ടയറിൽ കാറ്റ് നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ജീവനക്കാരൻ മരിച്ച സംഭവം; സൂപ്പർവൈസർക്ക് മൂന്ന് മാസം തടവ്
text_fieldsമനാമ: കാർ വർക്ക്‌ഷോപ്പിൽ ടയറിൽ കാറ്റ് നിറയ്ക്കുന്നതിനിടെ ടയർ പൊട്ടിത്തെറിച്ച് സഹായിയായ മെക്കാനിക്ക് മരിച്ച കേസിൽ, മേൽനോട്ടച്ചുമതലയുണ്ടായിരുന്ന സൂപ്പർവൈസർക്ക് ഹൈ ക്രിമിനൽ കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു.
കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. ടയറിൽ കാറ്റ് നിറയ്ക്കാൻ പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാലും, ഈ ജോലി ചെയ്യാൻ അനുവാദമില്ലാതിരുന്നിട്ടും, സ്വയം മുൻകൈയെടുത്ത് പ്രവർത്തിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. എന്നാൽ, തൊഴിലാളിയുടെ മരണത്തിൽ അശ്രദ്ധ കാണിച്ചതിന് വർക്ക്‌ഷോപ്പിലെ സൂപ്പർവൈസറായ ബഹ്‌റൈൻ പൗരനെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. 21 വയസ്സുള്ള പാകിസ്താനി പൗരനാണ് അപകടത്തിൽ മരിച്ചത്. മൃതദേഹം പാകിസ്താൻ എംബസി മുഖേന അദ്ദേഹത്തിന്റെ ജന്മനാടായ ആസാദ് കശ്മീരിലേക്ക് കൊണ്ടുപോയിരുന്നു.
ഫോറൻസിക് സംഘത്തോടൊപ്പം സ്ഥലത്തെത്തിയ മെഡിക്കൽ എക്സാമിനർ, രക്തത്തിൽ കുളിച്ചു നിലത്തു കിടക്കുന്ന തൊഴിലാളിയെ കണ്ടതായി കോടതിയിൽ മൊഴി നൽകി. ഇദ്ദേഹത്തിന്റെ നെറ്റിയിൽ വലിയ പരിക്കുണ്ടായിരുന്നുവെന്നും മെഡിക്കൽ എക്സാമിനർ അറിയിച്ചു. തൊഴിലാളിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനും, അപകടങ്ങളിൽനിന്ന് രക്ഷിക്കാൻ ആവശ്യമായ ഉപകരണങ്ങൾ നൽകാത്തതിനുമാണ് ബഹ്‌റൈനി സൂപ്പർവൈസർക്കെതിരെ കേസെടുത്തത്.
ആവശ്യമായ ഉപകരണങ്ങൾ നൽകിയിട്ടുണ്ടെന്നും, പരിശീലനം ലഭിക്കാത്ത ഇര സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവർത്തിച്ചതെന്നും മൊഴിനൽകിയ ഇയാൾ ആരോപണം നിഷേധിച്ചു. എന്നിരുന്നാലും, ഇത്തരം അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്ന 'വീൽ കേജ്' സംവിധാനം നൽകിയില്ലെന്ന് ഇയാൾ സമ്മതിച്ചു. അത് സ്ഥാപിക്കേണ്ടത് ഒരു ആവശ്യകതയാണെന്ന് അറിയില്ലായിരുന്നു എന്നും സൂപ്പർവൈസർ പറഞ്ഞു.
മേൽക്കോടതിയിൽ അപ്പീൽ നടപടികൾ തുടരുന്നതിനാൽ പ്രതിക്ക് 100 ദിനാറിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. നിരപരാധിത്വം തെളിയിക്കാൻ സാധിച്ചില്ലെങ്കിൽ മാത്രമേ ഇയാൾ ശിക്ഷ അനുഭവിക്കേണ്ടതുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

