സൗഹൃദം പകരുന്നതാകണം തെരഞ്ഞെടുപ്പുകൾ
text_fields
2005ലെ ഒരോർമ മനസ്സിൽ വീണ്ടും തെളിഞ്ഞുവരുന്നു. അന്ന് വോട്ടവകാശമില്ലാത്ത ഒരു സ്കൂൾ വിദ്യാർഥി മാത്രമായിരുന്നു ഞാൻ. പഴയ പുഴാതി പഞ്ചായത്തിലെ (ഇന്നത് കണ്ണൂർ കോർപറേഷന്റെ ഭാഗമാണ്) കണ്ണൂർ കക്കാട് ശാദുലിപ്പള്ളി മദ്റസയിലായിരുന്നു ആ രംഗം. അന്നത്തെ യു.ഡി.എഫ് സ്ഥാനാർഥി ഷംനയും എൽ.ഡി.എഫ് സ്ഥാനാർഥി വികാസനുമായിരുന്നു എതിരാളികൾ. ആവേശകരമായ വാദപ്രതിവാദങ്ങൾക്കും പ്രചാരണങ്ങൾക്കുമിടയിൽ, വോട്ടെടുപ്പ് ദിവസം സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർ ഒരുമിച്ചുനിന്ന് ചായ കുടിക്കുന്നത് ഞാൻ കണ്ടു. ഒരു സ്ഥാനാർഥി മറു സ്ഥാനാർഥിക്ക് സ്വന്തം ഫ്ലാസ്കിൽനിന്ന് ചായ ഒഴിച്ചുനൽകുകയും ചെയ്തു.
അതും നമ്മുടെ ജനാധിപത്യത്തിന്റെ തനിമയാണ്, ആ ഗ്രാമത്തിന്റെ സൗന്ദര്യമാണ്. ഈ സംഭവം ശാദുലിപ്പള്ളിയിൽ മാത്രം ഒതുങ്ങുന്നില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം, നമ്മുടെ രാജ്യത്തെ പലയിടങ്ങളിലും ഇത്തരം സൗഹൃദനിമിഷങ്ങൾ നടക്കുന്നുണ്ടാവാം. രാഷ്ട്രീയത്തെ നന്മക്കായി കണ്ട്, രാഷ്ട്രത്തിന്റെ ഉന്നതിക്ക് ഉപയോഗിക്കാൻ ശ്രമിക്കുക എന്നതാണ് ഏറ്റവും വലിയ നന്മ. അതോടൊപ്പം മനുഷ്യബന്ധങ്ങളെ മികച്ച നിലയിൽ വിലമതിക്കുകയും ചെയ്താൽ ഈ സൗഹൃദം എന്നും നിലനിൽക്കും.
തെരഞ്ഞെടുപ്പ് വരും, അതിൽ ജയവും തോൽവിയുമുണ്ടാകും. പക്ഷേ, ഈ ജയപരാജയങ്ങൾക്കപ്പുറത്ത് നമ്മൾ കാത്തുസൂക്ഷിക്കുന്ന ആ സൗഹൃദമാണ്, ആ സ്നേഹബന്ധമാണ് നമ്മുടെ ജനാധിപത്യത്തെ ഇത്രമേൽ സുന്ദരമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

