരമിക്കൽ പെൻഷൻ ലഭിക്കാൻ കാരണമായി.
പരാതി ലഭിച്ചതിനെ തുടർന്ന് പൊതു പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും ആരോഗ്യ മന്ത്രാലയത്തിലെയും സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷനിലെയും നിരവധി ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് വ്യാജരേഖാ നിർമാണത്തിൽ വിദഗ്ദ്ധനായ ഒരാൾ റിപ്പോർട്ട് പരിശോധിച്ച് അത് ജീവനക്കാരി വ്യാജമായി ഉണ്ടാക്കിയതാണെന്ന് സ്ഥിരീകരിച്ചു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ആദ്യം തടങ്കലിൽ വെച്ച പ്രതിയെ പിന്നീട് ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. കോടതിയാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

