കോളജ് രാഷ്ട്രീയത്തിൽനിന്ന് മൊട്ടിട്ട പ്രണയം ബഹ്റൈൻ പ്രവാസി ദമ്പതികൾക്ക് തെരഞ്ഞെടുപ്പ് കാലം മധുരസ്മരണ
text_fieldsമനാമ: പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബഹ്റൈൻ പ്രവാസി ദമ്പതികൾക്ക് രാഷ്ട്രീയ വൈരുധ്യങ്ങൾക്കിടയിലും തളിർത്ത പ്രണയത്തിന്റെ ഓർമ. ബഹ്റൈൻ പ്രവാസി ദമ്പതികളായ രാകേഷ് രാജപ്പന്റെയും സുവിത രാകേഷിന്റെയും കോളജ് രാഷ്ട്രീയത്തിൽനിന്ന് മൊട്ടിട്ട പ്രണയകഥ ശരിക്കും കൗതുകകരമാണ്. രണ്ടു പേരുടെയും മാതാപിതാക്കൾ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കളും ജനപ്രതിനിധികളും ആയിരുന്നു.
രാകേഷിന്റെ പിതാവ് കെ.ആർ. രാജപ്പൻ കോൺഗ്രസ്, എസ്.എൻ.ഡി.പി എന്നീ പാർട്ടികളുടെ വക്താവായും സുവിതയുടെ മാതാവ് വിജയമ്മ സുശീലൻ സി.പി.എം പാർട്ടിയിലുമായിരുന്നു. ചെങ്ങന്നൂർ എസ്.എൻ കോളജിൽ പഠിക്കുന്ന കാലത്ത് രാകേഷ് കെ.എസ്.യുവിന്റെ സജീവ പ്രവർത്തകനും സുവിത എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകയും ആയിരുന്നു. വിരുദ്ധ രാഷ്ട്രീയ ചേരികളിൽ ആയിരുന്നെങ്കിലും രാഷ്ട്രീയരംഗത്തെ പരിചയവും അടുപ്പവും പ്രണയത്തിലേക്ക് വഴിമാറി. പ്രീഡിഗ്രി കഴിഞ്ഞു ഡിഗ്രി പഠനത്തിന് ചേർന്ന ഉടനെ രാകേഷിന് ജോലി കിട്ടി ബഹ്റൈനിൽ എത്തി. പിന്നീട് നാട്ടിലെത്തി സുവിതയെ വിവാഹം കഴിച്ചു. 28 വർഷമായി രാകേഷിനൊപ്പം സുവിതയും ബഹ്റൈനിലുണ്ട്. വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതി എങ്ങനെ പരസ്പര ബഹുമാനത്തോടെ ഒരു കുടുംബത്തിൽ കൊണ്ടുപോകാം എന്നതിന് ഉദാഹരണമാണ് ഈ ദമ്പതികൾ.
ഇവരുടെ മക്കളായ സൗരവ് രാകേഷും രാഖി രാകേഷും പ്ലസ് ടു വരെ ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിലാണ് പഠിച്ചത്. സൗരവ് രാകേഷ് ഇപ്പോൾ ബഹ്‌റൈൻ പോലീസ് മീഡിയയിൽ ജോലി ചെയ്യുന്നു. സൗരവിന്റെ ഇഷ്ട്ട മേഖല സിനിമയാണ്. സൗരവ് സംവിധാനവും ഛായഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ച "ദി ലോസ്റ്റ് ലാമ്പ്" എന്ന സിനിമ ബഹ്‌റൈനിലെ തിയറ്ററുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായിരുന്ന രാഖി, ബഹ്റൈനിലെ യുവജനോത്സവങ്ങളിൽ "നാട്യരത്ന" ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. പ്രഫഷണൽ നർത്തകിയും നൃത്ത സംവിധായകയുമായ രാഖി ഇപ്പോൾ ബാംഗ്ലൂരിൽ സ്വന്തമായി ഡാൻസ് സ്കൂൾ നടത്തുന്നു. കൂടാതെ സിനിമകളിലും മ്യൂസിക് ആൽബങ്ങളിലും പരസ്യ ചിത്രങ്ങളിലും മോഡലിങ് രംഗത്തും സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

