ബഹ്‌റൈനിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി; നിർദേശവുമായി പാർലമെന്റ് അംഗം
text_fieldsമനാമ: ഖരമാലിന്യങ്ങളെ വൈദ്യുതിയായും വളമായും മാറ്റുന്ന പുതിയ പദ്ധതി പാർലമെന്റിൽ അവതരിപ്പിച്ച് എം.പി ഡോ. മുനീർ സുറൂർ. രാജ്യത്തെ മാലിന്യ സംസ്കരണത്തിൽ വിപ്ലവകരമായേക്കാവുന്ന ഈ നിർദേശം പരമ്പരാഗത ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം തടയാനും സഹായിക്കുമെന്ന് അദ്ദേഹം പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
ഓക്സിജന്റെ ലഭ്യതയില്ലാതെ ജൈവമാലിന്യങ്ങളെ വിഘടിപ്പിക്കുന്ന 'അനേറോബിക് ഡൈജഷൻ' രീതി കൂടുതൽ വ്യാപകമാക്കണമെന്നാണ് നിർദ്ദേശത്തിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ, ചാണകം, മലിനജല അവശിഷ്ടങ്ങൾ എന്നിവ ഈ രീതിയിലൂടെ ജൈവ ഗ്യാസ് ആക്കി മാറ്റാം. ഇത് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനോ ജൈവ ഇന്ധനമായോ ഉപയോഗിക്കാൻ സാധിക്കും. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മാതൃകയാക്കിയ ഈ രീതിയിലൂടെ മാലിന്യത്തിൽ നിന്ന് വലിയ നേട്ടങ്ങൾ കൊയ്യാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ വർഷം തോറും ഏകദേശം 213.3 ജിഗാവാട്ട് മണിക്കൂർ വൈദ്യുതിയും ജൈവ വളവും ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അറേബ്യൻ ഗൾഫ് യൂണിവേഴ്സിറ്റിയുടെ പഠനം വ്യക്തമാക്കുന്നു. കൂടാതെ, 5,36,000 ടൺ കാർബൺ ഡൈഓക്സൈഡിന് തുല്യമായ മലിനീകരണം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ്, മെയിന്റനൻസ് തുടങ്ങിയ മേഖലകളിൽ ബഹ്‌റൈനി പൗരന്മാർക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്. പദ്ധതി വിജയിപ്പിക്കുന്നതിനായി വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്ന രീതി നടപ്പിലാക്കേണ്ടതുണ്ടെന്നും എം.പി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

