ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം; വിജയാഘോഷത്തിൽ ബഹ്റൈൻ പ്രവാസികളും
text_fieldsമനാമ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പ്രവാസി സ്ഥാനാർഥികളുടെ വിജയാഘോഷത്തിൽ ബഹ്റൈൻ പ്രവാസികളും. രാഷ്ട്രീയ കേരളത്തിന്റെ ചരിത്രഗതിയിൽ നിർണായകമായേക്കാവുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോരോട്ടം കുറിച്ചെങ്കിലും വിവിധ പാർട്ടികളെ പ്രതിനിധാനം ചെയ്ത് മത്സരിച്ച പ്രവാസികളുടെ വിജയത്തിൽ രാഷ്ട്രീയ ഭേദമന്യേയാണ് മലയാളികൾ ആഘോഷിക്കുന്നത്.
ബഹ്റൈനിലെ പ്രമുഖ സംഘടനകളായ ഒ.ഐ.സി.സി, പ്രതിഭ, കെ.എം.സി.സി, നവകേരള, ഐ.വൈ.സി.സി, പ്രവാസി വെൽഫെയർ എന്നിവയിൽ പ്രവർത്തിച്ചു പരിചയമുള്ള നിലവിൽ പ്രവാസികളായി തുടരുന്നവരും മുൻ പ്രവാസികളുമായ 20 ഓളം പേരാണ് മത്സര രംഗത്തിറങ്ങിയിരുന്നത്.
കനത്ത പോരാട്ടത്തിനിടയിലും ഒമ്പതു പേർ മികച്ച വിജയം കരസ്ഥമാക്കി. തന്ത്രങ്ങൾ മെനഞ്ഞും കളം നിറഞ്ഞും നാട്ടുപോരിന് ഇറങ്ങിയ പ്രവാസിനേതാക്കളെ ജനങ്ങൾ കാര്യമായിത്തന്നെ പരിഗണിച്ചിട്ടുണ്ടെന്നതിന് തെളിവുകൂടിയാണിത്.
സലാം മമ്പാട്ടുമൂല,അലി കൊയിലാണ്ടി,ശിഹാബ്,വി.എസ്, മോഹനൻ നിലമ്പൂർ,മോഹൻ കുമാർ,വിനീത് കുമാർ,യാസർ പൊട്ടച്ചോല
വിജയ ഭേരി വരിച്ചവർ
മലപ്പുറം വണ്ടൂർ ചോക്കാട് പഞ്ചായത്തിലെ മമ്പാട്ട് മൂല 18ാം വാർഡിൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി മത്സരിച്ച ബഹ്റൈൻ കെ.എം.സി.സിയുടെ അമരക്കാരൻ സലാം മമ്പാട്ടുമൂലയാണ് ബഹ്റൈൻ പ്രവാസികളിൽ വിജയിച്ചവരിൽ പ്രധാനി. നിലവിൽ മനാമ സെൻട്രൽ മാർക്കറ്റ് കെ.എം.സി.സിയുടെ പ്രസിഡന്റാണ് സലാം. മുൻ ബഹ്റൈൻ പ്രവാസിയും സംസ്ഥാന കെ.എം.സി.സി ഭാരവാഹിയുമായ സി.പി. അലി (അലി കൊയിലാണ്ടി) കൊയിലാണ്ടി ചെങ്ങോട്ടുകാവ് 18ാം വാർഡിൽനിന്ന് ജയിച്ചു.
കൂടാതെ മലപ്പുറം നിലമ്പൂർ മുനിസിപ്പാലിറ്റി 27ാം ഡിവിഷനിൽ ഇത്തവണ അങ്കത്തിനിറങ്ങിയ ബഹ്റൈൻ ജിദാലി കെ.എം.സി.സിയുടെ അമരക്കാരനായ ശിഹാബ് നിലമ്പൂരും വിജയിച്ചതോടെ മത്സര രംഗത്തിറങ്ങിയ മൂന്നുപേരും ജയിച്ച ഖ്യാതി കെ.എം.സി.സിക്കുണ്ട്. ആലപ്പുഴ നൂറനാട് ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ജനവിധി തേടിയ ഒ.ഐ.സി.സി ആലപ്പുഴ ജില്ല പ്രസിഡന്റ് മോഹൻ കുമാറാണ് മറ്റൊരു വിജയി. ബഹ്റൈൻ പ്രതിഭയുടെ നേതാക്കളും പ്രവർത്തകരും ആയിരുന്ന കെ. മോഹൻദാസ് (പന്തളം നഗരസഭ), വിനീത് കുമാർ (ആയഞ്ചേരി ഗ്രാമപഞ്ചായത്ത്) എന്നിവരും വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥിയായി തിരൂർ മുൻസിപ്പാലിറ്റി 35ആം വാർഡിൽ നിന്ന് മത്സരിച്ച ബഹ്റൈൻ മുൻ പ്രവാസിയായിരുന്ന യാസർ പൊട്ടച്ചോല തിരഞ്ഞെടുക്കപ്പെട്ടു.
തെക്കേക്കര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച വി.എസ് മോഹനൻ ബഹ്റൈൻ പ്രതിഭയുടെ മുൻ അനുഭാവിയായിരുന്നു. എൽ.ഡി.എഫിലെ ഘടക കക്ഷിയായ സി.പി.ഐയുടെ ജനപ്രിയ നേതാവും നവകേരള ഹൂറ, മുഹറഖ് മേഖല മുൻ സെക്രട്ടറിയും എക്സിക്യൂട്ടിവ് അംഗവുമായ എം.എ. സഗീറും പാറക്കടവ് ബ്ലോക്ക് പഞ്ചായത്തിലെ ശ്രീമൂലനഗരം വെസ്റ്റ് ഡിവിഷനിൽ നിന്ന് മത്സരിച്ച് ജയിച്ചു കയറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.














