അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടി; ആക്രമണത്തെ അപലപിച്ച് ബഹ്റൈൻ; ഖത്തറിന് ഐക്യദാർഢ്യം
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ
മനാമ: ദോഹയിൽ നടന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബഹ്റൈൻ. ഖത്തറിന്റെ പരമാധികാരത്തെയും സുരക്ഷയെയും സ്ഥിരതയെയും ലംഘിച്ചുകൊണ്ടുള്ള ഇസ്രായേലിന്റെ ദോഹയിലെ ആക്രമണത്തെയും ബഹ്റൈൻ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണ് ഈ ആക്രമണമെന്ന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രതിനിധി പറഞ്ഞു. ഗസ്സ മുനമ്പിലെ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, ഈ ആക്രമണം മേഖലയിലെ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ഗുരുതരമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമദ് രാജാവിനായി അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ആക്രമണത്തിൽ കൊല്ലപ്പെട്ട ഖത്തർ നാഷനൽ സെക്യൂരിറ്റി ഫോഴ്സിലെ അംഗത്തിന്റെ മരണത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും സർക്കാറിനും ഖത്തർ ജനതക്കും ഹമദ് രാജാവിന്റെ അനുശോചനം രേഖപ്പെടുത്തി. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം അവസാനിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി ഗസ്സയിലെ യുദ്ധം ഉടൻ അവസാനിപ്പിക്കണം, സാധാരണക്കാരെ സംരക്ഷിക്കണം, തടവുകാരെയും ബന്ദികളെയും ഉടൻ വിട്ടയക്കണം, ഗസ്സയിലെ ജനങ്ങൾക്ക് തടസ്സമില്ലാതെ മാനുഷിക സഹായമെത്തിക്കണം എന്നീ വിഷയങ്ങളിൽ ബഹ്റൈന്റെ ഉറച്ച നിലപാട് അദ്ദേഹം ആവർത്തിച്ചു.
അറബ് സമാധാന പദ്ധതിക്ക് അനുസൃതമായി ഇസ്രായേലിനൊപ്പം ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്ക് ഫലസ്തീൻ പ്രശ്നം ആവശ്യപ്പെടുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീൻ പ്രശ്നത്തിന് സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനും യു.എൻ പൊതുസഭ അംഗീകരിച്ച 'ന്യൂയോർക് പ്രഖ്യാപനത്തെ' ബഹ്റൈൻ സ്വാഗതം ചെയ്തു. സൗദി അറേബ്യയും ഫ്രാൻസും നടത്തുന്ന സമാധാന ശ്രമങ്ങളെയും ബഹ്റൈൻ പ്രശംസിച്ചു. ബഹ്റൈൻ സമാധാനത്തിന് പ്രതിജ്ഞാബദ്ധമായ ഒരു രാഷ്ട്രമാണെന്നും, സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിൽ എത്തിയ ശൈഖ് അബ്ദുല്ലയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

